ഒ.കെ. കുറ്റിക്കോൽ നിര്യാതനായി

തളിപ്പറമ്പ്: ദേശീയ അധ്യാപക അവാർഡ് ജേതാവും നാടക പ്രവർത്തകനുമായ ഒ.കെ. കുറ്റിക്കോൽ എന്ന ഓൾനെടിയൻ കരുണൻ മാസ്റ്റർ നിര്യാതനായി. 73 വയസ്സായിരുന്നു. ഞായറാഴ്ച പുലർച്ചെ നാലരയോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒ.കെ മാഷി​െൻറ ആഗ്രഹപ്രകാരം മൃതദേഹം വൈകീട്ടോടെ പരിയാരം മെഡിക്കൽ കോളജിന് കൈമാറി. കുറ്റിക്കോലിലെ ഉറൂട്ടിയുടെയും കരക്കാട്ടെ വെള്ളച്ചിയുടെയും മകനാണ്. നാടക രചയിതാവ്, സംവിധായകൻ, ചമയം, വസ്ത്രാലങ്കാരം, നാടക--സീരിയൽ-സിനിമ നടൻ, എഴുത്തുകാരൻ, പ്രഭാഷകൻ, പുരോഗമന കലാസാഹിത്യ സംഘം നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ ഫോക്‌ലോർ അക്കാദമി എക്സിക്യൂട്ടിവ് അംഗം, സാംസ്കാരിക ക്ഷേമനിധി ബോർഡംഗം, തളിപ്പറമ്പ് എജുക്കേഷനൽ കോ-ഓപറേറ്റിവ് സൊസൈറ്റി ഭരണസമിതിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചുവരുകയാണ്. 1964ൽ കടാങ്കോട് ഗവ. ഫിഷറീസ് ഹൈസ്കൂളിൽ അധ്യാപക ജീവിതം തുടങ്ങിയ ഒ.കെ, 1988ൽ പരിയാരം ചെറിയൂർ ഗവ. യു.പി സ്കൂളിൽ പ്രധാനാധ്യാപകനായി വിരമിച്ചു. ദേശീയ അധ്യാപക അവാർഡിന് പുറമെ സംഗീത നാടക അക്കാദമി, അയ്യങ്കാളി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. സി.പി.എം തളിപ്പറമ്പ് സൗത്ത് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. നിലവിൽ കുറ്റിക്കോൽ സെൻട്രൽ ബ്രാഞ്ച് അംഗമാണ്. ഭാര്യ: കെ. നാരായണി (മുൻ നഗരസഭാംഗം, ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് കമ്മിറ്റിയംഗം). മക്കൾ: രഞ്ജിത്ത് (സാംസ്കാരിക വകുപ്പ്, തിരുവനന്തപുരം), റീത്ത, റിഷ. മരുമക്കൾ: ബേബി ശബ്ന (റവന്യൂ വകുപ്പ്), പവിത്രൻ (കൊച്ചിൻ റിഫൈനറീസ്), സുരേഷ് ബാബു (ഡ്രഗ്സ് കൺട്രോളർ വകുപ്പ്). മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, എം.പിമാരായ പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എൽ.എമാരായ ജയിംസ് മാത്യു, ടി.വി. രാജേഷ്, നഗരസഭ ചെയർമാന്മാരായ മഹമൂദ് അള്ളാംകുളം, പി.കെ. ശ്യാമള, സി.പി.എം നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, എം.വി. ഗോവിന്ദൻ തുടങ്ങി ജീവിതത്തി​െൻറ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.