പനി നഗരങ്ങളിലേക്കും വ്യാപിക്കുന്നു

കാഞ്ഞങ്ങാട്: കാലവർഷം ശക്തിപ്പെട്ടതോടെ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞയാഴ്ചവരെ മലയോര മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ പനി ബാധിതർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നതെങ്കിൽ ഇപ്പോൾ കൂടുതൽ പേർ ചികിത്സ തേടിവരുന്നത് നീലേശ്വരം, കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ളവരാണ്. ജനുവരി മുതലുള്ള കണക്കനുസരിച്ച് 798 പേർക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നതായി ആരോഗ്യ വകുപ്പ് ജീവനക്കാർ പറഞ്ഞു. ഇതിൽ 112 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ പരിശോധിച്ചവരിൽ കാഞ്ഞങ്ങാട്, നീലേശ്വരം, കുമ്പഡാജെ, ബളാൽ, അജാനൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജില്ല ആശുപത്രിയിലും ജനറൽ ആശുപത്രിയിലും മറ്റു സർക്കാർ ആശുപത്രികളിലുമായി ഇരുന്നൂറിൽ പരം പേരാണ് നിത്യവും ചികിത്സെക്കത്തുന്നത്. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ച് ജൂൺ മാസത്തിനുള്ളിൽ ഒരാൾ മരിച്ചിരുന്നു. എന്നാൽ, ഇത്തവണ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത് ആശ്വാസം നൽകുന്നു. നീലേശ്വരം കരുവാച്ചേരിയിൽ വില്ലേജ് ഒാഫിസർ ഉൾെപ്പടെ നാലുപേർക്ക് ഡെങ്കി ബാധിച്ചതായി സംശയിക്കുന്നുണ്ട്. നീലേശ്വരം നഗരസഭയിൽ ചെയർമാനും കൗൺസിലർമാരും നേരിട്ടിറങ്ങി ശുചിത്വ പരിശോധന കർശനമാക്കിയതിനിടെ ഡോക്ടർമാർ അവധിയെടുത്തതിനെ തുടർന്ന് ചികിത്സ നിർത്തിവെക്കേണ്ടിവന്നത് വിവാദമായിരുന്നു. പെരിയ സി.എച്ച്.സിയിൽ ഒരാഴ്ചക്കിടെ മാത്രം പനി ബാധിച്ചെത്തിയവരുടെ എണ്ണം 178 ആണ്. ഇതിൽ ഒരാൾക്ക് ഡെങ്കിപ്പനിയുള്ളതായി സംശയിക്കുന്നുണ്ട്. ചിറ്റാരിക്കാൽ പി.എച്ച്.സിക്കുകീഴിൽ ഇതിനകം നാലുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡെങ്കിപ്പനി സാധ്യതയുള്ള 16 പേരുമുണ്ട്. മഴയും വെയിലും മാറിമാറി തുടരുന്നതാണ് മലയോര പ്രദേശങ്ങളിലും മറ്റും പകർച്ചപ്പനിക്ക് പുറമെ ഡെങ്കി, എച്ച് 1 എൻ1 പനി പിടിപെടുന്നതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. പ്രതിരോധ നടപടികളും ജാഗ്രത നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ് അധികൃതരുണ്ടെങ്കിലും ആശുപത്രിയിലും മറ്റു ആരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ജീവനക്കാരില്ലാത്തത് രോഗികളെ വലക്കുന്നുണ്ട്. മഴ കനക്കുന്നതോടെ പനി വ്യാപകമാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഫലപ്രദമായ പ്രതിരോധ നടപടികൾ ഉണ്ടാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.