നീർച്ചാലിൽ വെള്ളംകയറി; പത്തോളം കുടുംബങ്ങൾ ദുരിതത്തിൽ

കണ്ണൂർ സിറ്റി: നീർച്ചാൽ പാലത്തിന് സമീപം നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ വെള്ളം കയറി. ഞായറാഴ്ച രാവിലെ മുതൽ ഇടവേളയില്ലാതെ പെയ്ത കനത്ത മഴയിൽ ഐസ് പ്ലാൻറിന് സമീപത്തുള്ള വീടുകളിലാണ് വെള്ളം കയറിയത്. നാൽപതോളം വീടുകളുള്ള ഭാഗത്തെ പത്തോളം വീടുകളിൽ വെള്ളം അകത്ത് കയറിയതിനെ തുടർന്ന് കുട്ടികൾ അടക്കമുള്ള വീട്ടുകാർക്ക് നരകയാതനയാണ് അനുഭവിക്കേണ്ടിവന്നത്. രാവിലെ ആദ്യമഴയിൽതന്നെ വീടുകൾക്ക് മുറ്റത്ത് എത്തിയ വെള്ളം പതിനൊന്നോടെ വീടുകൾക്ക് അകത്തും കയറിത്തുടങ്ങുകയായിരുന്നു. കടലിലേക്ക് വെള്ളം തിരിച്ചുവിടാൻ വേണ്ടി കോർപറേഷൻ ജെ.സി.ബി വിട്ടുകിട്ടാൻ മേയറെ ബന്ധപ്പെട്ടെങ്കിലും നടപടി ഒന്നുമുണ്ടായില്ലെന്നും തുടർന്ന് രാത്രി എട്ടരയോടെ വാർഡ് കൗൺസിലർ മീനാസും നാട്ടുകാരും ചേർന്ന് പ്രൈവറ്റ് ജെ.സി.ബി സംഘടിപ്പിക്കുകയുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ജെ.സി.ബി ഉപയോഗിച്ച് കെട്ടിക്കിടന്ന പൂഴി നീക്കംചെയ്യുകയും വെള്ളം കടലിലേക്ക് തിരിച്ചുവിടുകയുമായിരുന്നു. അടുക്കളയിലടക്കം മുട്ടോളം വെള്ളം കയറിയതിനെ തുടർന്ന് നോമ്പുതുറക്കുള്ള വിഭവങ്ങൾ ഉണ്ടാക്കാൻവരെ കഴിഞ്ഞിരുന്നില്ല. അടുത്തുള്ള ബേക്കറിയിൽനിന്ന് നോമ്പുതുറക്കുള്ള സാധനങ്ങൾ നാട്ടുകാർ എത്തിക്കുകയായിരുന്നു. പിഞ്ചുകുട്ടികൾ ഉൾെപ്പടെ മണിക്കൂറുകളോളം വീട്ടിൽനിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലായിരുന്നു. കുറച്ച് വെള്ളം കയറുമ്പോൾതന്നെ പാമ്പുകളടക്കമുള്ള ഇഴജന്തുക്കൾ വീടിനുള്ളിൽ കയറൽ പതിവാണെന്ന് വീട്ടുടമ ഫാത്തിബി പറയുന്നു. നാട്ടുകാർ കൈയും മെയ്യും മറന്ന് രംഗത്തെത്തിയതോടെ രാത്രി ഏറെ വൈകിയാണ് വെള്ളം പൂർണമായി ഒഴുക്കിക്കളയാനായത്. കൗൺസിലർ അഡ്വ. ടി.ഒ. മോഹനൻ, കെ.പി.എ. സലീം, മുസ്‌ലിഹ് മഠത്തിൽ തുടങ്ങിയവർ നാട്ടുകാർക്കൊപ്പമുണ്ടായിരുന്നു. പടം മെയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.