'നാട്ടുപൂക്കൾകൊണ്ട് ഓണപ്പൂക്കളം' പദ്ധതി; പഞ്ചായത്ത് വിദ്യാഭ്യാസ സമിതിക്ക്​ രൂപം നൽകി

പിലാത്തറ: ചെറുതാഴം പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ ഇക്കുറി നാട്ടുപൂക്കൾകൊണ്ട് ഓണപ്പൂക്കളം ഒരുക്കും. നാട്ടുപൂക്കൾ ഉപയോഗിച്ച് ഓണപ്പൂക്കളം തീർക്കുന്ന 'നാട്ടുപൂക്കൾ കൊണ്ട് ഓണപ്പൂക്കളം' പദ്ധതിക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി രൂപം നൽകി. നാട്ടിൽ സുലഭമായിരുന്ന ചെമ്പരത്തി, കോളാമ്പി, ശംഖുപുഷ്പം, ചെണ്ടുമല്ലിക, കാശിത്തുമ്പ, ചെക്കി, മന്ദാരം, കൃഷ്ണകിരീടം തുടങ്ങിയ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം തീർക്കുക. വിദ്യാലയങ്ങളിൽ ജൈവവൈവിധ്യോദ്യാനത്തി​െൻറ ഭാഗമായി നാട്ടുചെടികളുടെ ഉദ്യാനം ആദ്യഘട്ടത്തിൽ ഒരുക്കും. ഒരു കുട്ടി ഒരു ചെടി എന്ന നിലയിൽ മുഴുവൻ കുട്ടികളും സ്കൂളിൽ പൂച്ചെടി നടും. അന്യം നിൽക്കുന്ന ഔഷധദായനികളായ നാട്ടുചെടികളെ അറിയുക, നമ്മുടെ മണ്ണും നമ്മുടെ ചെടിയും സംരക്ഷിക്കുക, പൂക്കൾക്കൊപ്പം ശലഭോദ്യാനമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് പ്രവർത്തനം. നാട്ടുചെടികൾ നട്ട് മികച്ച ഉദ്യാനമൊരുക്കുന്ന വിദ്യാലയങ്ങൾക്ക് പഞ്ചായത്ത് ഉപഹാരം നൽകും. ജൈവവൈവിധ്യ പാർക്കിനായി സർവശിക്ഷ അഭിയാൻ ആവിഷ്കരിച്ച പ്രവർത്തനത്തിൽ നാട്ടുചെടി നടീൽ പ്രധാന പ്രവർത്തനമാണ്. നടീൽ പഞ്ചായത്ത് തല ഉദ്ഘാടനം ചെറുതാഴം ശ്രീരാമവിലാസം എൽ.പി സ്കൂളിൽ നടക്കും. പഞ്ചായത്ത് വിദ്യാഭ്യാസ സമിതി യോഗത്തിൽ പ്രസിഡൻറ് പി. പ്രഭാവതി അധ്യക്ഷതവഹിച്ചു. പി.വി. വത്സല, രാജേഷ് കടന്നപ്പള്ളി, ബിയാട്രീസ് സെക്യൂറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.