കളിപ്പാട്ടങ്ങൾ വാങ്ങി പുഞ്ചിരിയോടെ അവർ മടങ്ങി

ബംഗളൂരു: പ്രതിസന്ധി ഘട്ടത്തിൽ വിഷമത്തോടെ നാട്ടിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ മക്കൾ പുഞ്ചിരിയോടെയാണ് കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്ന് യാത്രയായത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തെ സന്തോഷത്തോടെ യാത്രയാക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ മക്കൾക്ക് പ്രശസ്തമായ ചന്നപട്ടണ കളിപ്പാട്ടങ്ങളാണ് നൽകിയത്. മരം ഉപയോഗിച്ച് നിർമിച്ച മനോഹരമായ ചന്നപട്ടണയിലെ കളിപ്പാട്ടങ്ങൾ കൈകളിൽ പിടിച്ചുകൊണ്ടാണ് കുട്ടികൾ ട്രെയിനിലേക്ക് കയറിയത്. പുഞ്ചിരി തിരികെ കൊണ്ടുവരിക എന്നപേരിൽ ബംഗളൂരു റെയിൽവേ ഡിവിഷൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് ശ്രമിക് ട്രെയിനിൽ മടങ്ങുന്ന തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. 700 ലധികം ചന്നപ്പട്ടണ കളിപ്പാട്ടങ്ങളാണ് കുട്ടികൾക്കായി നൽകിയത്. ബംഗളൂരു റെയിൽവേ ഡിവിഷനാണ് കളിപ്പാട്ടങ്ങൾ എത്തിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ബംഗളൂരു ഡിവിഷൻ ഡി.ആർ.എം അശോക് കുമാർ വർമ നിർവഹിച്ചു. കഴിഞ്ഞ ദിവസം ജൈൻ ക്രിയേറ്റിവ് ഇംപ്രഷൻ സ്പോൺസർ ചെയ്ത മിഠായികളും പാവകൾ ഉൾപ്പെടെയുള്ള കളിപ്പാട്ടങ്ങളും നൽകിയിരുന്നു. കോവിഡ് വൈറസ് ബാധ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയത് തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയുമാണ്. ജോലി നഷ്ടപ്പെട്ടവരും വീട്ടുകാരിൽനിന്നും അകന്നു നിൽക്കുന്നവരുമാണ് ശ്രമിക് ട്രെയിനുകളിൽ നാട്ടിലേക്ക് മടങ്ങുന്നവരിൽ ഭൂരിഭാഗം പേരും. സങ്കടത്തോടെയാണ് ഇവരുടെ മടക്കം. കുട്ടികളെ സന്തോഷത്തോടെ യാത്രയാക്കുന്നതിൻെറ ഭാഗമായാണ് അവർക്ക് കളിപ്പാട്ടങ്ങളും മിഠായികളും നൽകിയത്. പരമ്പരാഗത കരകൗശലവിദ്യയിൽ തടിയും സ്വഭാവികമായ കളറും ഉപയോഗിച്ച് നിർമിക്കുന്ന ചന്നപ്പട്ടണ കളിപ്പാട്ടങ്ങൾ പരിസ്ഥിതി സൗഹാർദമാണ്. റെയിൽവേയുടെ പദ്ധതി ചന്നപ്പട്ടണയിലെ പരമ്പരാഗത കരകൗശല മേഖലയിലുള്ള കുടുംബങ്ങൾക്കും സഹായകമായി. ബാർബർ ഷാപ്പുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ ബംഗളൂരു: ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതുടർന്ന് ബാർബർ ഷാപ്പുകളും സലൂണുകളും തുറന്നതോടെ പുതിയ മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. ബാർബർ ഷാപ്പിൽ എത്തുന്നവരും ജോലിക്കാരും മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം. ബാർബർ ഷോപ്പുകളുടെ മുന്നിൽ സാമൂഹിക അകലം പാലിക്കേണ്ടത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണം. എല്ലാ ബാർബർ ഷോപ്പുകൾക്ക് മുന്നിലും സാനിറ്റൈസർ ഉണ്ടാകണം. ബാർബർഷാപ്പിലേക്ക് എത്തുന്നവർ ഉള്ളിലേക്ക് കയറുമ്പോഴും ഇറങ്ങിവരുമ്പോഴും ജീവനക്കാർ ജോലിക്ക് മുമ്പും പിമ്പും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധമാക്കണം. പനി, ജലദോഷം, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളവരെ കടയിലേക്ക് പ്രവേശിപ്പിക്കരുത്. കടയിലെ എല്ലാ ജീവനക്കാരും വ്യക്തിശുചിത്വം പാലിക്കുകയും ജോലിക്ക് മുമ്പായി മാസ്കും കൈയുറകളും മേൽവസ്ത്രവും ധരിക്കണം. ഒരോരുത്തർക്കും പ്രത്യേക ടവലുകൾ നൽകണം. ഒരു വ്യക്തിക്ക് നൽകിയ ടവലുകൾ മറ്റൊരു വ്യക്തിക്ക് നൽകരുത്. ഒരാൾക്കു വേണ്ടി ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കി