ആരിക്കാടി അണ്ടർ ബ്രിഡ്ജിൽ ചോർച്ച; നാട്ടുകാർ ഒറ്റപ്പെട്ടു

മഞ്ചേശ്വരം: കോടികൾ ചെലവഴിച്ച് നിർമിച്ച ആരിക്കാടി അണ്ടർ ബ്രിഡ്ജിൽ വൻ ചോർച്ച. പാലത്തി​െൻറ ഇരുവശങ്ങളിൽനിന്നും വെള്ളം കൈവരിവഴി കുത്തിയൊലിക്കാൻ തുടങ്ങിയതോടെ റോഡിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം ഇരുദിക്കിലുമായി നാട്ടുകാർ ഒറ്റപ്പെട്ടു. പി. കരുണാകരൻ എം.പിയുടെ ശ്രമഫലമായി രണ്ടരക്കോടി രൂപയാണ് അണ്ടർ ബ്രിഡ്ജ് പദ്ധതിക്ക് അനുവദിച്ചിരുന്നത്. പദ്ധതി പ്രകാരം പണി പൂർത്തീകരിച്ച അടിപ്പാത രണ്ടുമാസം മുമ്പാണ് നാട്ടുകാർക്ക് തുറന്നുകൊടുത്തത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കരാറെടുത്തിരുന്നത്. നിർമാണ ചുമതല കണ്ണൂരിലെ സ്ഥാപനത്തിനായിരുന്നു. ഉദ്‌ഘാടന സമയത്തുതന്നെ ഇവിടെ ചെറിയ രീതിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, അധികൃതർ ഗൗനിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. മഴക്കാലമായതോടെ ഇവിടെ വെള്ളം കെട്ടിക്കിടക്കുകയും ഇതുവഴി കാൽനടക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന് രണ്ടാഴ്ച മുമ്പ് നാട്ടുകാരുമായി കുമ്പള പഞ്ചായത്ത് അധികൃതർ ചർച്ച നടത്തുകയും അപകടനില മനസ്സിലാക്കി അടിയന്തരമായി അഞ്ച് എച്ച്.പി മോേട്ടാറും സോളാർ സിസ്റ്റവും ആവശ്യമായ സാമഗ്രികൾ ഒരാഴ്ചക്കകം സ്ഥാപിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കാൻ പഞ്ചായത്ത് അധികൃതർ തയാറായിരുന്നില്ല. ഇതിനിടയിലാണ് മഴ ശക്തിപ്രാപിക്കുകയും വെള്ളം പാലത്തി​െൻറ കൈവരിയുടെ ഇരുഭാഗങ്ങളിലും കെട്ടിക്കിടന്ന് റോഡിലേക്ക് ഒലിക്കുകയും ചെയ്തത്. സർക്കാർ യു.പി സ്‌കൂൾ, ജുമാമസ്ജിദ്, മൈതാനം എന്നിവ സമീപത്ത് സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ നൂറുകണക്കിന് വീട്ടുകാർക്ക് ദേശീയപാതയിലേക്ക് വരാനുള്ള ഏകമാർഗവുമാണ് ഇത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.