നാറാത്ത്​ കേസിലെ സുപ്രീംകോടതി വിധി: പൊലീസും പാർട്ടികളും പ്രതിക്കൂട്ടിൽ

കണ്ണൂർ: നാറാത്ത് കേസിൽ യു.എ.പി.എ വകുപ്പുകൾ റദ്ദാക്കിയത് സുപ്രീംകോടതി ശരിവെച്ചതോടെ പൊലീസും മുഖ്യധാരാ പാർട്ടികളും പ്രതിക്കൂട്ടിൽ. രാഷ്ട്രീയ സംഘർഷങ്ങളുടെ വിളനിലമായ കണ്ണൂരിൽ അത്തരമൊരു കേസിൽ യു.എ.പി.എ ആദ്യമായി ചുമത്തിയത് നാറാത്ത് കേസിലാണ്. പൊലീസ് നടപടി അതിരുകവിഞ്ഞതാണെന്ന് അന്നുതന്നെ ആക്ഷേപമുയർന്നതാണ്. എന്നാൽ, 2013 ഏപ്രിലിൽ യു.ഡി.എഫ് ഭരണകാലത്ത് എടുത്ത യു.എ.പി.എ കേസിന് അന്നത്തെ പ്രതിപക്ഷവും പിന്തുണ നൽകി. നാറാത്ത് കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന് ഹൈകോടതിക്ക് പിന്നാലെ സുപ്രീംകോടതിയും വ്യക്തമാക്കിയത് പാർട്ടികളുടെ മുൻവിധി തുറന്നുകാട്ടുന്നതായി. 2013 ഏപ്രിൽ 23ന് നാറാത്ത് തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ കെട്ടിടത്തിൽനിന്ന് പോപുലർഫ്രണ്ട് പ്രവർത്തകരായ 21 പേരെ വാളും ബോംബുനിർമാണ സാമഗ്രികളെന്ന് സംശയിക്കുന്ന വസ്തുക്കളും സഹിതം പിടികൂടിയതാണ് കേസിനാസ്പദമായ സംഭവം. അതിനുമുമ്പും ശേഷവും വലിയ ആയുധശേഖരം കണ്ണൂരിൽ വിവിധ പാർട്ടികളുടെ കേന്ദ്രങ്ങളിൽനിന്ന് പിടികൂടിയിട്ടുണ്ട്. എന്നാൽ, അത്തരം കേസുകളിലൊന്നിലും യു.എ.പി.എ ചുമത്തിയിരുന്നില്ല. 19നും 25നും ഇടയിൽ പ്രായമുള്ളവരാണ് നാറാത്ത് കേസിലെ പ്രതികൾ. യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കപ്പെെട്ടങ്കിലും െഎ.പി.സി പ്രകാരമുള്ള വകുപ്പുകളനുസരിച്ച് ഇവർ ശിക്ഷ അനുഭവിച്ചുവരുകയാണ്. ഒന്നാംപ്രതിക്ക് ഏഴു വർഷം തടവും രണ്ടു മുതൽ 21 വരെ പ്രതികൾക്ക് അഞ്ചുവർഷം തടവും പിഴയുമാണ് ശിക്ഷ. ഇവർ മൂന്നുവർഷത്തെ തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞു. യു.എ.പി.എ വകുപ്പുകൾ റദ്ദാക്കിയത് സുപ്രീംകോടതി അംഗീകരിച്ചതോടെ ശിക്ഷാകാലാവധി കഴിയുേമ്പാൾ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രതികളുടെ കുടുംബങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.