പൊതുവിദ്യാലയത്തെ വീണ്ടെടുത്ത്​ ഉദിനൂർ

തൃക്കരിപ്പൂർ: ആയിരങ്ങൾക്ക് അക്ഷരത്തണലേകിയ ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ നടത്തിയ ജനകീയ ഇടപെടൽ ഫലപ്രാപ്തിയിൽ. വിളകൊയ്ത്ത് സമരത്തി​െൻറ ഓർമകൾ തുടിക്കുന്ന ഗ്രാമത്തിന് വിദ്യാലയവുമായി ഇഴചേർന്ന ചരിത്രമാണ് ഏറെയും. തങ്ങളുടെ ഹൃദയതാളമായ പൊതുവിദ്യാലയം ഒരു ഘട്ടത്തിൽ നഷ്ടപ്പെടുമെന്ന തിരിച്ചറിവ് 2014ൽ ഉദിനൂർ എജുക്കേഷനൽ സൊസൈറ്റിയുടെ പിറവിക്ക് കാരണമായി. ഒന്നുമില്ലായ്മയിൽനിന്നായിരുന്നു തുടക്കം. ഒപ്പം, പൂർവ വിദ്യാർഥിയും അറിയപ്പെടുന്ന വ്യവസായിയുമായ രവി പുറവങ്കരയുടെ സഹകരണവും. എത്ര കഷ്ടപ്പാട് സഹിച്ചാലും വിദ്യാഭ്യാസ കച്ചവടക്കാരുടെ കൈകളിലേക്ക് എത്തിക്കാതെ നാട്ടുകാരുടേതാക്കാനുള്ള തീരുമാനം വന്നു. 2014 ഏപ്രിൽ 21ന് മൂന്നര ഏക്കർ സ്ഥലവും കെട്ടിടങ്ങളുമടങ്ങുന്ന വിദ്യാലയം നാട്ടുകാരുടെ സ്വന്തമായി. ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ മികച്ച വിദ്യാലയമാക്കാൻ ആദ്യമായി സ്‌കൂളും പരിസരവും ആകർഷകമാക്കുന്ന ജോലി ആരംഭിച്ചു. ഭൗതിക സാഹചര്യങ്ങൾ അഭിവൃദ്ധിപ്പെടുത്തൽ, ആധുനികവത്കരണം, പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കൽ ഇതിനൊക്കെയായി വിശദമായ കൂടിയിരിപ്പും ചർച്ചകളും നടത്തി. വിഷൻ 2025 എന്ന പേരിലുള്ള പദ്ധതിക്ക് രൂപരേഖയായി. പഴയ കെട്ടിടങ്ങൾ നല്ല നിലയിൽ അറ്റകുറ്റപ്പണി നടത്തി. കുടിവെള്ള പദ്ധതി പൂർത്തീകരിച്ചു. ചുറ്റുമതിൽ നിർമാണം നടത്തി. പ്രീ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. അതിനാവശ്യമായ കെട്ടിടങ്ങളൊരുക്കി. ക്ലാസ്മുറികളുടെ പരിമിതി പരിഹരിക്കാൻ രണ്ട് നിലകളിലായി 12 ക്ലാസ്‌മുറികളുള്ള ഒരു കെട്ടിടത്തി​െൻറ പണി പൂർത്തിയായി. ഇതിൽ ഹൈടെക് ഓഫിസ് മുറി, സുസജ്ജമായ 24 കമ്പ്യൂട്ടറുകളുള്ള ലാബ്,10 ഹൈടെക് ക്ലാസ്‌മുറികൾ, പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റ് സംവിധാനം, ഓരോ ക്ലാസിലും പാരൻറ് ഗാലറി എന്നിവയുണ്ടാക്കി. രണ്ടു നിലകൾക്കും മുകളിലായി 600 പേർക്ക് ഇരിപ്പിടമൊരുക്കാവുന്ന തരത്തിൽ ക്രമീകരിച്ച ഒരു ഓഡിറ്റോറിയവും നിർമിച്ചിട്ടുണ്ട്. പൊതുപരിപാടികൾ, യോഗ, കളരി, കരാേട്ട ക്ലാസുകൾ തുടങ്ങിയവ ഇതിനകത്ത് നടക്കും. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഉദിനൂർ സെൻട്രൽ സ്‌കൂൾ മലയാളം മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. എന്നാൽ, ഇംഗ്ലീഷ് പഠനത്തിനും തുല്യ പ്രാധാന്യം നൽകി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജൂൺ ഒമ്പതിന് ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂളി​െൻറ കെട്ടിട സമുച്ചയം വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഉദാത്തമായ മാതൃകയായിരിക്കുകയാണ് ഉദിനൂർ എജുക്കേഷനൽ സൊസൈറ്റി. 1935ലാണ് ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ സ്ഥാപിച്ചത്. 1953ൽ ഇ.എസ്.എസ്.എൽ.സിക്ക് 100 ശതമാനം വിജയം നേടി ചരിത്രം കുറിച്ചു. കഴിഞ്ഞവർഷം എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ജയിപ്പിച്ച് സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടാൻ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. പൂർവ വിദ്യാർഥി സംഘടനയായ 'ബാക്ക് ടു സ്‌കൂൾ' 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച് സംഭാവന ചെയ്യുന്ന ഭക്ഷണശാലയുടെ തറക്കല്ലിടൽ കൂടി നടക്കും. Udinur aups: ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂളി​െൻറ പുതിയ കെട്ടിടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.