കഞ്ചാവ്​ കടത്ത്​: മുഖ്യ സൂത്രധാരൻ അറസ്​റ്റിൽ

കണ്ണൂര്‍: വടക്കന്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തി​െൻറ മുഖ്യസൂത്രധാരന്‍ അറസ്റ്റിൽ. ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് കണ്ണാടിപ്പറമ്പ് സ്വദേശി കെ.പി. ഹിലാലിനെ (30) ജില്ല പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ബംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരുന്ന സുഹൃത്തുക്കള്‍ വഴിയാണ് ഇയാള്‍ കഞ്ചാവ് കണ്ണൂരിലെത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ആയുര്‍വേദ മരുന്നാണെന്ന് പറഞ്ഞാണ് കൊടുക്കേണ്ടയാളുടെ മേല്‍വിലാസം സഹിതം കഞ്ചാവ് കൈമാറുന്നത്. കൊണ്ടുവരുന്നവര്‍ക്ക് യാത്രാചെലവിനായി 1000 രൂപയും നൽകും. ഒരാഴ്ച മുമ്പ് ഇയാളുടെ സുഹൃത്ത് വിഷ്ണുവി​െൻറ കൈവശം കൊടുത്തയച്ച അഞ്ചുകിലോ കഞ്ചാവ് ടൗണ്‍ പൊലീസ് പിടികൂടിയിരുന്നു. വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രകനെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച പുലർച്ചെ കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡില്‍വെച്ചാണ് ഹിലാലിനെ പൊലീസ് തന്ത്രപരമായി കുടുക്കിയത്. ആവശ്യക്കാരനാണെന്നു പറഞ്ഞ് ഫോണില്‍ വിളിച്ച് പ്രതിയെ കണ്ണൂരിലെത്തിക്കുകയായിരുന്നു. ടൗണ്‍ സി.ഐ ടി.കെ. രത്‌നകുമാര്‍, എസ്.ഐ ഷാജി പട്ടേരി, ഷാഡോ പൊലീസുകാരായ സുഭാഷ്, അജിത്ത്, മഹേഷ്, നിധിന്‍ തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.