മുപ്പത് മിനിറ്റിനുശേഷം മാത്രമെ വീണ്ടും ഉപേയാഗിക്കാൻ പാടുള്ളൂ. മതിയായ ഇരിപ്പിടം ഇല്ലാത്ത ബാർബർ ഷാപ്പുകളിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തണം. കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും ഉപഭോക്താക്കൾ തമ്മിൽ പാലിക്കുന്നുണ്ടെന്ന് കടയുടമകൾ ഉറപ്പുവരുത്തണം. കടയും കടയിലേക്കുള്ള ലിഫ്റ്റ്, പടിക്കെട്ടുകൾ പോലുള്ള സ്ഥലങ്ങൽ അണുവിമുക്തമാക്കണം. കടയുടെ തറയും മറ്റും സോഡിയം ഹൈപ്പോക്ലൊറൈറ്റ് ഉപയോഗിച്ച് പതിവായി വൃത്തിയാക്കണം. ഇതുകൂടാതെ ബാർബർ ഷാപ്പുകളിലും സലൂണുകളിലും ബാക്കിയാവുന്ന ബ്ലേഡുകൾ, ഡിസ്പോസിബിൾ റേസറുകൾ തുടങ്ങിയ മാലിന്യങ്ങൾ പ്രത്യേക ബാഗിൽ ശേഖരിക്കണം. മാലിന്യങ്ങൾ ബയോ മെഡിക്കൽ മാലിന്യ നിർമാർജന ഏജൻസിക്ക് കൈമാറണം. ലോക്ഡൗൺ പ്രഖ്യാപിച്ച് 57 ദിവസങ്ങൾക്കുശേഷമാണ് ബാർബർഷാപ്പുകൾ വീണ്ടും തുറന്നത്. ലോക്ഡൗൺ വിഷമഘട്ടം മറികടക്കാൻ എല്ലാ ബാർബർ ഷോപ്പുടമകൾക്കും സർക്കാർ 5,000 രൂപ ധനസഹായം നൽകിവരുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ; ടൈംടേബിൾ പുറത്തിറക്കി ബംഗളൂരു: ജൂൺ 25 മുതൽ ജൂലൈ മൂന്നുവരെ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ വിശദമായ ടൈംടേബിൾ കർണാടക സെക്കൻഡറി എക്സാമിനേഷൻ ബോർഡ് പുറത്തിറക്കി. വിദ്യാർഥികളുടെ ആവശ്യ പ്രകാരം കണക്ക്, സയൻസ്, സാമൂഹ്യ ശാസ്ത്രം എന്നീ പരീക്ഷകൾക്കിടയിൽ ഒരോ ദിവസവം ഇടവേളയുണ്ടാകും. പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് സാനിറ്റൈസറുകളും നൽകും. പരീക്ഷക്ക് ഡ്യൂട്ടിയിലുള്ളവരെയും പരിശോധനക്ക് വിധേയമാക്കും. ജൂൺ 25 ന് രണ്ടാം ഭാഷ (ഇംഗ്ലീഷ്, കന്നട), ജൂൺ 26 ന് മെക്കാനിക്കൽ ആൻഡ് ഇലക്ട്രിക്കൽ എൻജീനിയറിങ്, എൻജീനിയറിങ് ഗ്രാഫിക്സ്, ഇലക്ട്രോണിക്സ് എൻജീനിയറിങ്, കമ്പ്യൂട്ടർ സയൻസ്, അർഥശാസ്ത്ര, ജൂൺ 27 ന് കണക്ക്, സാമൂഹ്യ പാഠം, 29ന് സയൻസ്, സ്റ്റേറ്റ് സയൻസ്, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ജൂലൈ ഒന്നിന് സാമൂഹ്യ ശാസ്ത്രം, ജൂലൈ രണ്ടിന് ഒന്നാം ഭാഷ (കന്നട, തെലുഗു, ഹിന്ദി, മറാത്തി, ഉർദു, തമിഴ്, ഇംഗ്ലീഷ്, സംസ്കൃതം), ജൂലൈ മൂന്നിന് മൂന്നാം ഭാഷ (ഹിന്ദി, കന്നട, ഇംഗ്ലീഷ്, അറബി, പേർഷ്യൻ, ഉർദു, സംസ്കൃതം, കൊങ്കണി, തുളു), ജൂലൈ മൂന്നിന് നാഷനൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിം വർക്ക് എക്സാമിനേഷൻ, ഇൻഫർമേഷൻ ടെക്നോളജി, റിട്ടെയിൽ, ഒാട്ടോമൊബൈൽ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ് വെൽനെസ്. അന്തർ ജില്ല യാത്രക്ക് പാസ് വേണ്ട ബംഗളൂരു: സംസ്ഥാനത്ത് അന്തർ ജില്ല യാത്രക്ക് പൊലീസ് പാസ് ആവശ്യമില്ലെന്ന് ഡി.ജി.പി പ്രവീൺ സൂദ് പറഞ്ഞു. എന്നിരുന്നാലും അത്യാവശ്യത്തിനായി മാത്രം യാത്ര ചെയ്യുക. വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയിലുള്ള കർഫ്യൂവിനെക്കുറിച്ച് ആരും മറക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. പാസ് ആവശ്യമില്ലെങ്കിലും എല്ലാ ജില്ല അതിർത്തികളിലും ചെക്പോസ്റ്റുകളുണ്ടാകും. ജില്ല അതിർത്തി കടന്നുള്ള യാത്രയുടെ ഉദ്ദേശ്യം വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനെ അറിയിക്കണം. ക്വാറൻറീൻ നിശ്ചയിച്ചിരിക്കുന്നവർ വാഹനത്തിലുണ്ടെങ്കിൽ വാഹനം കസ്റ്റഡിയിൽ എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉന്നത െപാലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.