വിപ്പ് ലംഘിച്ചതിന്​ കമീഷൻ അയോഗ്യനാക്കിയ നഗരസഭ അംഗത്തിന്​ ഉപാധിക​േളാടെ സ്​റ്റേ

ഇരിട്ടി: നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന മുസ്ലിം ലീഗ് നഗരസഭാ കൗൺസിലറെ അയോഗ്യനാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷ​െൻറ ഉത്തരവ് ഹൈകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് കമീഷ​െൻറ ഉത്തരവിനെതിരെ കൗൺസിലർ എം.പി. അബ്ദുറഹ്മാൻ നൽകിയ അപ്പീലിലാണ് ഹൈകോടതി സിംഗിൾ െബഞ്ച് ജഡ്ജി കെ. വിനോദ്ചന്ദ്ര​െൻറ സ്റ്റേ ഉത്തരവ്. നഗരസഭായോഗത്തിൽ പങ്കെടുക്കാമെങ്കിലും ശമ്പളമോ മറ്റു സാമ്പത്തിക ആനുകൂല്യങ്ങളോ പറ്റാൻ പാടില്ല. വോട്ടെടുപ്പിൽ പങ്കെടുക്കരുത്. നയപരമായ സമിതികളിൽ ഇടപെടാൻപറ്റില്ലെന്നും ഉത്തരവിൽ വിലക്കി. ഇരിട്ടി നഗരസഭാ 20ാം വാർഡ് കല്ലേരിക്കല്ലിൽനിന്ന് വിജയിച്ച മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികൂടിയായിരുന്ന കൗൺസിലർ എം.പി. അബ്്ദുറഹ്മാനെ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ആറു വർഷത്തേക്ക് െതരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കമീഷൻ വിലക്കിയിരുന്നു. 33 അംഗ ഇരിട്ടി നഗരസഭയിൽ എൽ.ഡി.എഫിന് ഒരു സ്വതന്ത്രൻ ഉൾപ്പെടെ 13 അംഗങ്ങളും യു.ഡി.എഫിന് 15ഉം ബി.ജെ.പിക്ക് അഞ്ച് അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. യു.ഡി.എഫിലെ 15 പേരിൽ 10 പേർ മുസ്ലിം ലീഗും അഞ്ചുപേർ കോൺഗ്രസ് പ്രതിനിധികളുമാണ്. നഗരസഭാ ചെയർമാൻ െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാർലമ​െൻററി പാർട്ടി ധാരണപ്രകാരം 22-ാം വാർഡ് നടുവനാടുനിന്ന് ജയിച്ച കോൺഗ്രസിലെ പി.വി. മോഹനനെ ചെയർമാനായും വൈസ് ചെയർപേഴ്സനായി മുസ്ലിം ലീഗിലെ 29-ാം വാർഡ് ചാവശ്ശേരിയിൽനിന്ന് ജയിച്ച പി.കെ. ബൾക്കീസിനെയും തീരുമാനിച്ചിരുന്നു. ഇരുവർക്കും വോട്ട് ചെയ്യാൻ കോൺഗ്രസും മുസ്ലിം ലീഗും അവരുടെ അംഗങ്ങൾക്ക് വിപ്പും നൽകി. യു.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് എം.പി. അബ്്ദുറഹ്മാനും മുസ്ലിം ലീഗിലെ ഇ.കെ. മറിയം ടീച്ചറും ടി.കെ. ഷെരീഫയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. ഇതോടെ സി.പി.എമ്മിലെ പി.പി. അശോകൻ ചെയർമാനായും കെ. സരസ്വതി വൈസ് ചെയർപേഴ്സനായും െതരഞ്ഞെടുക്കപ്പെട്ടു. എം.പി. അബ്്ദുറഹ്മാനെ പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കുകയും മറ്റ് രണ്ടുപേർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകിയിരുന്നു. രണ്ടു വനിതാ അംഗങ്ങൾ പാർട്ടിയോട് മാപ്പ് അപേക്ഷിച്ചതിനെ തുടർന്ന് നടപടിയിൽനിന്ന് ഒഴിവാക്കി. തുടർന്ന് അബ്ദുറഹ്മാനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചാണ് അയോഗ്യത ഉത്തരവ് നേടിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.