ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷകർ ഏറെയും പുറത്ത്

നടുവിൽ: എല്ലാവർക്കും വീടെന്ന പ്രഖ്യാപനവുമായി എൽ.ഡി.എഫ് സർക്കാർ അവതരിപ്പിച്ച ലൈഫ്മിഷൻ പദ്ധതിയിൽ, റേഷൻകാർഡ് ഉൾപ്പെടെ സ്വന്തംപേരിൽ വേണമെന്ന നിബന്ധനകാരണം അർഹതയുള്ളവരിൽ പലരും പുറത്ത്. ഏറെ പ്രതീക്ഷയോടെ അപേക്ഷ നൽകിയ ഭൂരിഭാഗം പേരുടെയും അപേക്ഷ ഒന്നാം ഘട്ടത്തിൽതന്നെ തള്ളി. സ്വന്തംപേരിൽ റേഷൻകാർഡ് വേണമെന്നതടക്കമുള്ള കടുത്ത നിബന്ധനകളാണ് ബഹുഭൂരിഭാഗം അപേക്ഷയും തള്ളാൻ കാരണം. സംസ്ഥാനത്ത് പുതിയ റേഷൻകാർഡ് വിതരണം നിർത്തിയിട്ട് നാലു വർഷത്തോളമായെന്നിരിക്കെയാണ് സ്വന്തമായി കാർഡില്ലെന്ന പേരിൽ അപേക്ഷകൾ കൂട്ടത്തോടെ തള്ളിയത്. തഴയപ്പെട്ടവർ അപ്പീൽ നൽകിയിരിക്കുകയാണ്. എന്നാൽ, നിബന്ധനകളിൽ മാറ്റംവരുത്താതെ ഇവരെ ഉൾപ്പെടുത്താനാകില്ല. പുതിയ റേഷൻകാർഡ് വിതരണം നിർത്തിവെച്ച കാലയളവിനിടയിൽ വാടകക്കും മറ്റും താമസം തുടങ്ങിയവർക്കുപോലും സ്വന്തംപേരിൽ റേഷൻകാർഡ് ലഭിച്ചിട്ടില്ല. ഒരു വീട്ടിൽതന്നെ ഒന്നിലധികം കുടുംബമുണ്ടെങ്കിലും ഒറ്റ റേഷൻകാർഡാണ് ഉണ്ടാവുക. ഒരു റേഷൻകാർഡ് ഒരു കുടുംബമായിട്ട് കണക്കാക്കുന്നതാണ് ഇത്തരക്കാർക്ക് വിനയായത്. റേഷൻകാർഡില്ലെന്ന പേരിലാണ് അപേക്ഷകർ കൂടുതലും പുറത്തായത്. നിബന്ധനകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ അപ്പീൽ കമ്മിറ്റിക്കും ഇത്തരക്കാരെ സഹായിക്കാൻ കഴിയില്ല. മാനുഷികപരിഗണനയും യുക്തിപരമായ നിലപാടും സ്വീകരിച്ച് അർഹരായ അപേക്ഷകരെയെല്ലാം ഉൾക്കൊള്ളണമെന്ന ആവശ്യമാണ് ഉയരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.