മട്ടന്നൂരില്‍ 82.92 ശതമാനം പോളിങ്​

മട്ടന്നൂര്‍: അഞ്ചാമത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ 82.92 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞതവണ 83.75 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 36,327 വോട്ടര്‍മാരില്‍ 30,122 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഏറ്റവും കൂടുതല്‍പേര്‍ വോട്ട് രേഖപ്പെടുത്തിയത് മേറ്റടി വാർഡിലും (93.44 ശതമാനം) കുറവ് മിനിനഗറിലുമാണ് (70.76). കഴിഞ്ഞതവണയും കൂടുതലാളുകൾ വോട്ട് ചെയ്തത് മേറ്റടിയിലായിരുന്നു (91.95 ശതമാനം). ആകെയുള്ള 35ൽ നാലു വാർഡുകളിൽ പോളിങ് ശതമാനം 90 കടന്നു. മേറ്റടി (93.44), എയര്‍പോര്‍ട്ട് (90.81), പൊറോറ (90.39), ബേരം (90.39) എന്നിവിടങ്ങളിലായിരുന്നു കനത്ത പോളിങ്. ചില വാര്‍ഡുകളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊതുവില്‍ സമാധാനപരമായിരുന്നു വോെട്ടടുപ്പ്. ടൗണ്‍ വാര്‍ഡില്‍ ഓപണ്‍ വോട്ട് ചെയ്യാന്‍ കൊണ്ടുവന്ന വോട്ടറെ വോട്ടിങ് കേന്ദ്രത്തില്‍ വെച്ച് മറുകക്ഷികള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത് വാക്കേറ്റത്തിന് കാരണമായി. മിക്ക വാര്‍ഡുകളിലുമുണ്ടായിരുന്ന പ്രശ്‌നം വോട്ടര്‍ക്ക് മറ്റൊരിടത്ത് വോട്ടുണ്ടെന്നതായിരുന്നു. എന്നാല്‍, എവിടെയുണ്ടെങ്കിലും ഇവിടെ ലിസ്റ്റിലുണ്ടെന്ന വാദവുമായി മുന്നണികള്‍ രംഗത്തെത്തിയത് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ദേവര്‍കാട് വാര്‍ഡിലെ വോട്ടുയന്ത്രം തകരാറിലായതിെന തുടര്‍ന്ന് ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. വോട്ട് രേഖപ്പെടുത്തിയാൽ ബീപ് ശബ്ദം വരാത്തതായിരുന്നു കാരണം. രാവിലെ 8.30 മുതല്‍ 9.30വരെയാണ് വോട്ടെടുപ്പ് തടസ്സപ്പെട്ടത്. മിക്ക വാര്‍ഡുകളിലും രാവിലെ മന്ദഗതിയിലായിരുന്ന പോളിങ് 11ഒാടെ ശക്തിപ്രാപിച്ചു. കടുത്തമത്സരം നടന്ന വാര്‍ഡുകളിലും സി.പി.എം ശക്തികേന്ദ്രങ്ങളിലും പോളിങ് ശതമാനം ഏറക്കുറെ കൂടുതലാണ്. 35 വാര്‍ഡുകളിലായി 112 സ്ഥാനാർഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാർഥികള്‍ അഞ്ചുപേരുള്ള മട്ടന്നൂര്‍ വാര്‍ഡിലും കുറവ് രണ്ടുപേരുള്ള ബേരവുമാണ്. വോട്ടിങ് യന്ത്രങ്ങള്‍ മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ സൂക്ഷിച്ചു. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. പോളിങ് ഏജൻറുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുണ്ടാവുക. ഒന്നു മുതല്‍ 18 വരെയും 19 മുതല്‍ 35 വരെയുമായി രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് വോട്ടെണ്ണല്‍. ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.