സർക്കസ്​ അക്കാദമി അടച്ചുപൂട്ടി

തലശ്ശേരി: സർക്കസ് രംഗത്ത് രാജ്യത്തെ പ്രഥമസംരംഭമായ പാലയാട് ചിറക്കുനിയിലെ സർക്കസ് അക്കാദമി ജില്ല ഭരണകൂടം അടച്ചുപൂട്ടി. ധർമടം പഞ്ചായത്തിൽ ചിറക്കുനിയിലുണ്ടായിരുന്ന പഴയ പത്മാ ടാക്കീസിൽ ഏഴു വർഷമായി പേരിനുമാത്രമായി പ്രവർത്തിച്ചിരുന്ന പരിശീലനകേന്ദ്രമാണ് സർക്കസ് പഠിക്കാൻ കുട്ടികളെ കിട്ടാത്തതിനെ തുടർന്ന് അടച്ചത്. 2010 ആഗസ്റ്റ് 10ന് അന്നത്തെ കായികമന്ത്രി എം. വിജയകുമാറാണ് താൽക്കാലിക അക്കാദമി ഉദ്ഘാടനം ചെയ്തത്. പ്രതിമാസം 23,000 രൂപ വാടകയും രണ്ടു പരിശീലകർ, മൂന്നു പാചകത്തൊഴിലാളികൾ ഉൾെപ്പടെയുള്ളവരുടെ വേതനവുമടക്കം പ്രതിമാസം ലക്ഷത്തോളം രൂപ മുടക്കി പ്രവർത്തനം തുടങ്ങിയ സർക്കസ് പരിശീലനകേന്ദ്രത്തിൽ പഠിക്കാൻ കുട്ടികളെ കിട്ടാത്തത് തുടക്കത്തിൽതന്നെ കല്ലുകടിയായിരുന്നു. പിന്നീട് സർക്കസ് കമ്പനികളുടെ ഇടപെടലിനെ തുടർന്ന് നേപ്പാൾ, ബംഗാൾ, ഝാർഖണ്ഡ്, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നായി 10 കുട്ടികളെത്തി. താമസിക്കാൻ ഹോസ്റ്റലും സൗജന്യഭക്ഷണവും പരിശീലനവും നൽകിയെങ്കിലും ക്രമേണ കുട്ടികൾ ഒാരോന്നായി കൊഴിഞ്ഞുപോയി. പരിശീലനത്തിന് പ്രത്യേക സിലബസില്ലാത്തതും പരിശീലനം കഴിഞ്ഞാൽ ജോലിസാധ്യത ചോദ്യചിഹ്നമായതുമാണ് പ്രതീക്ഷയോടെ തുടങ്ങിയ സർക്കസ് അക്കാദമിയുടെ നിലനിൽപിന് ഭീഷണിയായത്. പാലയാെട്ട സർക്കസ് അക്കാദമിക്ക് പുതുജീവൻ നൽകുന്നതിന് നേരത്തെ മന്ത്രിയായിരുന്ന ഇ.പി. ജയരാജ​െൻറ ഭാഗത്തുനിന്ന് നീക്കമുണ്ടായിരുന്നെങ്കിലും ഫലംകണ്ടില്ല. രാജ്യത്തെ ആദ്യ സർക്കസ് അക്കാദമിക്ക് സ്ഥിരം കെട്ടിടം പണിയാൻ കുണ്ടൂർമലയിൽ തലശ്ശേരി എൻജിനീയറിങ് കോളജിന് തൊട്ട് 10 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ 2010ൽ അക്വിസിഷൻ നടപടികൾ നടന്നിരുന്നെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കെപ്പട്ടു. തലശ്ശേരിയിലെ എയ്സ് ട്രസ്റ്റ് സി.ബി.എസ്.ഇ സ്കൂൾ തുടങ്ങാനായി എരഞ്ഞോളി പഞ്ചായത്തിൽ പ്ലാനും ഫീസും അടച്ചെങ്കിലും സർക്കസ് അക്കാദമിയുടെ പേരിൽ സ്കൂളിന് അനുമതി നിഷേധിച്ചതിനെതിരെ നിയമപോരാട്ടങ്ങൾ നടന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.