കാഞ്ഞങ്ങാടി​െൻറ വിശപ്പകറ്റാൻ 'അന്നം' പദ്ധതി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഇനിയാരും വിശന്നിരിക്കില്ല. നഗരത്തിലെ അവശരുടെയും അഗതികളുെടയും വിശപ്പകറ്റാൻ കാഞ്ഞങ്ങാട്ട് റോട്ടറി ഇൻറർനാഷനലും ജനമൈത്രി പൊലീസും ചേർന്ന് രൂപംനൽകിയ 'അന്നം' പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. കാഞ്ഞങ്ങാട് നഗരത്തെ ഭിക്ഷാടനമുക്തമാക്കാനും ഭിക്ഷാടനത്തിനെത്തുന്നവർക്ക് സൗജന്യ ഭക്ഷണകൂപ്പണ്‍ നല്‍കി, ഭിക്ഷാടനമറവില്‍ നടക്കുന്ന പിടിച്ചുപറിയും മാഫിയ പ്രവര്‍ത്തനങ്ങളും ഉന്മൂലനംചെയ്യാനും വേണ്ടിയാണ് പദ്ധതിയൊരുങ്ങുന്നതെന്ന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെ പൊലീസ് എയ്ഡ്പോസ്റ്റുകള്‍, പൊലീസ് സ്‌റ്റേഷൻ, റെയില്‍വേ സ്‌റ്റേഷൻ, സര്‍ക്കാര്‍ ഓഫിസുകൾ, ആശുപത്രികൾ‍, പ്രാദേശികതലങ്ങളിലെ ആര്‍ട്സ് ആൻഡ് സ്പോര്‍ട്‌സ് ക്ലബുകള്‍, മറ്റ് െതരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ കൂപ്പണ്‍ ലഭ്യമാവും. കൂപ്പൺ കൈവശമുള്ളവർക്ക് നഗരത്തിലെ െതരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍നിന്ന് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്നതാണ് പദ്ധതി. കാഞ്ഞങ്ങാട്ടെ ഇരുപതോളം ഹോട്ടലുകള്‍ പദ്ധതിയോട് സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തരം ഹോട്ടലുകള്‍ മനസ്സിലാക്കുന്നതിനായി പ്രത്യേക ബോര്‍ഡ് വെക്കുകയും ഇവര്‍ക്കുള്ള ഭക്ഷണത്തിന് പ്രത്യേക ബോക്‌സ് സ്ഥാപിക്കുകയും ചെയ്യുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. 'വിശപ്പുരഹിത കാഞ്ഞങ്ങാട്' എന്ന് പേരിട്ട പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ജില്ല പൊലീസ് മേധാവി കെ.ജി. സൈമണ്‍ നിർവഹിക്കും. നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ അധ്യക്ഷതവഹിക്കും. റോട്ടറി ഗവര്‍ണര്‍ പി.എം. ശിവശങ്കര്‍ മുഖ്യാതിഥിയാകും. അന്നം ബോക്‌സ് വിതരണം സി.ഐ സി.കെ. സുനില്‍കുമാറും അന്നം കൂപ്പണ്‍ വിതരണം മുന്‍ റോട്ടറി ഗവർണര്‍ ഡോ. ജയപ്രകാശ് ഉപാധ്യയും നിര്‍വഹിക്കും. വാർത്താസമ്മേളനത്തിൽ ഡിവൈ.എസ്.പി കെ. ദാമോദരൻ‍, ഡോ. കെ.ജി. പൈ, റോട്ടറി പ്രസിഡൻറ് രാജേഷ് കാമത്ത്, അന്നം പ്രോജക്ട് ചെയര്‍മാന്‍ എം.കെ. വിനോദ്കുമാര്‍, റോട്ടറി സെക്രട്ടറി കെ.കെ. സേവിച്ചൻ, എം.എസ്. പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.