മാങ്ങാട്ടുപറമ്പ് കാമ്പസിൽ സ്​ത്രീസൗഹൃദമുറി- 'പെണ്ണിടം' തുറന്നു

കണ്ണൂർ: പെൺകുട്ടികൾക്ക് മുന്നേറാനും സ്വയംപര്യാപ്തരാകാനും ഉതകുന്ന സൗഹൃദ കേന്ദ്രങ്ങളാകണം പെണ്ണിടങ്ങളെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. പെൺകുട്ടികൾക്ക് ശാരീരികപ്രശ്നങ്ങളിൽനിന്ന് താൽക്കാലിക ആശ്വാസത്തിനും വിശ്രമത്തിനും സൗകര്യമൊക്കി കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഒരുക്കിയ പ്രത്യേകമുറി 'പെണ്ണിടം' ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഐ.ടി സ്ഥാപനങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾ മാനസികസമ്മർദങ്ങൾക്ക് അടിമകളാവുന്നത് സംവദിക്കാൻ പൊതുഇടങ്ങൾ ഇല്ലാതാകുന്നതുകൊണ്ടാണ്. പൊതു ഇടങ്ങളിൽ മുലയൂട്ടൽകേന്ദ്രങ്ങളും സ്ത്രീസൗഹൃദ വിശ്രമകേന്ദ്രങ്ങളും വരും വർഷങ്ങളിൽ സാമൂഹികനീതി വകുപ്പ് വഴി നടപ്പാക്കുമെന്നും പുതുതായി രൂപവത്കരിക്കപ്പെട്ട വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി എന്ന നിലയിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ടി.വി. രാജേഷ് എം.എൽ.എയുടെ പ്രാദേശികവികസന നിധിയിൽനിന്ന് 17.57 ലക്ഷം രൂപ വിനിയോഗിച്ചാണ് മുറി ഒരുക്കിയത്. വീൽചെയർ, ബെഡ്, നാപ്കിൻ വെൻഡിങ് മെഷീൻ, ഫസ്റ്റ് എയ്ഡ് കിറ്റ്, പ്രഷർ പരിശോധന സംവിധാനം, കുടിവെള്ളസംവിധാനം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് പെണ്ണിടം സജ്ജമാക്കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ കലാലയങ്ങളിൽ പെൺകുട്ടികൾക്കായി പ്രത്യേക വിശ്രമസൗകര്യം ഒരുക്കുന്നത്. ഏഴ് ഇടങ്ങളിൽകൂടി എം.എൽ.എയുടെ വികസനനിധി ഉപയോഗിച്ച് ഇത്തരം സൗകര്യം ഒരുക്കുന്നുണ്ട്. വിദ്യാർഥികളുടെ ഏറെക്കാലത്തെ ആവശ്യമായ സ്റ്റുഡൻറ്സ് സ​െൻറർ നിർമാണത്തിന് സഹായം നൽകുമെന്നും എം.എൽ.എ പറഞ്ഞു. പ്രോജക്ട് നിർമാണത്തിന് ഉപകരിക്കുന്ന തരത്തിൽ വൈഫൈ ഇൻറർനെറ്റ് ഉൾപ്പെടെ ആധുനികസൗകര്യമുള്ള മുറിയാണാവശ്യം. സ്റ്റുഡൻറ്സ് സ​െൻററിലേക്കുള്ള കമ്പ്യൂട്ടറുകൾ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു. കർണാടകയിൽ നടന്ന കാമ്പസ് സെലക്ഷനിൽ കൂടുതൽ വിദ്യാർഥികൾക്ക് പ്ലേസ്മ​െൻറ് ലഭിച്ച കോളജിലെ എം.ബി.എ വിഭാഗത്തിന് വേണ്ടി എച്ച്.ഒ.ഡി വിധുശേഖർ മന്ത്രിയിൽനിന്ന് മൊമേൻറാ ഏറ്റുവാങ്ങി. കോളജ് യൂനിയൻ തയാറാക്കിയ ബ്ലഡ് ഡോണേഴ്സ് ഡയറക്ടറി കാമ്പസ് ഡയറക്ടർ പി.ടി. ജോസഫിന് നൽകി മന്ത്രി പ്രകാശനംചെയ്തു. കണ്ണൂർ യൂനിവേഴ്സിറ്റി േപ്രാ വൈസ് ചാൻസലർ ഡോ. ടി. അശോകൻ, യൂനിവേഴ്സിറ്റി സിൻഡിക്കേറ്റംഗം എം. പ്രകാശൻ മാസ്റ്റർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന, യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ സി.പി. ഷിജു, കാമ്പസ് യൂനിയൻ ചെയർമാൻ അഭിജിത്ത് എസ്, വൈസ് ചെയർമാൻ വി.വി. വർഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.