പഴയങ്ങാടിയിലെ കടകളിൽ മിന്നൽപരിശോധന

പഴയങ്ങാടി: പഴയങ്ങാടി ബസ്സ്റ്റാൻഡിലെയും പരിസരത്തെയും കടകളിൽ പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കുന്നത് തടയാനായി ഗ്രാമപഞ്ചായത്ത് അധികൃതർ മിന്നൽപരിശോധന നടത്തി. ഏഴോം പഞ്ചായത്ത് സെക്രട്ടറി സി.എം. ഹരിദാസി​െൻറ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ് പരിശോധനക്കെത്തിയത്. 15 കടകളിൽ പരിശോധന നടത്തിയതിൽ 10 കടകളിൽനിന്ന് നിരോധിത പ്ലാസ്റ്റിക് സഞ്ചികൾ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. എന്നാൽ, അധികൃതർ പിടിച്ചെടുത്തത് തുണിസഞ്ചികളാണെന്ന് അവകാശപ്പെട്ട് വ്യാപാരികൾ പരിശോധനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി. ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. പിടിച്ചെടുത്ത 15 കിലോ തൂക്കംവരുന്ന സഞ്ചികൾ തുണിയാണെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ, പ്ലാസ്റ്റിക്കിനെക്കാൾ മാരകമായ നിരോധിതസഞ്ചിയാണെന്നും പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.