കുന്നിൻചെരിവ്​ ഇടിച്ചുനിരത്തി; സ്കൂൾ കെട്ടിടം ഭീഷണിയിൽ

കാസർകോട്: സ്കൂളിന് സമീപത്തെ കുന്നിൻചെരിവ് സ്വകാര്യ വ്യക്തി ഇടിച്ച് നിരത്തിയതോടെ സ്കൂൾ അപകട ഭീഷണിയിൽ. കാസർകോട് ചന്ദ്രഗിരി റോഡ് ജങ്ഷന് സമീപത്തെ നുള്ളിപ്പാടി ഗവ. യു.പി സ്കൂൾ കെട്ടിടത്തിന് പിൻഭാഗത്തെ കുന്നിൻചെരിവാണ് ഇടിച്ച് നിരത്തിയത്. നിയമങ്ങൾ ലംഘിച്ച് അശാസ്ത്രീയമായ രീതിയിൽ കുത്തനെ മണ്ണെടുത്തത് കാലവർഷമെത്തിയതോടെ സ്കൂൾകെട്ടിടത്തിന് ഭീഷണിയായി. പരാതി ഉയർന്നതിനാൽ എ.ഡി.എം ഇടപെട്ട് കുന്നിടിക്കൽ താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം നൽകിയെങ്കിലും സ്കൂളിന് തൊട്ടടടുത്തുവരെയുള്ള പറമ്പി​െൻറ 85 ശതമാനവും ഇടിച്ച് നിരത്തിക്കഴിഞ്ഞു. കാസർകോട്-കാഞ്ഞങ്ങാട് തീരദേശപാതയോട് ചേർന്ന് കാസർകോട് വില്ലേജിലെ റിസർവേ നമ്പർ 130/3 ൽപ്പെട്ട 50 സ​െൻറ് ഭൂമിയിലാണ് കുന്നിടിച്ച് മണ്ണ് നീക്കിയത്. ഇതോടെ സ്കൂൾകെട്ടിടം 10 മീറ്ററോളം ഉയരമുള്ള മൺതിട്ടക്ക് മുകളിലായി. ഉപ്പള സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അധികൃതരുടെ മൗനാനുവാദത്തോടെയാണ് കുന്നിടിച്ച് നിരത്തിയതെന്ന് ആരോപണമുണ്ട്. കുന്നിടിക്കാൻ അനുമതി നൽകിയിട്ടില്ലെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കുന്നിടിച്ചത് സ്കൂളിന് ഭീഷണിയാകുന്നതായി കാണിച്ച് പ്രധാനാധ്യാപിക ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. കുന്ന് വയൽ സംരക്ഷണ സമിതി ഭാരവാഹികൾ എ.ഡി.എമ്മിനെയും ഇക്കാര്യം അറിയിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് മണ്ണ് നീക്കുന്നത് നിർത്തിവെക്കാൻ നിർദേശമുണ്ടായത്. റവന്യൂ ഉദ്യോഗസ്ഥരും എം.എൽ.എയും സ്ഥലം സന്ദർശിച്ചിരുന്നു. ഇടിച്ചുനിരത്തിയ ഭാഗത്തെ മൺതിട്ട സ്കൂൾകെട്ടിടത്തിനും വിദ്യാർഥികൾക്കും ഭീഷണിയുയർത്തുന്നതിനാൽ സുരക്ഷാ സംവിധാനമൊരുക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.