പി.ആർ.ടി.സി വഴിയുള്ള തപാൽ നീക്കം പുന:സ്ഥാപിക്കണം

മാഹി: പുതുച്ചേരിയിൽ നിന്ന് മാഹിയിലേക്കും തിരിച്ചും കഴിഞ്ഞദിവസം വരെ പി.ആർ.ടി.സി മുഖേന മാഹി പോസ്റ്റ് ഓഫിസ് നടത്തിയ തപാൽ നീക്കം ഒരു മുന്നറിയിപ്പും കൂടാതെ നിർത്തലാക്കിയ പോസ്റ്റൽ സർവിസ് അധികൃതരുടെ നടപടിയിൽ സെൻട്രൽ ഗവ. എംപ്ലോയീസ് കോൺഫഡറേഷൻ അഖിലേന്ത്യ സെക്രട്ടറി കെ. ഹരീന്ദ്രൻ പ്രതിഷേധിച്ചു. പുതുച്ചേരി സംസ്ഥാനത്തെ സർക്കാർ, പൊതുജനങ്ങൾ എന്നിവർക്കൊക്കെ ലഭിക്കേണ്ട എഴുത്തുകൾ ഒറ്റ ദിവസം കൊണ്ട് ലഭിക്കുന്നതിന് പകരം മൂന്നും നാലും ദിവസം താമസിച്ചാണ് ഇപ്പോൾ ലഭിക്കുന്നത്. ഇനി മുതൽ തീവണ്ടി മാർഗം സേലത്തോ ചെന്നൈയിലോ എത്തി മാത്രമേ പുതുച്ചേരിയിലേക്കും തിരിച്ച് മാഹിയിലേക്കും തപാൽ ഉരുപ്പടികൾ എത്തുക. ഇത് പൊതുജനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഉന്നത വിദ്യാഭ്യാസത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾ പോലും ദുരിതത്തിലാകും. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പി.ആർ.ടി.സി ചെയ്ത സേവനം പിൻവലിച്ച പോസ്റ്റൽ അധികൃതരുടെ നടപടി ദുരൂഹമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. ഈ ഉത്തരവ് പിൻവലിച്ച് പഴയ രീതി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ തിരുവനന്തപുരം, കോഴിക്കോട്, പോസ്റ്റൽ സൂപ്രണ്ട് വടകര, അഡ്മിനിസ്ട്രേറ്റർ മാഹി, പോസ്റ്റ്മാസ്റ്റർ മാഹി എന്നിവർക്ക് നിവേദനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.