ചെറുമീന്‍പിടിത്തം സമുദ്രോല്‍പന്നമേഖല തകര്‍ക്കുന്നു

മംഗളൂരു: ആഴക്കടല്‍ മത്സ്യബന്ധനബോട്ടുകള്‍ കണ്ണിയടുപ്പമുള്ള വലകള്‍ ഉപയോഗിച്ച് ചെറുമീനുകളെ പിടിക്കുന്നത് കടല്‍വിഭവമേഖലയില്‍ വന്‍ ഇടിവുണ്ടാക്കുന്നതായി പരാതി. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ 250 ഗ്രാം മുതല്‍ 10 കി.ഗ്രാം വരെ തൂക്കമുണ്ടാവുന്ന വിവിധയിനം മീനുകള്‍ 10 മുതല്‍ 25 ഗ്രാംവരെ മാത്രം തൂക്കമുള്ള ഇളംപ്രായത്തിലാണ് വലകള്‍ക്കകത്താകുന്നത്. കി. ഗ്രാമിന് 100 മുതല്‍ 1000 രൂപവരെ വില ലഭിക്കാവുന്ന മീനുകള്‍ പരല്‍പ്രായത്തില്‍ പിടിച്ച് വില്‍ക്കുമ്പോള്‍ ലഭിക്കുന്നത് കി. ഗ്രാമിന് 10 രൂപ. ഈ പ്രശ്നം കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ നാഷനല്‍ ഫിഷ് ഫോറം സംഘടിപ്പിച്ച സെമിനാറിൽ ചര്‍ച്ചക്ക് വന്നിരുന്നതായി മത്സ്യവ്യാപാരികളുടെ അസോസിയേഷന്‍ പ്രസിഡൻറ് കൃഷ്ണ ഡി. സുവര്‍ണ പറഞ്ഞു. ഇതി‍​െൻറ ഫലമായി മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമായ മല്‍പെയില്‍പോലും ഒരു പരിശോധനയുമില്ല. നിരോധനം കഴിഞ്ഞയുടന്‍ വൻതോതിലുള്ള മീൻപിടിത്തവും തുടങ്ങി. സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന വിലക്കുകെളക്കാള്‍ സ്വയം നിയന്ത്രണത്തിന് മത്സ്യത്തൊഴിലാളികള്‍ സന്നദ്ധമാകുന്നതാവും സമുദ്രോല്‍പന്ന സമ്പല്‍സമൃദ്ധിക്ക് സഹായകമെന്ന് സുവര്‍ണ അഭിപ്രായപ്പെട്ടു. മല്‍പെയില്‍ മാത്രം 1000 ബോട്ടുകള്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്നു. മീനുകള്‍ മുട്ടയിടാന്‍ തെരഞ്ഞെടുക്കുന്ന ഇരുണ്ടസ്ഥലങ്ങള്‍ മീന്‍പിടിത്തക്കാര്‍ക്കറിയാം. ശേഷികൂടിയ വിളക്കുകള്‍ തെളിയുന്ന ബോട്ടുകള്‍ ആ ഭാഗത്തേക്ക് നീങ്ങുന്നു. പ്രകാശത്തില്‍ ആകൃഷ്ടരായി മുകളിലേക്കുവരുന്ന ഈ മത്സ്യങ്ങള്‍ വലകളില്‍ കുടുങ്ങുന്ന അവസ്ഥയുമുണ്ട്. മറൈന്‍ പ്രൊഡക്ട് എക്സ്പോര്‍ട്ട് െഡവലപ്മ​െൻറ് അതോറിറ്റി നിലവിലുണ്ടെങ്കിലും ഈ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടക്കുന്നതായി ആക്ഷേപമുണ്ട്. കര്‍ണാടകയില്‍നിന്ന് പുറത്തേക്കുള്ള മത്സ്യനീക്കം, ഉള്ളാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമുദ്രോല്‍പന്ന സംസ്കരണ ഫാക്ടറികള്‍ തുടങ്ങിയവയെ ബാധിക്കുന്നതാണ് പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.