ചുഴലിക്കാറ്റ്: നടുവൊടിഞ്ഞ്​ കെ.എസ്.ഇ.ബി ജീവനക്കാർ

കൂത്തുപറമ്പ്: കാറ്റിലും മഴയിലും തകർന്നുവീണ വൈദ്യുതി ലൈനുകളും തൂണുകളും പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിൽ നടുവൊടിഞ്ഞ് കെ.എസ്.ഇ.ബി ജീവനക്കാർ. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മേഖലയിലെ വൈദ്യുതിബന്ധം താറുമാറായി. നിരവധി തൂണുകളും ലൈനുകളും തകർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. വേങ്ങാട്, പാട്യം ഭാഗങ്ങളിലാണ് കൂടുതൽ നാശം. ബുധനാഴ്ച രാവിലെയുണ്ടായ ചുഴലിക്കാറ്റിൽ വേങ്ങാട് മെട്ട, മണക്കായി ഭാഗങ്ങളിലെ കിലോമീറ്ററോളം വൈദ്യുതിലൈനുകൾ പൊട്ടി. ഹൈടെൻഷൻ ലൈനുകൾ ഉൾപ്പെടെ തകർന്നതിനാൽ പ്രദേശത്തെ വൈദ്യുതിവിതരണം ഇനിയും സാധാരണനിലയിലായിട്ടില്ല. ലൈനിലേക്ക് താഴ്ന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതും ശ്രമകരമാണ്. കൈതേരി ഭാഗത്ത് 11 കെ.വി ലൈൻ തകർന്നതിനെ തുടർന്ന് കുട്ടിക്കുന്ന് സബ് സ്റ്റേഷ​െൻറ പ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ബുധനാഴ്ച പാട്യം പഞ്ചായത്തിലെ മുതിയങ്ങ ഭാഗത്തുണ്ടായ ചുഴലിക്കാറ്റിലും നിരവധി വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. തകർന്ന ഹൈടെൻഷൻ ലൈനുകളുൾപ്പെടെ പുനർനിർമിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടന്നുവരുകയാണ്. വ്യാഴാഴ്ച ചിറ്റാരിപ്പറമ്പിനടുത്ത വട്ടോളി, മമ്പറത്തിനടുത്ത പാച്ചപ്പൊയ്ക, പറമ്പായി ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിലും നിരവധി വൈദ്യുതി തൂണുകളാണ് തകർന്നിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ വൈദ്യുതിവിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. കെ.എസ്.ഇ.ബിയിലെ ഫീൽഡ് ജീവനക്കാരെല്ലാം രാപ്പകൽ ഭേതമില്ലാതെ തകർന്ന ലൈനുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നാട്ടുകാരും ചിലയിടങ്ങളിൽ സഹായത്തിനെത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.