പരിയാരത്ത് രണ്ടുമാസം മുമ്പ് നവീകരിച്ച ദേശീയപാത തകർന്നു

പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജിനു മുന്നിൽ രണ്ടുമാസം മുമ്പ് നവീകരിച്ച ദേശീയപാത തകർന്ന് വൻ കുഴി രൂപപ്പെട്ടു. റോഡിനു നടുവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നതാണ്. പരിയാരത്ത് അലക്യം പാലം മുതൽ മെഡിക്കൽ കോളജ് സ്റ്റോപ് വരെയുള്ള ഭാഗമാണ് വീതികൂട്ടി നവീകരിച്ചത്. ഒരു ഭാഗത്ത് അഞ്ചു മീറ്റർ വീതികൂട്ടി മധ്യത്തിൽ ഡിവൈഡർ സ്ഥാപിച്ചിരുന്നു. ഈ ഭാഗമാണ് കുഴികൾ രൂപപ്പെട്ട് ഗതാഗതം ദുരിതമായത്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. നല്ല മഴയിൽ കുഴികാണാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുകയാണിവിടെ. വാഹനങ്ങളുടെ ചക്രങ്ങൾ കുഴിയിൽപ്പെടുമ്പോൾ മറ്റ് വാഹനയാത്രക്കാർ ചളിവെള്ളത്തിൽ കുളിക്കുന്നതും പതിവാണ്. അശാസ്ത്രീയ നിർമാണമാണ് കുഴിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടികൾ ചെലവഴിച്ചു നടത്തിയ നിർമാണ പ്രവൃത്തിയിൽ ഓവുചാലുകൾ ഉൾപ്പെടുത്തിയിട്ടില്ല. കുഴികൾ രൂപപ്പെട്ട ഭാഗത്തെ കുന്നിനു മുകളിലാണ് മെഡിക്കൽ കോളജ് കെട്ടിടം. ഇവിടെ കെട്ടിടങ്ങളിൽനിന്നും മറ്റുമുള്ള വെള്ളം കുത്തിയൊലിച്ച് ദേശീയപാതയിൽ എത്തുക പതിവാണ്. ഈ വെള്ളം ഓവുചാലുകൾ ഇല്ലാത്തതിനാൽ റോഡിലൂടെ തന്നെയാണ് ഒഴുകുന്നത്. ഇതാണ് റോഡ് തകർച്ചക്ക് പ്രധാന കാരണം. മധ്യത്തിൽ ഡിവൈഡർ ഉള്ളതിനാൽ വാഹനങ്ങൾക്ക് കുഴി ഒഴിവാക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. വൻ ദുരന്തം നടക്കുന്നതിനുമുമ്പ് കുഴിയടക്കാൻ നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.