പഠിക്കാത്ത തൊപ്പിക്കാരൻ മൂന്നാറി​െൻറ അക്ഷരവെളിച്ചം...

പഠിക്കാത്ത തൊപ്പിക്കാരൻ മൂന്നാറിൻെറ അക്ഷരവെളിച്ചം... മൂന്നാർ: ഒൗപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും മലയോര ജനതക്ക് അക്ഷര വെളിച്ചം പകരുകയാണ് ഇദ്ദേഹം. പതിറ്റാണ്ടുകളായി മൂന്നാറിൻെറ അറിയപ്പെടാത്ത സാംസ്കാരിക പ്രവർത്തകനായി ഇൗ മനുഷ്യനുണ്ട്. മൂന്നാർ ജനതക്ക് ഇദ്ദേഹം പത്രം ഏജേൻറാ പുസ്തക വിൽപനക്കാരനോ ആണ്. മൂന്നാർ ബി.എം. റഹിം എന്നറിയപ്പെടുന്ന തൊപ്പിക്കാരൻ. പതിറ്റാണ്ടുകളായി കറുത്ത ഷർട്ടും വെള്ളമുണ്ടും ധരിച്ച് രോമത്തൊപ്പിയും അണിഞ്ഞ് മാത്രം ഹൈേറഞ്ചുകാർ അറിയുന്ന മൂന്നാർ ബി.എം. റഹിം. കണ്ണൻ ദേവൻ കമ്പനിയിലെ റോളർ ഡ്രൈവറായി മൂന്നാറിലെത്തിയ എറണാകുളം ജില്ലയിലെ പട്ടിമറ്റം സ്വദേശിയായ മൈതീൻെറ മകനാണ് റഹിം. അന്ന് മൂന്നാറിലെ കൊടുംതണുപ്പും കനത്ത മഴയും കാരണം പഠിക്കാൻ സ്കൂളിലയച്ചില്ല. പകരം മാത്യു എന്നൊരാൾ വീട്ടിലെത്തി രണ്ടുവർഷം പഠിപ്പിച്ചു. അവിടെ അവസാനിച്ചു മലയാള പഠനം. പിന്നെ കൂട്ടുകാർ തമിഴാണ് പഠിപ്പിച്ച് കൊടുത്തത്. തുടർപഠനവും സ്വയം ഏറ്റെടുത്തു. കൂട്ടുകാരും അയൽവാസികളും തമിഴ് വംശജരായതിനാൽ വായിക്കാൻ കിട്ടിയതൊക്കെ തമിഴ്. ഇതിനിടെ പിതാവ് കമ്പനിയിൽനിന്ന് വിരമിച്ചു. കുടുംബം പട്ടിമറ്റത്തേക്ക് മടങ്ങിയെങ്കിലും തമിഴ് പുസ്തകങ്ങൾ കിട്ടാതായതോടെ റഹിം അസ്വസ്ഥനായി. കുറച്ചുനാൾ തപാലിൽ ചില വാരികകൾ വരുത്തി. എങ്കിലും നാടുമായി പൊരുത്തപ്പെടാൻ കഴിയാതെ വന്നതോടെ റഹിം മൂന്നാറിലെ ബന്ധുക്കളെ തേടി തിരിച്ചെത്തി. 11 വയസ്സുള്ളപ്പോഴായിരുന്നു ഇതെന്നാണ് റഹിം പറയുന്നത്. ജനനത്തീയതിയും വർഷവും ഒന്നും ഒാർമയില്ലാത്തതിനാൽ കൃത്യമായി അറിയില്ല. എങ്കിലും 60 വർഷം കഴിഞ്ഞിരിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. പത്ര വിതരണക്കാരനായാണ് മൂന്നാറിലേക്കുള്ള തിരിച്ചുവരവ്. അപ്പോഴേക്കും തമിഴിൽ കഥയും കവിതയും എഴുതി തുടങ്ങിയിരുന്നു. ചിത്രവും വരക്കും. ഇതൊക്കെ ഇപ്പോഴും തുടരുന്നു. സ്വന്തം കഥയും കവിതയും മാത്രമല്ല, കൂട്ടുകാരുടെ രചനകളും പ്രസിദ്ധീകരിക്കാനുള്ള മാധ്യമമെന്ന നിലയിൽ കൈയെഴുത്ത് മാസിക തുടങ്ങി. 'വളർമതി' എന്ന പേരിലായിരുന്നു അത്. 12 വർഷം മുടങ്ങാതെ പുറത്തിറക്കി. ഇപ്പോഴത്തെ കാളിനിവാസ് ബിൽഡിങ്ങിലെ ഒരു മുറിയിൽ വായനശാലയും തുടങ്ങി. അഞ്ചുവർഷം പ്രവർത്തിച്ചു. അതിനിടെ പെരിയാർ സാഹിത്യം വായിച്ച് അദ്ദേഹത്തിൻെറ അനുയായിയായി. അന്ന് മുതലാണ് കറുത്ത ഷർട്ട് ധരിച്ചു തുടങ്ങിയത്. എം.ജി.ആറിൻെറ ഇഷ്ടമായതിനാൽ രോമത്തൊപ്പിയും അണിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ എം.ജി.ആർ മൂന്നാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നപ്പോൾ നേരിൽ കാണുകയും ചെയ്തു. അതിനിടെയാണ് സ്വന്തമായി പത്ര ഏജൻസികൾ തുടങ്ങിയത്. ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ഏജൻസികളും എടുത്തു. മൂന്നാറിൽ ബുക്ക് സ്റ്റാളും ആരംഭിച്ചു. വിൽക്കാൻ മാത്രമല്ല, പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കുവേണ്ടി പുസ്തകങ്ങളും വാങ്ങി നൽകുമായിരുന്നു. ഇതിനു പുറമെ സ്വന്തം വായനക്കുള്ള തമിഴ് പുസ്തകങ്ങൾ വേറെയും. പതിനായിരക്കണക്കിനു പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ഇതൊന്നും സൂക്ഷിക്കാൻ ഇടമില്ലെന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ദേവികുളത്തെ ചെറിയ വീട്ടിൽ കുറെ പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. മകളുടെ വീടിനു പുറത്ത് മഴയും വെയിലുമേറ്റ് ആയിരക്കണക്കിനു പുസ്തകങ്ങൾ. എല്ലാം തമിഴ് സാഹിത്യം. പെരിയാർ, അണ്ണ, എം.ജി.ആർ തുടങ്ങി തമിഴ് നേതാക്കളുടെ ജീവചരിത്രങ്ങൾ തന്നെയുണ്ട് അനവധി. അപൂർവ പുസ്തകങ്ങളാണ് ഇവയിൽ പലതും. മൂന്നാറിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു തമിഴ് മാസികയിൽ കോളം ചെയ്യുന്നുണ്ട്. നിരവധി മാധ്യമങ്ങളുടെയും ആനുകാലികങ്ങളുടെയും ഏജൻറുമാണ്. പ്രസിദ്ധീകരണങ്ങളാണ് ജീവിതമെന്നാണ് ഇദ്ദേഹത്തിൻെറ പക്ഷം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.