കർണാടകയിലേക്കുള്ള യാത്രയിൽ കർശന നിയന്ത്രണം

- സംസ്ഥാനത്ത് താമസിക്കുന്നവർക്കായിരിക്കും പാസ് നൽകുക ബംഗളൂരു: സോണുകൾ വ്യത്യാസമില്ലാതെ മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലേക്ക് എത്തുന്നവർക്ക് നിർബന്ധിത സർക്കാർ നിരീക്ഷണം ഏർപ്പെടുത്തിയതിന് പിന്നാലെ കൂടുതൽ കർശന നിയന്ത്രണവുമായി യെദിയൂരപ്പ സർക്കാർ. കർണാടകയിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും തിരിച്ചുവരുന്നതിനായി പാസ് നൽകുക. കർണാടകത്തിൽ താമസിക്കാതെ വെറുതെ വന്നുപോകുന്നവരെ നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനം. സേവാ സിന്ധു വെബ്സൈറ്റ് കർണാടകത്തിലേക്ക് വരുന്നതിനുള്ള പാസ് എടുക്കണം. കേരളത്തിൽനിന്ന് ഉൾപ്പെടെ വരുന്നവർ സർക്കാറിൻെറ ക്വാറൻറീൻ കേന്ദ്രങ്ങളിൽ 14 ദിവസം കഴിയണം. ഞായറാഴ്ച രാത്രി എത്തിയവരെ ഉൾപ്പെടെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കർണാടകയിൽ കുടുങ്ങിയവർക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കർണാടക ആർ.ടി.സി ബസുകൾ പ്രത്യേക അന്തർ സംസ്ഥാന സർവിസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കർണാടകയുടെയും എത്തിച്ചേരുന്ന സംസ്ഥാനത്തിൻെറയും പാസ് നിർബന്ധമാണ്. ഇത് യാത്രക്കാർ എടുക്കേണ്ടതുണ്ട്. തിരിച്ചെത്തുന്നവരിൽ കർണാടകയിൽ താമസിക്കുന്നവർക്കാണ് പരിഗണന നൽകുന്നത്. ഇവിടെത്തെ മേൽവിലാസം ഉൾപ്പെടെ നൽകുന്നവർക്കായിരിക്കും പാസ് നൽകുക. പാസില്ലാതെ ആരെയും പ്രവേശിപ്പിക്കില്ല. ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെയും ഇപ്പോൾ തുടരുന്ന സ്ഥലത്ത് ഉപജീവനത്തിന് മാർഗമില്ലാത്തവർക്കുമാണ് പാസ് ലഭിക്കുന്നതിന് മുൻഗണന. രോഗവ്യാപനം കൂടുതലുള്ള ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നും കേരളം ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലെത്തുന്നവർ 14 ദിവസം സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ നിർബന്ധമായും കഴിയണമെന്ന ഉത്തരവും തിങ്കളാഴ്ച പുറത്തിറങ്ങി. ഞായറാഴ്ച രാത്രി മുതൽ സോണുകൾ വ്യത്യാസമില്ലാതെ കേരളത്തിൽനിന്ന് ഉൾപ്പെടെ എത്തിയ എല്ലാവരെയും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയിരുന്നു. സ്കൂളുകൾ, ഹോസ്റ്റലുകൾ, കല്യാണമണ്ഡപം തുടങ്ങിയവയായിരിക്കും സൗജന്യമായി കഴിയാവുന്ന സർക്കാർ നിരീക്ഷണ കേന്ദ്രങ്ങൾ. സ്വന്തം ചെലവിൽ സർക്കാർ നിർദേശിക്കുന്ന ഹോട്ടലുകളിലും കഴിയാം. സംസ്ഥാനത്തേക്ക് അടിയന്തര സാഹചര്യത്തിൽ എത്തേണ്ടവർ മാത്രമേ ഈ സാഹചര്യത്തിൽ എത്താവുവെന്നും 14 ദിവസം നിർബന്ധിത നിരീക്ഷണത്തിന് തയാറാകുന്നവർ മാത്രം പാസിനായി അപേക്ഷിക്കാവുെവന്നും അധികൃതർ അറിയിച്ചു. സര്‍ക്കാര്‍ നിരീക്ഷണകേന്ദ്രങ്ങളുടെ ലഭ്യതയും സൗകര്യവും നോക്കിയായിരിക്കും കർണാടകയിലേക്കുള്ള പാസുകൾ നൽകുക. ഗോവയിൽനിന്നും കർണാടകയിലേക്ക് വരുന്നവർക്ക് അതാത് ഡെപ്യൂട്ടി കമീഷണർമാരുടെ നിർദേശത്തോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാം. സർക്കാർ തീരുമാനമറിയാതെ വീടുകളിൽ നിരീക്ഷണത്തിലാകാൻ തയാറായി പാസുമായി എത്തിയ നിരവധി പേരെ ബംഗളൂരു അതിർത്തിയിൽനിന്നും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. അജ്മീർ, അഹ്മദാബാദ്, മുംബൈ എന്നിവിടങ്ങളിൽനിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കർണാടക നിയന്ത്രണം കടുപ്പിച്ചത്. ............................
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.