മലയാളപഠനം അനായാസമാക്കാൻ മലയാള സര്‍വകലാശാലയുടെ പാഠ്യപദ്ധതി

മലയാളപഠനം അനായാസമാക്കാൻ മലയാള സര്‍വകലാശാലയുടെ പാഠ്യപദ്ധതി തിരുവനന്തപുരം: മലയാളപഠനം അനായാസവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെ മലയാള സര്‍വകലാശാല നടപ്പാക്കുന്ന മലയാള പാഠ്യപദ്ധതി പ്രവര്‍ത്തനക്ഷമമായതായി വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിയമത്തിന് പ്രായോഗിക പശ്ചാത്തലം കൂടി ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ഭാഷാപഠനത്തെക്കുറിച്ച മുന്‍ധാരണകള്‍ തിരുത്തുന്നതിനുള്ള സമഗ്രമായ കർമപദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇൻറര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും പഠിക്കാന്‍ സാധിക്കുന്ന ആപ് ഈ പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭിക്കും. അക്ഷരകേളി, പദകേളി, സ്കൂള്‍ നിഘണ്ടു, ഇകോപ്പി ബുക്ക് എന്നിവയും തയാറാക്കിയിട്ടുണ്ട്. ലെറ്റര്‍ ഗെയിമില്‍ രസകരമായ കളികളിലൂടെ അക്ഷരങ്ങളും ഉച്ചാരണവും പഠിക്കാന്‍ സാധിക്കും. വേഡ് ഗെയിമില്‍ സ്ക്രീനില്‍ ഒഴുകിനടക്കുന്ന അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ ഉണ്ടാക്കാം. ചിത്രങ്ങളിലൂടെ വാക്കുകളുടെ അർഥം കണ്ടെത്താം. കുട്ടികളുടെ കൈയക്ഷരം നന്നാക്കാനും എഴുതുന്ന കാര്യങ്ങള്‍ മനസ്സില്‍ പതിപ്പിക്കാനും ഇകോപ്പി ബുക്കിലൂടെ കഴിയും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിനുവേണ്ട പ്രത്യേക പാക്കേജ് കര്‍മപദ്ധതിയുടെ കീഴില്‍ തയാറാക്കും. മലയാള ഭാഷ, സാഹിത്യം, കേരള സംസ്കാരം എന്നിവ പഠിക്കാനും അവഗാഹം നേടാനും ലോകത്ത് എവിടെയുമുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സാധിക്കുന്നതരത്തില്‍ ഓണ്‍ലൈന്‍ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.