പൊലിഞ്ഞത്​ തളങ്കര തൊപ്പിയുടെ അധ്യായം

കാസർകോട്: തളങ്കര സിറാമിക്സ്‌ റോഡിലെ കെ.എം. അബൂബക്കര്‍ മുസ്ലിയാരുടെ നിര്യാണത്തോടെ സംസ്‌കാരികപൈതൃകവും ചരിത്രത്തി​െൻറ പൊക്കിൾകൊടിയും ചേർത്ത് തുന്നിയ തളങ്കര തൊപ്പിയുടെ ഒരധ്യായംകൂടിയാണ് അസ്തമിക്കുന്നത്. അരനൂറ്റാണ്ടിലേറെ കാലം ഇഴപിരിയാതെ കാത്തുസൂക്ഷിച്ച തൊപ്പിനിർമാണത്തി​െൻറ വലിയൊരു ധ്യാനജീവിതമായിരുന്നു അബൂബക്കർ മുസ്ലിയാരുേടത്. കാസർകോടി​െൻറ ഗതകാലവിശേഷങ്ങളിൽ തളങ്കര തൊപ്പിയുടെ സ്ഥാനം വലുതാണ്. 1940 മുതൽ പ്രചാരത്തിലുണ്ടായിരുന്ന തൊപ്പിയുടെ ഖ്യാതി ആഫ്രിക്കൻ ഭൂഖണ്ഡംവരെ എത്തിയിരുന്നു. അന്നത്തെ മുസ്ലിംകളിൽ ഭൂരിഭാഗവും ഉപയോഗിച്ചിരുന്നത് കൈയിൽ തുന്നിയെടുക്കുന്ന തളങ്കര തൊപ്പിയായിരുന്നു. കൈവിരുതിൽ മെനയുന്ന മഹനീയരൂപമായിരുന്നു തൊപ്പിയുടേത്. അതുകൊണ്ടുതന്നെ കാസർകോടി​െൻറ പെരുമയെ ലോകോത്തരമാക്കി തളങ്കര തൊപ്പി. അറബ് രാജ്യങ്ങളിലും തളങ്കര തൊപ്പി പ്രസിദ്ധമായിരുന്നു. അക്കാലത്ത് മുന്നൂറിലധികം കുടുംബങ്ങളുടെ വരുമാനമാർഗം തൊപ്പിനിർമാണമായിരുന്നു. പരുത്തിനൂൽകൊണ്ട് പ്രത്യേക രീതിയിലാണ് തൊപ്പി തുന്നുന്നത്. ദശകങ്ങൾക്ക് മുമ്പ് വരെ പുരുഷന്മാർ തൊപ്പിയുണ്ടാക്കുകയും സ്ത്രീകൾ അലങ്കാരപ്പണികളും ചെയ്തു. തളങ്കര തൊപ്പികൾ ആകർഷകമാക്കുന്നത് കരവേലകളാണ്. അറബിക് പേർഷ്യൻ നമസ്കാര പായകളിലെ കലിഗ്രഫി രീതികളാണ് ഇതിന് ഉപയോഗിക്കുന്നത്. പിന്നീട് സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഈ മേഖലയെ തളർത്തി. 55 വര്‍ഷത്തിലേറെയായി തൊപ്പി നിര്‍മിക്കുന്ന അബൂബക്കര്‍ മുസ്ലിയാരായിരുന്നു ഇൗ മേഖലയിൽ പിടിച്ചുനിന്ന അവസാനകണ്ണി. പിന്നീട് അബൂബക്കര്‍ മുസ്ലിയാര്‍ക്ക് അനാരോഗ്യം പിടിപെട്ടതോടെ മകൻ അബ്ദുറഹീമാണ് പാരമ്പര്യത്തി​െൻറ നൂലുകൾ കോർത്തിരുന്നത്. കാസർകോട് നഗരത്തിലെ വസ്ത്രവ്യാപാരിയായ അബ്ദുറഹീം ഈ ചുമതല മുടങ്ങാതെ കൊണ്ടുപോകുകയാണ്. മലപ്പുറം മുതൽ മലബാറിലെ മുഴുവൻ ജില്ലകളിലും തളങ്കര തൊപ്പി ലഭ്യമാക്കുന്നുണ്ട്. തൊപ്പിക്ക് ഡിസൈൻ വരക്കുന്നതിന് തളങ്കര പടിഞ്ഞാറിലെയും ബെണ്ടിച്ചാലിലെയും ചില വീട്ടമ്മമാർ ഇപ്പോഴും രംഗത്തുണ്ട്. പാരമ്പര്യമായി കിട്ടിയ ഈ ഭാഗ്യം കൈവിടാതെ സൂക്ഷിക്കാനാണ് അബ്ദുറഹീമി​െൻറ ആഗ്രഹം. അബൂബക്കർ മുസ്ലിയാരുടെ വിയോഗം ഒരു സംസ്കാരശേഷിപ്പി​െൻറ അവസാനകണ്ണിയുടെ അസ്തമയംകൂടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.