കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ.സി.പി. ഫൗസിയ രാജിവെച്ചു

പുതിയതെരു: കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് കെ.സി.പി. ഫൗസിയ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പഞ്ചായത്ത് ഓഫിസിൽ നേരിട്ടെത്തി നൽകിയ രാജി പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം ഏറ്റെടുക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരണം മുതൽ മുസ്ലിം ലീഗിലെ ഭൂരിഭാഗം പ്രവർത്തകരും നേതാക്കളും പ്രസിഡൻറ് എന്നനിലയിൽ പരിഗണനയോ സഹകരണമോ ലഭിക്കാത്തതാണ് രാജിക്ക് കാരണം. ഏതാനും മാസങ്ങളായി ആരോഗ്യസംബന്ധമായ കാരണങ്ങൾ പറഞ്ഞ് പ്രസിഡൻറ് സ്ഥാനം തുടരാൻ സാധിക്കില്ലെന്ന് മുസ്ലിം ലീഗ് പ്രതിനിധിയായ ഫൗസിയ പലതവണ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസം മുമ്പുതന്നെ പാർട്ടിക്ക് രാജിക്കത്ത് നൽകുകയും ചെയ്തു. എന്നാൽ, നിലവിലുള്ള സ്ഥിതി തൽക്കാലം തുടരണമെന്ന് പാർട്ടി നിർേദശിക്കുകയായിരുന്നു. ഫൗസിയ കഴിഞ്ഞ മാസം ഉംറക്ക് പോയി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ഉടനെതന്നെ വീണ്ടും പാർട്ടിയെ സമീപിച്ച് തുടരാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നുവത്രെ. കൊളച്ചേരി പഞ്ചായത്തിലെ 11ാം വാർഡായ നൂഞ്ഞേരിയിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തേക്ക് പുതിയ ഭരണസമിതി അധികാരമേൽക്കുമ്പോൾതന്നെ അധികാരവടംവലി നടന്നിരുന്നു. കഴിഞ്ഞ രണ്ടു ഭരണസമിതി കാലയളവിൽ പഞ്ചായത്ത് അംഗങ്ങളായിരുന്ന നിലവിലെ പ്രസിഡൻറായ ഫൗസിയയും കെ.എം.ബി. സറീനയും കഴിഞ്ഞ അഞ്ചുവർഷം കൊളച്ചേരി പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സനായി പ്രവർത്തിച്ച കെ. താഹിറയും തമ്മിലാണ് മത്സരം നടന്നത്. മൂന്നുപേരുടെയും വാർഡുകളിലെ പ്രവർത്തകരാണ് പ്രസിഡൻറ് സ്ഥാനാർഥിത്വത്തിന് അവകാശതർക്കമുന്നയിച്ചത്. ഇതിനെ തുടർന്ന് കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയ ഫൗസിയയെ പഞ്ചായത്ത് പ്രസിഡൻറാക്കുകയായിരുന്നു. പുതിയ പ്രസിഡൻറ് സ്ഥാനത്തേക്ക് ഒന്നാം വാർഡായ പാമ്പുരുത്തിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ. താഹിറയെ (38) പരിഗണിക്കുമെന്നാണ് കരുതുന്നത്. ജില്ലയിലെ മികച്ച സി.ഡി.എസ് ചെയർപേഴ്‌സനായിരുന്നു താഹിറ. വനിത ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻറും ജില്ല വനിത ലീഗ് പ്രവർത്തകസമിതി അംഗവുമാണ്. കൊളച്ചേരി പഞ്ചായത്തിൽ യു.ഡി.എഫിലെ മുസ്ലിം ലീഗ്- 8, കോൺ.3, എൽ.ഡി.എഫിലെ സി.പി.എം- 3 സി.പി.ഐ -1, ഇടതുപക്ഷ അനുകൂല സി.എം.പി -1, ബി.ജെ.പി- 1 എന്നിങ്ങനെയാണ് കക്ഷിനില.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.