പെരുവാമ്പ ക്വാറി അപകടം: സുരക്ഷ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി

പയ്യന്നൂർ: മണ്ണ് മാത്രമുപയോഗിച്ച് തടയണകെട്ടി വലിയ ക്വാറിയിൽ വെള്ളം കെട്ടിനിർത്താനുള്ള ശ്രമമാണ് ബുധനാഴ്ച പുലർച്ചെ പെരുവാമ്പയിൽ വൻ അപകടം സമ്മാനിച്ചത്. പഴയ ക്വാറിയിലേക്ക് ലോറി പോകുന്ന വഴിയിൽ മണ്ണിട്ട് തടയണയാക്കി വെള്ളം ശേഖരിക്കാനുള്ള ശ്രമമാണ് ദുരന്ത കാരണമെന്ന് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സതീശൻ 'മാധ്യമ'ത്തോടു പറഞ്ഞു. ഇതിനു പിറകിലാണ് പുതിയ ക്വാറി പ്രവർത്തിക്കുന്നത്. എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലെ പെരുവാമ്പയിലും സമീപ പ്രദേശങ്ങളിലും നിരവധി കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഈ ക്വാറികൾക്ക് സ്റ്റോപ് മെമ്മോ നൽകിയതായി ഗ്രാമപഞ്ചായത്തധികൃതർ പറയുന്നു. രാത്രികാലങ്ങളിലും മറ്റും പ്രവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പൊലീസിൽ പരാതി നൽകിയതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. എന്നാൽ, നിരോധനശേഷവും ക്വാറികൾ പ്രവർത്തിച്ചതായി നാട്ടുകാർ പറയുന്നു. തങ്ങൾ എതിർത്തിട്ടും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അതേ സമയം, നിരോധിക്കുന്നതിനുമുമ്പ് ശേഖരിച്ച കല്ലുകൾ കടത്തുക മാത്രമാണുണ്ടായതെന്നാണ് അധികൃതർ പറയുന്നത്. ജനവാസ േകന്ദ്രത്തിലെ ക്വാറികൾ അനുമതി ഉണ്ടായാലും പ്രവർത്തിക്കാനനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാർ. വീടുകളുടെ ദൂരപരിധി കുറച്ച നടപടിയും പ്രതിഷേധത്തിനിടയാക്കുന്നു. പൊതുസ്ഥലങ്ങളിൽനിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററായാണ് കുറച്ചത്. സംസ്ഥാനത്ത് 2500ലേറെ ചെറുകിട ക്വാറികൾ തുറക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ഒരുങ്ങിയത്. ക്വാറികളുടെ പ്രവർത്തനം നിരീക്ഷിക്കാനും അനുമതി നൽകാനും കേന്ദ്ര സർക്കാർ ജില്ലതലത്തിൽ സമിതി രൂപവത്കരിക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും ഇത് നടപ്പായില്ല. ഈ അനാസ്ഥയും ക്വാറി മാഫിയക്ക് തുണയായി. അതേസമയം, പെരുവാമ്പ ഭണ്ഡാരപുരയിൽ നഷ്ടമുണ്ടായവർക്ക് ക്വാറി ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് പൊലീസിനെ സമീപിച്ചതായും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.