പ്രൈമറിതലത്തിൽ ഒാൺലൈൻ ക്ലാസുകൾക്ക്​ വിലക്ക്​

-നിരോധനം ഏഴാം ക്ലാസ് വരെ ദീർഘിപ്പിക്കണമെന്ന് മന്ത്രിമാർ ബംഗളൂരു: കർണാടകയിൽ അഞ്ചാം ക്ലാസ് വരെയുള്ള എല്ലാതരം ഒാൺലൈൻ ക്ലാസുകളും നിർത്തിവെക്കാൻ സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞദിവസം സംസ്ഥാനത്തെ പ്രീ സ്കൂൾ മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ തത്സമയ ഒാൺലൈൻ ക്ലാസുകൾ നിർത്തിയുള്ള തീരുമാനം വന്നതിനുപിന്നാലെയാണ് റെക്കോഡ് ചെയ്ത് സംപ്രേഷണം ചെയ്യുന്ന ഒാൺലൈൻ ക്ലാസുകളും നിർത്താൻ ഉത്തരവിട്ടത്. ഇതിന് പിന്നാലെ ഒാൺലൈൻ ക്ലാസുകൾ നിർത്തിവെച്ച നടപടി ഏഴാം ക്ലാസ് വരെ നീട്ടണമെന്ന ആവശ്യവും മന്ത്രിമാർ ഉന്നയിച്ചു. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ തത്സമയ ഒാൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ വിദ്യാർഥികൾ ബുദ്ധിമുട്ടുന്ന പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ മന്ത്രിമാർ ഇക്കാര്യം ആവശ്യപ്പെട്ടത്. രക്ഷിതാക്കളുടെ പരാതിയും വിദഗ്ധരുടെ നിർദേശവും കണക്കിലെടുത്താണ് സംസ്ഥാനത്തെ എല്ലാ സിലബസിലുമുള്ള എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ഒാൺലൈൻ ക്ലാസുകൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടൊപ്പം, പ്രൈമറി ക്ലാസുകളിലെ കുട്ടികൾ ഏറെനേരം ഡിജിറ്റൽ ഗാഡ്ജറ്റുകളിൽ നോക്കിയിരിക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് നിംഹാൻസിലെ വിദഗ്ധർ ഉൾപ്പെടെ സർക്കാറിനെ അറിയിച്ചിരുന്നു. സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഒരുവിധ ഒാൺലൈൻ ക്ലാസും തൽക്കാലത്തേക്ക് നടത്താൻ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അഞ്ചാം ക്ലാസ് വരെയുള്ള ഒാൺലൈൻ ക്ലാസുകൾ നിർത്തിയത് ഏഴാം ക്ലാസ് വരെ ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും സ്കൂളുകളിലെ ക്ലാസുകൾക്ക് ഒരിക്കലും ഒാൺലൈൻ ക്ലാസുകൾ പകരമാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ പറഞ്ഞു. അതേസമയം, സെക്കൻഡറി ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള തത്സമയ ഒാൺലൈൻ ക്ലാസുകൾ തുടരും. അധ്യയനവർഷം ആരംഭിക്കാൻ വൈകുമെന്നിരിക്കെ പ്രൈമറി ക്ലാസിലെ വിദ്യാർഥികളെ പഠനകാര്യങ്ങളിൽ സജീവമാക്കി നിർത്തുന്നതിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പ്രഫ. എം.കെ. ശ്രീധരൻെറ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെയും സർക്കാർ നിയോഗിച്ചു. എന്നാൽ, സ്കൂൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിൽ നല്ലരീതിയിൽ േപാകുന്ന ഒാൺലൈൻ ക്ലാസുകൾ നിർത്തിവെച്ചതിനെതിരെ സ്വകാര്യ സ്കൂൾ മാനേജ്മൻെറുകളും രംഗത്തെത്തിയിട്ടുണ്ട്. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.