പാർട്ടി ചട്ടത്തിന്​ വിരുദ്ധമായി ചിട്ടി നടത്തിയ സി.പി.എം ഏരിയ സെക്രട്ടറിക്കും കമ്മിറ്റിക്കും ശാസന

കാസർകോട്: പാർട്ടി ചട്ടത്തിന് വിരുദ്ധമായി ചിട്ടി നടത്തിയ സി.പി.എം നീലേശ്വരം ഏരിയ സെക്രട്ടറിക്കും കമ്മിറ്റിക്കും ജില്ല കമ്മിറ്റിയുടെ പരസ്യശാസന. പാർട്ടി പൊതുവിലും പാർട്ടി പ്ലീനംരേഖ പ്രത്യേകമായും ഘടകങ്ങൾ ചിട്ടി നടത്താൻ പാടില്ലെന്ന് നിഷ്കർഷിച്ചിട്ടും അത് ലംഘിച്ചതിന് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റിയെയും ഏരിയ സെക്രട്ടറി ടി.കെ. രവിയെയും പരസ്യമായി ശാസിക്കാൻ തീരുമാനിച്ചതായി ജില്ല കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. ചിട്ടി നടത്താൻ പാടില്ലെന്ന പാർട്ടി തീരുമാനം നടപ്പാക്കാൻ ശ്രമിക്കുന്നതിന് പകരം ചിട്ടി നടത്തിപ്പിന് മുൻകൈയെടുക്കുകയായിരുന്നു ടി.കെ. രവിയെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് സി.പി.എം നീലേശ്വരം ഏരിയ കമ്മിറ്റിയില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി നേരേത്ത ആരോപണമുയര്‍ന്നിരുന്നു. പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നതി​െൻറ ഭാഗമായി നടത്തിയ ചിട്ടിയില്‍ ലക്ഷങ്ങളുടെ ക്രമക്കേടിന് പുറമെ പാര്‍ട്ടിഫണ്ടിനത്തിലും വെട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ചിട്ടി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് ആരോപിച്ച് കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ സാജുതോമസ് സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന് പരാതി നല്‍കിയതോടെയാണ് വിവാദമായത്. സി.പി.എം ജില്ല നേതൃത്വത്തി​െൻറ നിര്‍ദേശപ്രകാരം ചിട്ടിപ്പണം നല്‍കിയെങ്കിലും മുഴുവന്‍ തുകയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇതു സ്വീകരിക്കാന്‍ ഡോക്ടര്‍ തയാറായില്ല. തുടർന്നാണ് പി. കരുണാകരൻ എം.പിയുടെ സാന്നിധ്യത്തിൽ പ്രശ്നംചർച്ച ചെയ്തത്. ടി.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.