കണ്ണൂർ: ഹയർ സെക്കൻഡറി പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനതല വിജയശതമാനത്തിൽ കണ്ണൂരിന് വീണ്ടും ഒന്നാംസ്ഥാനം. 87.22 ശതമാനം നേടിയാണ് ജില്ല തിളക്കമാർന്ന വിജയം കൈവരിച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് ഇൗ മികവിന് ജില്ല അർഹമാകുന്നത്. കഴിഞ്ഞവർഷം 84.86 ശതമാനമായിരുന്നു ജില്ലയിലെ ജയം. 2.36 ശതമാനമായാണ് ജില്ലയിൽ വിജയശതമാനം ഉയർന്നത്. 86.44 ശതമാനം നേടി എറണാകുളമാണ് കണ്ണൂരിന് തൊട്ടുപിറകിലുള്ളത്. ജില്ലയിൽ 29,125 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 25,404 പേരും ഉപരിപഠനത്തിന് യോഗ്യതനേടി. എ പ്ലസ് നേടിയതിലും കണ്ണൂരിന് നേട്ടംതന്നെ. 1099 കുട്ടികൾ ഇത്തവണ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞതവണ 907 പേർക്കായിരുന്നു മുഴുവൻ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞതവണത്തേതിൽനിന്ന് 192 പേരുടെ വർധന. 26 കുട്ടികളാണ് 1200 മാർക്കിൽ 1200ഉം നേടി ജില്ലയുടെ നേട്ടത്തിന് അഭിമാനത്തിളക്കം ഇരട്ടിയാക്കിയത്. ജില്ലയിൽ മൂന്ന് സ്കൂളുകൾ 100 ശതമാനം വിജയംനേടി. റാണിജെയ് എച്ച്.എസ്.എസ് നിർമലഗിരി, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് കണ്ണൂർ, കാരാക്കുണ്ട് ഡോൺ ബോസ്കോ സ്പീച്ച് ആൻഡ് ഹിയറിങ് എച്ച്.എസ്.എസ് പരിയാരം എന്നിവയാണ് 100 ശതമാനം നേടിയ സ്കൂളുകൾ. തലനാരിഴക്ക് 100 ശതമാനം നഷ്ടമായ സ്കൂളുകളും ജില്ലയിലുണ്ട്. സെൻറ് തെരേസാസ് ഗേൾസ് എച്ച്.എസ്.എസ്, സെൻറ് കോർണല്യൂസ് എച്ച്.എസ്.എസ് കോളയാട്, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് അങ്ങാടിക്കടവ്, ജി.എച്ച്.എസ്.എസ് രാമന്തളി എന്നീ സ്കൂളുകൾ 99 ശതമാനം വിജയം നേടി. ഇതിൽ രാമന്തളി ജി.എച്ച്.എസ്.എസ് ആണ് നേട്ടങ്ങളുടെ പട്ടികയിലുള്ള സർക്കാർ സ്കൂൾ. അതേസമയം, പരീക്ഷ എഴുതിയ കുട്ടികളിൽ 28 ശതമാനം പേർ മാത്രം വിജയിച്ച പരിയാരം കെ.കെ.എൻ.പി.എം ജി.വി.എച്ച്.എസ്.എസ് മോശം പ്രകടനത്തിെൻറ പേരിൽ പട്ടികയിൽ ഇടംകണ്ടെത്തി. ഓപൺ സ്കൂൾ വിഭാഗത്തിൽ ജില്ലയിലെ 34.61 ശതമാനം കുട്ടികൾ വിജയിച്ചു. 4080 പേർ എഴുതിയതിൽ 1412 പേരാണ് വിജയിച്ചത്. വൊക്കേഷനൽ വിഭാഗത്തിലും ജില്ല നേട്ടം കൈവരിച്ചു. ജില്ലയിൽ 1377 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ പാർട്ട് ഒന്ന്, രണ്ട് വിഭാഗത്തിൽ 88.53 ശതമാനവും പാർട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗത്തിൽ 78.36 പേരും ജയിച്ചു. ജില്ലയിലെ എട്ട് സർക്കാർ സ്കൂളുകൾ വൊക്കേഷനലിൽ (പാർട്ട് ഒന്ന്, രണ്ട് വിഭാഗത്തിൽ) 100 ശതമാനം വിജയം കൈവരിച്ചു. എടയന്നൂർ ജി.വി.എച്ച്.എസ്.എസ്, മാടായി ജി.വി.എച്ച്.എസ് ബോയ്സ്, ചിറക്കര ജിവി.എച്ച്.എസ്, കതിരൂർ ജി.വി.എച്ച്.എസ്, കണ്ണൂർ ജി.വി.എച്ച്.എസ്.എസ് ആൻഡ് ടി.എച്ച്.എസ്, കുറുമാത്തൂർ ജി.വി.എച്ച്.എസ്, തളിപ്പറമ്പ് ടി.വി വി.എച്ച്.എസ്.എസ്, നെരുവമ്പ്രം ടി.എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ് എന്നിവയാണ് 100 ശതമാനം നേടിയ സ്കൂളുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.