ഈ വർഷം വീണ്ടും ജില്ലതല പട്ടയമേള നടത്തും –റവന്യൂ മന്ത്രി

കാസർകോട്: ജില്ലയിലെ ഭൂരഹിതരായ മുഴുവനാളുകൾക്കും ഭൂമി ലഭിക്കുന്നതിനായി ഈ വർഷം ഒടുവിൽ വീണ്ടും ജില്ലതല പട്ടയമേള നടത്തുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. അർഹരായ ഭൂരഹിതരെ കണ്ടെത്തുന്നതിന് വില്ലേജ്തല അദാലത്ത് നടത്തണം. ക്വാർട്ടേഴ്സുകളിലും മറ്റും താമസിക്കുന്ന ഒരുതുണ്ട് ഭൂമി പോലുമില്ലാത്തവർക്ക് ഭൂമി കിട്ടുമെന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞ പട്ടയമേളക്ക് ലഭിച്ച 7000 അപേക്ഷകളിൽ 2247 അപേക്ഷകളാണ് തീർപ്പാക്കിയത്. അവശേഷിക്കുന്ന അപേക്ഷകൾ പുനഃപരിശോധിക്കണം. അർഹതയുള്ള മാനുഷിക പരിഗണന അർഹിക്കുന്ന ഭൂരഹിതർക്ക് പട്ടയം നൽകണം. പതിറ്റാണ്ടുകളായി കൈവശഭൂമിയിൽ പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക് അനുവദനീയമായ ഭൂമിക്ക് പട്ടയം നൽകുകയും കൂടുതലുളള ഭൂമിക്ക് ന്യായവില സർക്കാറിലേക്ക് ഈടാക്കി ഭൂമി നൽകുകയും വേണമെന്ന് മന്ത്രി പറഞ്ഞു. മലയോര പ്രദേശങ്ങളിൽ രണ്ട് ഏക്കറും തീരദേശങ്ങളിൽ ഒരേക്കറും ഭൂമിക്കാണ് കൈവശാവകാശ രേഖ നൽകുന്നത്. ഇതിൽ കൂടുതൽ ഭൂമി കൈവശമുള്ളവർ ന്യായവില നൽകി ഭൂമി സ്വന്തമാക്കണം --മന്ത്രി പറഞ്ഞു. ജില്ല കലക്ടർ കെ. ജീവൻബാബു, ആർ.ഡി.ഒ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം കെ. അംബുജാക്ഷൻ, ഡെപ്യൂട്ടി കലക്ടർമാരായ എച്ച്. ദിനേശൻ, എൻ. ദേവിദാസ്, തഹസിൽദാർമാർ, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.