ബംഗളൂരുവിൽ 'ഇടിമുഴക്കം'; ആശയക്കുഴപ്പത്തിൽ വീണ്​ ജനം

-ഭൂകമ്പം മുതൽ അന്യഗ്രഹ ജീവികളെ വരെ നഗരത്തിലെത്തിച്ച് ട്വീറ്റുകൾ ! ബംഗളൂരു: ബുധനാഴ്ച ഉച്ചക്കുശേഷം പൊടുന്നനെ ബംഗളൂരുവിൽ വലിയൊരു ഇടിമുഴക്കം. ചിലർ വീട് ഉൾപ്പെടെ കുലുങ്ങിയെന്ന് പറഞ്ഞ് പരിഭ്രാന്തരായി. മറ്റുചിലർ എന്താണ് ശബ്ദമെന്ന് ചോദിച്ച് സമൂഹ മാധ്യമങ്ങളിൽ സജീവമായി. ബംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിൽ കേട്ട ഇടിമുഴക്കം േപാലുള്ള വലിയ ശബ്ദത്തിൽ പരിഭ്രാന്തരായ ജനങ്ങൾക്കു മുന്നിൽ നിഗമനങ്ങളായി യുദ്ധവിമാനങ്ങളും ഭൂകമ്പവും അന്യഗ്രഹ ജീവികളും ക്യാപ്റ്റൻ മാർവലും നിരന്നു. എന്താണ് ആ ശബ്ദമെന്ന തമാശ രീതിയിൽ ട്വിറ്റർ പോസ്റ്റുകളും വാട്സ്ആപ് സന്ദേശങ്ങളും പടർന്നു. യുദ്ധവിമാനമായ മിറാഷ്-2000 പറത്തിയതായിരിക്കാമെന്നുള്ള ട്വീറ്റും ഇതിനിടയിൽ സജീവമായി. ശബ്ദത്തിന് പിന്നാലെ കോവിഡ് വാക്സിനുമായി അനൃഗൃഹ ജീവി എത്തിയതാണെന്നും ട്വീറ്റുകളും വൈറലായി. എവിടെയും നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോർ വിമാനങ്ങൾ പരിശീലന പറക്കൽ നടത്തിയപ്പോഴുണ്ടായ ശബ്ദമാണെന്നാണ് പ്രാഥമിക നിഗമനമെന്നും ബംഗളൂരു സിറ്റി പൊലീസ് അറിയിച്ചെങ്കിലും ഇക്കാര്യം എച്ച്.എ.എല്ലും വ്യോമസേന അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ശബ്ദമുണ്ടായ സമയത്ത് സുഖോയ് -30 യുദ്ധവിമാനം പറത്തിയിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. ഭൂകമ്പം ഉണ്ടായോ എന്നറിയാൻ െസൻസറുകൾ പരിശോധിച്ചപ്പോൾ എവിടെയും പ്രകമ്പനമുണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ശബ്ദത്തിനു പിന്നിൽ എന്താണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചത്. ശബ്ദമുണ്ടായ സമയത്ത് എച്ച്.എ.എൽ റൺവേയിൽനിന്നും വ്യോമസേന പൈലറ്റുമാർ സുഖോയ്- 30 പോർവിമാനം പറത്തിയിരുന്നുവെന്നും 90 ഡിഗ്രി ചെരിവിൽ ടേക് ഒാഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം പത്തു കിലോമീറ്റർ ദൂരത്തിൽവരെ കേൾക്കാമെന്നുമാണ് എച്ച്.എ.എൽ അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, ഇതുകൊണ്ടാണ് ശബ്ദമുണ്ടായതെന്ന് പറയാനാകില്ലെന്നും പരിശോധനയുടെ ഭാഗമായി ഈ സമയം എച്ച്.എ.എൽ പരീക്ഷണ പറക്കൽ നടത്തിയിട്ടില്ലെന്നും അറിയിച്ചു. ശബ്ദമുണ്ടായ സ്ഥലത്ത് പോർവിമാനം പറത്തിയിരുന്നില്ലെന്നാണ് വ്യോമസേന ബംഗളൂരു കേന്ദ്രവും വ്യക്തമാക്കുന്നത്. എന്നാൽ, വ്യോമസേനയുടെ എയർക്രാഫ്റ്റ് സിസ്റ്റംസ് ആൻഡ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മൻെറോ എച്ച്.എ.എല്ലോ പതിവ് പരീക്ഷണ പറക്കൽ നടത്തിയതാകാമെന്നും അത്തരം സന്ദർഭങ്ങളിൽ സൂപ്പർസോണിക് വേഗത ഉണ്ടാകാറുണ്ടെന്നും വ്യോമസേന അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, ഇതെല്ലാം നഗരപരിധി വിട്ടാണ് ചെയ്യാറുള്ളത്. എന്നാൽ, ഇപ്പോഴത്തെ നിയന്ത്രണങ്ങളിൽ നഗരത്തിലെ ശബ്ദം തീവ്രത കുറവായതിനാൽ നഗരത്തിന് പുറത്തുനിന്നുള്ള പോർവിമാനത്തിൻെറ ശബ്ദം ദൂരേക്ക് വരെ എത്താനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അഭിപ്രായപ്പെട്ടു. ബംഗളൂരു എയർപോർട്ട് സ്ഥിതിചെയ്യുന്ന ദേവനഹള്ളി മുതൽ ഐ.ടി ഹബ്ബായ ഇലക്ട്രോണിക് സിറ്റി വരെ ശബ്ദം കേട്ടു. കെങ്കേരി, കല്യാൺ നഗർ, ബംഗളൂരുവിലെ എം.ജി റോഡ്, മാർത്തഹള്ളി, വൈറ്റ്ഫീൽഡ്, സർജാപുർ, ഹെബ്ബാഗൊഡി തുടങ്ങിയ സ്ഥലങ്ങളിലും ശബ്ദം കേട്ടു. -സ്വന്തം േലഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.