കടലാക്രമണ ഭീഷണിയിലായ മുസോടി പ്രദേശം ജില്ല കലക്ടർ സന്ദർശിച്ചു: താൽക്കാലിക ഭിത്തി സ്ഥാപിക്കും

മഞ്ചേശ്വരം: കടലാക്രമണ ഭീഷണിയിലായ മുസോടി പ്രദേശം ജില്ല കലക്ടർ കെ. ജീവൻബാബു സന്ദർശിച്ചു. റവന്യൂ--ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു. അപകടാവസ്ഥയിലായ വീടുകളും കടൽക്ഷോഭത്തിൽ തകർന്ന റോഡും കലക്ടർ സന്ദർശിച്ചു. കടലാക്രമണത്തിൽനിന്നും ഭീഷണി നേരിടുന്ന വീടുകൾക്ക് സുരക്ഷ ഒരുക്കാൻ കരിങ്കൽ ഭിത്തി സ്ഥാപിക്കാനാണ് ആലോചന. മലബാർ പാക്കേജിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താൽക്കാലിക പരിഹാരമെന്ന നിലയിൽ മണൽ ചാക്കുകളും മറ്റും സ്ഥാപിച്ച് കടലാക്രമണത്തിൽനിന്നും സുരക്ഷയൊരുക്കും. ഇക്കാര്യങ്ങൾ തീരുമാനിക്കാൻ ശനിയാഴ്ച ഹാർബർ വകുപ്പ് ഉദ്യോഗസ്ഥരുമായി കലക്ടറേറ്റിൽ ചർച്ച നടത്തും. കടലാക്രമണത്തിൽ വീട്ടിൽനിന്നും ഒഴിപ്പിച്ചവർക്ക് നഷ്ടപരിഹാരം നൽകും. കുട്ടികൾക്ക് 45 രൂപയും മുതിർന്നവർക്ക് 60 രൂപയുമാണ് ദിവസാടിസ്ഥാനത്തിൽ നൽകുക. മഞ്ചേശ്വരം എം.എൽ.എ പി.ബി. അബ്ദുറസാഖ്, മംഗൽപാടി പഞ്ചായത്ത് പ്രസിഡൻറ് ശാഹുൽ ഹമീദ് ബന്തിയോട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എം. മുസ്തഫ, റസാഖ് ബാപ്പയ്ത്തൊട്ടി, വാർഡ് അംഗം ഫാത്തിമ, മഞ്ചേശ്വരം തഹസിൽദാർ സൂര്യനാരായണൻ, ഡെപ്യൂട്ടി തഹസിൽദാർ ദേവദാസ്, ഹാർബർ എൻജിനീയർ ബാലകൃഷ്ണൻ, വില്ലേജ് ഓഫിസർ ശിവരാമ ഷെട്ടി എന്നിവർ കലക്ടറെ അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.