ഒടുവള്ളിത്തട്ട്^കുടിയാന്മല റോഡിനോട് അവഗണന: നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡിനോട് അവഗണന: നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു നടുവിൽ: ജില്ലയിലെ ഏക ദേശസൽകൃത റൂട്ടായ ഒടുവള്ളിത്തട്ട്-കുടിയാന്മല റോഡിനോട് മാറിമാറിവരുന്ന സർക്കാറുകൾ പുലർത്തുന്ന അവഗണനക്കെതിരെ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വൈതൽമല, പാലക്കയംതട്ട്, അയ്യൻമട ഗുഹ, ജാനകിപ്പാറ വെള്ളച്ചാട്ടം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിച്ചേരാനുള്ള പ്രധാനപാത കൂടിയാണ്. വിവിധ അന്തർസംസ്ഥാന ബസുകളും മലയോരഹൈവേയുടെ ഒരുഭാഗവും കടന്നുപോകുന്ന റോഡ് വീതികൂട്ടി മെക്കാഡം ടാറിങ് നടത്തണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും കഴിഞ്ഞവർഷം മാത്രമാണ് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽപെടുത്തി 27 കോടി രൂപ റോഡിന് അനുവദിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയായിട്ടും ഇതേവരെ പ്രവൃത്തികളൊന്നും തുടങ്ങിയിട്ടില്ല. അവഗണനക്കെതിരെ രാഷ്ട്രീയത്തിനതീതമായി ജനകീയ കർമസമിതി രൂപവത്കരിച്ച് പ്രക്ഷോഭം നടത്താൻ ഒരുങ്ങുകയാണ് നാട്ടുകാർ. പ്രദേശത്തെ സാമൂഹിക- സാംസ്കാരിക- സാമുദായിക - വിദ്യാഭ്യാസ രംഗത്തെ 51 പേരെ ഉൾക്കൊള്ളിച്ചുകൊണ്ട് ജനകീയ കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. പ്രക്ഷോഭത്തി​െൻറ ആദ്യപടിയായി കർമസമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 13ന് 11 മണിക്ക് പ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളടച്ച് പഞ്ചായത്ത് ആസ്ഥാനമായ നടുവിൽ ടൗണിൽ ജനകീയ പ്രതിഷേധസംഗമവും ധർണയും നടത്തും. പുലിക്കുരുമ്പ വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ഒടുവള്ളി മുതൽ അരീക്കമല, പൊട്ടൻപ്ലാവ്, കനകക്കുന്ന് പ്രദേശവാസികൾ പങ്കെടുത്തു. പുലിക്കുരുമ്പ പള്ളിവികാരി ഫാ. നോബിൾ ഓണംകുളമാണ് കർമസമിതിയുടെ രക്ഷാധികാരി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.