ഇന്ന്​​ സ്വകാര്യ ബസ് പണിമുടക്ക്​; കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസ്​ നടത്തില്ല

കാസർകോട്/കണ്ണൂർ: അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് പരിഹാരംകാണാത്ത സാഹചര്യത്തില്‍ സംസ്ഥാനവ്യാപകമായി വെള്ളിയാഴ്ച സ്വകാര്യ ബസുകൾ സൂചനാപണിമുടക്ക് നടത്തും. കാസർകോട് ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷ​െൻറ നേതൃത്വത്തിലാണ് പണിമുടക്ക്. സമരത്തില്‍ ബസ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍, കേരളാ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ എന്നീ സംഘടനകളും സഹകരിക്കും. ചന്ദ്രഗിരി സംസ്ഥാനപാതയിൽ യാത്രാപ്രശ്നം ഉണ്ടാകില്ലെങ്കിലും ദേശീയപാതയുൾെപ്പടെയുള്ള റൂട്ടുകളിൽ യാത്രക്കാരെ ബാധിക്കും. ഗ്രാമീണപാതകളിൽ യാത്ര പൂർണമായും തടസ്സപ്പെടും. യാത്രക്കാരെ സഹായിക്കുന്നതിന് കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തില്ലെന്ന് ഡിപ്പോ അറിയിച്ചു. നിലവിൽ 50 ഡ്രൈവർമാരുടെയും 50 കണ്ടക്ടർമാരുടെയും കുറവുണ്ട്. ജില്ലയിൽ നടത്തേണ്ട സർവിസ്തന്നെ നടത്താൻ കഴിയാത്ത അവസ്ഥയാണ്. എങ്കിലും, കെ.എസ്.ആർ.ടി.സി തീരെയില്ലാത്ത റുട്ടുകളിൽ യാത്രക്കാരെ സഹായിക്കാൻ ശ്രമിക്കുമെന്ന് അധികൃതർ അറിയിച്ചു. പണിമുടക്ക് വിജയിപ്പിക്കാൻ കാസർകോട് ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ യോഗം തീരുമാനിച്ചു. ജില്ല ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി.എ. മുഹമ്മദ്കുഞ്ഞി, വൈസ് പ്രസിഡൻറ് തിമ്മപ്പ ഭട്ട്, ജോയൻറ് സെക്രട്ടറിമാരായ ശങ്കരനായക്, ടി. ലക്ഷ്മണന്‍, കാസർകോട് താലൂക്ക് പ്രസിഡൻറ് എന്‍.എം. ഹസൈനാര്‍, സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞി, ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡൻറ് സി. രവി, സെക്രട്ടറി വി.എം. ശ്രീപതി, മഞ്ചേശ്വരം താലൂക്ക് പ്രസിഡൻറ് സുബ്ബണ്ണ ആള്‍വ എന്നിവർ സംസാരിച്ചു. സംസ്ഥാന വ്യാപകമായി ബസ് ഒാപറേറ്റേഴ്സ് കോൺഫെഡറേഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ച സൂചനാ ബസ് പണിമുടക്കിൽ പെങ്കടുക്കുമെന്ന് കണ്ണൂർ ജില്ല ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബസ് വ്യവസായം തകർച്ചയിലാണ്. ചാർജ് വർധിപ്പിച്ചതിനുശേഷം മൂന്നരവർഷമായി. ബസ് നടത്തിപ്പ്് ചെലവ് 40 ശതമാനമായി കൂടി. പ്രതിസന്ധികാരണം ബസുകളുടെ എണ്ണവും പകുതിയോളം കുറഞ്ഞിട്ടുണ്ട്. ന്യായമായ ഇൗ ആവശ്യങ്ങൾക്കായി വർഷങ്ങളായി സർക്കാറുകളെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, അനുകൂലസമീപനം ഉണ്ടായില്ല. ഇതോടെയാണ് സമരത്തിലേക്ക് പോകുന്നത്. സമരം വിജയിപ്പിക്കുന്നതിന് ജില്ലയിലെ മുഴുവൻ ബസുടമകളും സഹകരിക്കുമെന്നും പ്രസിഡൻറ് പി.പി. മോഹനൻ, ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത്, സെക്രട്ടറി കെ.പി. മോഹനൻ, വൈസ് പ്രസിഡൻറ് കെ.പി. മുരളീധരൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.