പട്ടിണിയകറ്റിയ പ്ലാവിന്​ നന്ദിയോതാൻ ചക്കയപ്പനിവേദ്യം

കാസർകോട്: വരിക്കച്ചക്ക അരച്ചെടുത്ത് ശുദ്ധമായ പശുവിൻനെയ്യിൽ ചുെട്ടടുത്ത ചക്കയപ്പം ഒാട്ടുരുളിയിലാക്കി ദേവന് മുന്നിൽ വിളമ്പിയപ്പോൾ നാട്ടുകാർ കൈകൂപ്പിനിന്ന് പ്ലാവുമരങ്ങളെ സ്മരിച്ചു. വറുതികാലത്ത് വിശപ്പകറ്റിയ പ്ലാവുകൾക്ക് നന്ദിയോതാൻ എൻമകജെ പഞ്ചായത്തിലെ ഏത്തടുക്ക സദാശിവ ക്ഷേത്രത്തിലാണ് പ്ലാവുകളുടെ നാമത്തിൽ ചക്കയപ്പം നിവേദിച്ച് പ്രത്യേക പൂജ നടത്തിയത്. പ്ലാവുകൾക്കുവേണ്ടിയുള്ള അസാധാരണമായ നിവേദ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ എത്തിയിരുന്നു. കഴിഞ്ഞ 65 വർഷമായി ഏത്തടുക്കയിൽ തുടരുന്ന 'ചക്കയപ്പസേവ' മറ്റെങ്ങും കാണാനാവാത്തതാണ്. ആദ്യകാല കർഷകനായിരുന്ന ഏത്തടുക്ക സുബ്രായഭട്ടാണ് 1948ൽ ചക്കയപ്പസേവക്ക് തുടക്കംകുറിച്ചത്. ഏത്തടുക്ക പുഴയുടെ കരയിലാണ് സദാശിവക്ഷേത്രം. 1940ൽ ഉണ്ടായ വൻ വെള്ളപ്പൊക്കത്തിൽ കൃഷിയിടങ്ങളും വിളകളും വ്യാപകമായി നശിച്ചത് കർഷകരെ ഒന്നടങ്കം വറുതിയിലേക്ക് നയിച്ചിരുന്നു. അരിയും നെല്ലും ഗോതമ്പും കിട്ടാനില്ലാതിരുന്ന കാലത്ത് മൂന്നുനേരവും വിശപ്പകറ്റാൻ നാട്ടുകാർ ആശ്രയിച്ചത് പണച്ചെലവില്ലാതെ പറമ്പുകളിൽ യഥേഷ്ടം കിട്ടിയിരുന്ന ചക്കയാണ്. '40കളിലെ വറുതികാലത്തും കർഷകരുടെ വിശപ്പകറ്റിയത് ചക്കയാണ്. 1941ലാണ് സുബ്രായഭട്ട് ഏത്തടുക്കയിൽ ഭൂമിവാങ്ങി താമസമാക്കിയത്. ഇൗ പറമ്പിലുണ്ടായിരുന്ന കാലപ്പഴക്കമേറിയ ചെറിയ ക്ഷേത്രം 1948ൽ പുതുക്കിപ്പണിത ഭട്ട് പ്രളയകാലത്തെ ഒാർമയിലാണ് ചക്കയപ്പസേവ ആരംഭിച്ചത്. നാട്ടിലെ കർഷകരുടെ ജീവിതം നിലനിർത്തിയതിൽ ചക്കയുടെ സ്ഥാനം വളരെ വലുതാണെന്നും അതുകൊണ്ട് പ്ലാവുകളെ ബഹുമാനിക്കുകയും ഒാർമിക്കുകയും ചെയ്യണമെന്നും സുബ്രായഭട്ട് പറയുമായിരുന്നു. അദ്ദേഹത്തി​െൻറ കാലശേഷം മക്കൾ ഇൗ ദൗത്യം ഏറ്റെടുത്ത് വർഷംതോറും മുടങ്ങാതെ ചക്കയപ്പസേവ തുടരുകയാണ്. ക്ഷേത്രത്തി​െൻറ ഇപ്പോഴത്തെ മാനേജിങ് ട്രസ്റ്റി വൈ.വി. സുബ്രഹ്മണ്യ​െൻറ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം സേവ നടത്തിയത്. ട്രസ്റ്റി ചന്ദ്രശേഖര ഏത്തടുക്ക, പത്തടുക്ക സുബ്രഹ്മണ്യഭട്ട് എന്നിവർ നേതൃത്വം നൽകി. കുടുംബസ്വത്തായ കൃഷിയിടത്തിൽ ധാരാളം പ്ലാവുകളുണ്ട്. ഇവയിൽ വിളഞ്ഞ ഏറ്റവും ലക്ഷണമൊത്ത ചക്കയാണ് നിവേദ്യം തയാറാക്കുന്നതിനായി തെരഞ്ഞെടുക്കുന്നത്. നിലത്തുവീഴാതെ ശ്രദ്ധയോടെ പറിച്ചെടുക്കുന്ന ചക്ക ക്ഷേത്രത്തിൽ സൂക്ഷിച്ച് പഴുപ്പിച്ചശേഷമാണ് നിവേദ്യത്തിനായി നിശ്ചയിക്കുന്ന ദിവസം അപ്പമുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ചക്കപ്പഴത്തിനൊപ്പം അരിപ്പൊടി ചേർത്ത് അരച്ചുണ്ടാക്കുന്ന മാവ്കുഴച്ച് നാടൻ പശുവിൻനെയ്യിലാണ് അപ്പം ചുെട്ടടുക്കുന്നത്. നിവേദ്യ പൂജക്കുശേഷം ചക്കയപ്പം നാട്ടുകാർക്ക് വിതരണം ചെയ്യും. മിക്കവാറും ജൂൺ 15നും ജൂലൈ 15നും ഇടയിലുള്ള തീയതിയാണ് ചക്കയപ്പനിവേദ്യത്തിനായി തെരഞ്ഞെടുക്കാറുള്ളത്. കാസർകോടി​െൻറ ഉൾനാടൻപ്രദേശങ്ങളിൽ ഇപ്പോഴും മഴക്കാലത്ത് വരുമാനമാർഗം ഇല്ലാതാകുന്ന ദരിദ്രകർഷകർ വിശപ്പകറ്റാൻ ഉപയോഗിക്കുന്നത് ചക്കയാണ്. പടം: 1. chakka appam seva: ഏത്തടുക്ക സദാശിവക്ഷേത്രത്തിൽ പ്ലാവുകളുടെ നാമത്തിൽ നടത്തിയ ചക്കയപ്പസേവ പൂജയിൽ പെങ്കടുക്കാനെത്തിയവർ 2. chakka appam: ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ നിവേദ്യത്തിനായി സമർപ്പിച്ച ചക്കയപ്പം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.