പദ്ധതികൾ അംഗീകരിക്കുമ്പോൾ ജനതാൽപര്യത്തിന് പ്രാമുഖ്യംനൽകണം ^കെ.വി. സുമേഷ്​

പദ്ധതികൾ അംഗീകരിക്കുമ്പോൾ ജനതാൽപര്യത്തിന് പ്രാമുഖ്യംനൽകണം -കെ.വി. സുമേഷ് കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിലും നടപ്പിൽവരുത്തുന്നതിലും സാങ്കേതികതകളെക്കാൾ പൊതുജനതാൽപര്യത്തിന് മുൻതൂക്കംനൽകിയുള്ള പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അഭിപ്രായപ്പെട്ടു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 2017-18ലെ വാർഷിക പദ്ധതി േപ്രാജക്ടുകൾ പരിശോധിച്ച് അംഗീകാരം നൽകേണ്ട ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമപരവും സാങ്കേതികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏതു പദ്ധതിയും വേണ്ടെന്നുവെക്കുക എളുപ്പമാണ്. എന്നാൽ, ജനങ്ങൾക്കനുകൂലമായി നിയമങ്ങളെ വ്യാഖ്യാനിക്കുകയും പ്രായോഗിക മാർഗങ്ങൾ കണ്ടെത്തി സാങ്കേതികതടസ്സങ്ങൾ അതിജീവിക്കുകയും ചെയ്യുകയെന്ന സമീപനമാണ് ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടത്. പതിവുരീതിയിൽനിന്ന് വ്യത്യസ്തമായി ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതികളാണ് ഇത്തവണ വെറ്റിങ് ഓഫിസർമാരുടെ പരിശോധനക്കായി എത്തുന്നത്. തദ്ദേശസ്ഥാപനങ്ങൾ തയാറാക്കിയ ഓരോ പദ്ധതികളിലും ജനങ്ങളുടെ ആവശ്യങ്ങളാണ് പ്രതിഫലിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കുമ്പോൾതന്നെ, ഇക്കാര്യം ഉൾക്കൊണ്ടുള്ള സമീപനങ്ങളുണ്ടാവണം. പ്രായോഗികതടസ്സങ്ങൾ തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചർച്ചചെയ്ത് പരിഹരിക്കുന്നരീതിയുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കില ജില്ല കോ-ഓഡിനേറ്റർ പി.വി. രത്നാകരൻ (13ാം പഞ്ചവത്സരപദ്ധതി- നയസമീപനം), ജില്ല ഡെപ്യൂട്ടി പ്ലാനിങ് ഓഫിസർ ടി.വി. ഷാജു (സബ്സിഡി മാർഗരേഖ), ഐ.കെ.എം ജില്ല കോ-ഓഡിനേറ്റർ കെ.കെ. റോഷി (പദ്ധതി അംഗീകാരവും സുലേഖ സോഫ്റ്റ്വെയറും) എന്നിവർ ക്ലാസുകളെടുത്തു. ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ, ആസൂത്രണസമിതി അംഗം കെ.വി. ഗോവിന്ദൻ എന്നിവർ സംബന്ധിച്ചു. ജില്ലയിലെ പദ്ധതി പരിശോധന ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരുമാണ് പരിശീലനത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.