കൊട്ടിയൂർ വൈശാഖ മഹോത്സവം ഇന്ന് തുടങ്ങും

കേളകം: ദക്ഷിണ കാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന് ഇന്ന് തിരിതെളിയും. നെയ്യാട്ടത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തലക്ഷങ്ങൾക്കായി ഉത്സവനഗരിയിൽ ഒരുക്കം പൂർത്തിയായി. മഹോത്സവത്തി​െൻറ ആദ്യചടങ്ങായ നെയ്യാട്ടം ഇന്ന് അർധ രാത്രിയോടെ നടക്കും. പെരുമാൾവിഗ്രഹത്തിൽ അഭിഷേകം നടത്തുന്നതിന് നെയ്യമൃത് കുംഭങ്ങളുമായി വിവിധ കേന്ദ്രങ്ങളിൽനിന്നുള്ള വ്രതക്കാർ കൊട്ടിയൂരിലെത്തിത്തുടങ്ങി. ഉത്സവത്തിന് തുടക്കംകുറിക്കുന്നതി​െൻറ ഭാഗമായി വയനാട് മുതിരേരി ക്ഷേത്രത്തിൽനിന്ന് വാളെഴുന്നള്ളത്ത് ഇന്ന് വൈകീട്ട് ആറുമണിയോടെ ഇക്കരെ കൊട്ടിയൂരിലെത്തും. മണിത്തറയിലെ ചോതിവിളക്കുകളിൽ തിരിതെളിയുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. വില്ലിപ്പാലൻ കുറുപ്പി​െൻറയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യമൃത് കുംഭങ്ങളാണ് ആദ്യമായി അഭിഷേകം നടത്തുക. നെയ്യാട്ടചടങ്ങുകൾക്ക് ഉഷകാമ്പ്രം നമ്പൂതിരി കാർമികത്വം വഹിക്കും. ബുധനാഴ്ച മണത്തണ കരിമ്പന ഗോപുരത്തിൽനിന്ന് കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും. ഭണ്ഡാരഘോഷയാത്ര ഉത്സവനഗരിയിലെത്തിയ ശേഷമെ സ്ത്രീകൾക്ക് ഉത്സവനഗരിയിൽ പ്രവേശനമുള്ളൂ. വൈശാഖ മഹോത്സവത്തിനെത്തുന്ന തീർഥാടകലക്ഷങ്ങൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.