ഓവുചാൽ ശുചീകരിച്ചില്ല; മലിനജലം റോഡിൽ

കുമ്പള: മഴക്കാലത്തിനുമുമ്പായുള്ള ശുചീകരണപ്രവർത്തനങ്ങളിൽ കുമ്പള ഗ്രാമപഞ്ചായത്ത് സ്കൂൾ റോഡിനെ ഒഴിവാക്കിയത് വിദ്യാർഥികൾക്ക് ദുരിതമാകുന്നു. സ്കൂൾ റോഡിലെ ഓവുചാലുകൾ മാലിന്യക്കൂമ്പാരമായി മാറിയതാണ് മലിനജലം റോഡിലൂടെ ഒഴുകാൻ കാരണമാകുന്നത്. കുമ്പളയിലെ ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മാലിന്യം വലിച്ചെറിയുന്നത് കുമ്പള സ്കൂൾ റോഡിലെ ഓവുചാലുകളിലാണ്. രാത്രിയായാൽ മാലിന്യത്തിന് വ്യാപാരികൾ തീയിടുന്നതും പതിവുകാഴ്ചയാണ്. പ്ലാസ്റ്റിക് മാലിന്യമാണേറെയും. ഒപ്പം പഴം, പച്ചക്കറി കടകളിലെ മാലിന്യവും സ്കൂൾ റോഡിൽ നിക്ഷേപിക്കുന്നു. വിദ്യാർഥികൾക്ക് കുമ്പള ടൗണിൽനിന്ന് സ്കൂളിലെത്താനുള്ള പ്രധാന റോഡാണിത്. സ്കൂൾ മൈതാനത്തി​െൻറ ചുറ്റുമതിലിനോടുചേർന്ന് നിർമിച്ച ഓവുചാലിന് സ്ലാബുകളുണ്ടാക്കി മൂടാത്തതാണ് മാലിന്യം ഓവുചാലുകളിൽ നിക്ഷേപിക്കാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴ കനക്കുന്നതോടെ ഓവുചാലുകളിലെ മാലിന്യത്തിൽനിന്ന് മലിനജലം ഒഴുകി റോഡിലുമെത്തും. ഇത് ദുർഗന്ധത്തിനും ഒപ്പം പകർച്ചവ്യാധികൾക്കും കാരണമാകുമെന്ന് വിദ്യാർഥികളും നാട്ടുകാരും ഭയക്കുന്നു. കുമ്പള ഗ്രാമപഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ടെങ്കിലും വ്യാപാരികളും മറ്റും ഉത്തരവിന് പുല്ലുവിലപോലും കൽപിക്കുന്നില്ല. നടപടി കടലാസിൽ ഒതുങ്ങുന്നതിനാൽ കുമ്പള ടൗണിലും സ്കൂൾ റോഡിലും മാലിന്യം കുന്നുകൂടി ചീഞ്ഞളിയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.