വിദ്യാർഥിനിയെ മുറിവേൽപിച്ച സംഭവം കെട്ടുകഥയെന്ന്​ പൊലീസ്​

മംഗളൂരു: ഹൊന്നാവറിൽ വിദ്യാർഥിനിയെ ബൈക്കിലെത്തിയ രണ്ടു യുവാക്കൾ കുത്തി മുറിവേൽപിച്ചതായി ആരോപിച്ച സംഭവം കെട്ടുകഥയാണെന്ന് പൊലീസ്. സ്വയം മുറിവേൽപിച്ച കുട്ടിക്ക് ബാൻഡേജ് നൽകിയ കടയുടമയുടെ നേതൃത്വത്തിൽ സാമുദായിക കലാപം ലക്ഷ്യമിട്ട് കെട്ടുകഥ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് വിനയ് വി. പട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഹൊന്നാവർ ഗവ. ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്കാണ് കഴിഞ്ഞ വ്യാഴാഴ്ച അക്രമത്തിന് ഇരയായതെന്ന പരാതി ഉയർന്നത്. ഡിസംബർ ആറു മുതൽ ഇരുസമുദായങ്ങൾ തമ്മിൽ സംഘർഷം നിലനിൽക്കുന്ന ഭട്കൽ, ഹൊന്നാവർ മേഖലകളിൽ കലാപം പടർത്തുമായിരുന്ന പ്രചാരണം നിരോധനാജ്ഞ പ്രഖ്യാപിച്ചും പൊലീസ് സേനയെ വൻതോതിൽ വിന്യസിച്ചുമാണ് പ്രതിരോധിച്ചത്. കൊടിലഗഡ്ഡെ ഗ്രാമത്തിൽ മഗോഡുവിൽനിന്ന് എട്ടു കിലോമീറ്റർ നടന്നാണ് വിദ്യാർഥിനി സ്കൂളിലെത്തിയിരുന്നത്. നാട്ടുകാരനായ ഗണേശ ഈശ്വരനായക് എന്ന യുവാവ് വഴിയിൽ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. തുടർന്ന് വിദ്യാർഥിനി നാരങ്ങമരത്തി​െൻറ മുള്ളുകൾകൊണ്ട് കൈത്തണ്ടയിൽ സ്വയം മുറിവേൽപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുമ്പും ഇയാൾ പലതവണ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തിയിരുന്നത്രെ. മുറിവുമായി ക്ലാസിലെത്തിയപ്പോൾ കൂട്ടുകാരി നൽകിയ ബാൻഡേജ് ചെറുതായതിനാൽ മുറിവു മുഴുവൻ മൂടിയിരുന്നില്ല. സ്കൂളിനടുത്ത കടയുടമ വലിയ ബാൻഡേജ് നൽകുകയും ബൈക്കിലെത്തിയ ഇരു യുവാക്കളാണ് ആക്രമിച്ചതെന്ന് വ്യാജപ്രചാരണം അഴിച്ചു വിടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മഹിള സാന്ത്വനകേന്ദ്രയിലെ കൗൺസലർമാരുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തപ്പോഴാണ് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് എസ്.പി പറഞ്ഞു. വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞുനിർത്തിയതിന് ഗണേശക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.