ഡൽഹിയിൽനിന്നുള്ള ആദ്യ ട്രെയിനെത്തി; നിർബന്ധിത നിരീക്ഷണത്തിനെതിരെ യാത്രക്കാരുടെ പ്രതിഷേധം

-ഹോട്ടലുകളിലേക്ക് നിർബന്ധിച്ച് മാറ്റിയെന്ന് പരാതി ബംഗളൂരു: രണ്ടുമാസത്തിനുശേഷം ആദ്യ യാത്രാ ട്രെയിൻ ബംഗളൂരുവിലെത്തിയതിന് പിന്നാലെ പ്രതിഷേധവും. ഇതര സംസ്ഥാനത്തുനിന്നും എത്തുന്നവരെ 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ആക്കെുഴപ്പമാണ് സാമൂഹിക അകലം ഉൾപ്പെടെ ലംഘിക്കപ്പെട്ട പ്രതിഷേധത്തിന് വഴിമാറിയത്. പ്രതിഷേധങ്ങൾക്കൊടുവിൽ യാത്രക്കാരെ സർക്കാർ ഏർപ്പെടുത്തിയ ഹോട്ടലുകളിൽ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. ഹോട്ടൽ തുക യാത്രക്കാർ വഹിക്കണം. ലോഡ്ജുകളിലേക്ക് പോകാത്തവരെ സർക്കാറിൻെറ സൗജന്യ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. സർക്കാർ സൗജന്യമായി ഹോസ്റ്റലുകളും മറ്റു സ്ഥാപനങ്ങളും നിരീക്ഷണത്തിനായി ഒരുക്കിയിരുന്നെങ്കിലും ഹോട്ടലുകളിലേക്ക് മാറാൻ നിർബന്ധിച്ചുവെന്നാണ് യാത്രക്കാരുടെ പരാതി. ഡൽഹിയിൽനിന്നും ചൊവ്വാഴ്ച രാത്രി പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (02492) വ്യാഴാഴ്ച രാവിലെ 6.40നായിരുന്നു എത്തേണ്ടിയിരുന്നത്. എന്നാൽ, 45 മിനിറ്റ് വൈകി ട്രെയിൻ 7.30ഒാടെയാണ് ബംഗളൂരു കെ.എസ്.ആർ മജസ്റ്റിക്ക് സിറ്റി റെയിൽവേ സ്റ്റേഷനിലെത്തിയത്. യാത്രക്കാരെ പരിശോധിച്ച് നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി പത്തു പരിശോധന കേന്ദ്രങ്ങളും സജ്ജമാക്കിയിരുന്നു. പൊലീസും ആരോഗ്യ പ്രവർത്തകരും സ്റ്റേഷനിലെത്തിയിരുന്നു. പുറത്തുനിന്നുള്ളവരെ സ്റ്റേഷനിലേക്ക് കയറ്റിയിരുന്നില്ല. ട്രെയിൻ എത്തിയ ഉടൻ നിർബന്ധിത നിരീക്ഷണത്തിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ എതിർപ്പുമായി യാത്രക്കാർ രംഗത്തെത്തുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ നിർബന്ധിത നിരീക്ഷണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും ഡൽഹിയിൽനിന്നും ട്രെയിൻ കയറിയശേഷമാണ് വിവരം അറിയിച്ചതെന്നും യാത്രക്കാർ പറഞ്ഞു. വീടുകളിൽ എത്തി നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നായിരുന്നു യാത്രക്കാർക്ക് ലഭിച്ച വിവരം. അനന്തപുര്‍, ഗുണ്ടകല്‍, സെക്കന്തരാബാദ്, നാഗ്പുര്‍, ഭോപാല്‍ എന്നിവിടങ്ങളില്‍ നിന്നായി ആയിരത്തോളം പേരാണ് ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്കും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും കൊണ്ടുപോകാൻ 15ലധികം ബി.എം.ടി.സി ബസുകളും പുറത്ത് നിർത്തിയിരുന്നു. റെയിൽവേ സ്റ്റേഷൻെറ പുറത്തുള്ള മജസ്റ്റിക്കിലെ 42 ഹോട്ടലുകളിലായി 4,200 മുറികളാണ് സർക്കാർ സജ്ജമാക്കിയിരുന്നത്. സർക്കാറിൻെറ സൗജന്യ ക്വാറൻറീൻ കേന്ദ്രങ്ങളെക്കുറിച്ച് കാര്യമായ വിശദീകരണം നൽകാതെ പണം കൊടുത്ത് താമസിക്കാവുന്ന ലോഡ്ജുകളിലേക്ക് പോകാൻ നിർബന്ധിച്ചതായാണ് പരാതി. എന്നാൽ, 14 ദിവസം ഹോട്ടലില്‍ കഴിയാനുള്ള സാമ്പത്തികമില്ലെന്ന് പറഞ്ഞ് പലരും പ്രതിഷേധിച്ചപ്പോഴാണ് സാമൂഹിക ക്ഷേമ വകുപ്പ് സൗജന്യ താമസം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചത്. മധ്യപ്രദേശ് സര്‍ക്കാറില്‍ നിന്നാണ് യാത്രാ പാസ് ലഭിച്ചതെന്നും ബംഗളൂരുവിലെത്തി വീട്ടില്‍ 14 ദിവസം ക്വാറൻറീനില്‍ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നതെന്നും യാത്രക്കാരിലൊരാള്‍ പറഞ്ഞു. ഹോട്ടലുകളിലേക്ക് പോകുന്നതിനെ എതിർത്തപ്പോൾ കാത്തിരിപ്പുമുറിയിൽ കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ പലരും മണിക്കൂറുകളോളമാണ് കാത്തുനിന്നത്. ട്രെയിനിലും ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു. ഇതിനിടെ, പൊലീസും മറ്റുദ്യോഗസ്ഥരുമെത്തി യാത്രക്കാരോട് സംസാരിച്ചപ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടതിൻെറ വിഡിയോ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. നിർബന്ധിത സർക്കാർ നിരീക്ഷണം ഉണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ തിരിച്ചുവരില്ലായിരുന്നുവെന്നും ചില യാത്രക്കാർ പറഞ്ഞു. എന്നാൽ, നിർബന്ധിത നിരീക്ഷണം സംബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ മുൻകൂട്ടി അറിയിച്ചിരുന്നതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്കു നല്‍കുന്ന നിര്‍ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും ഉദ്യോഗസ്ഥര്‍ കാണിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ ഉച്ചയോടെയാണ് യാത്രക്കാരെ മുഴുവനായും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. 'കോവിഡ് കാലം ഗുരുദർശന പഠനത്തിനുപയോഗിക്കണം' ബംഗളൂരു: കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന ഈ ഘട്ടത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ ലോകത്തിനു നല്‍കിയ ഉപദേശങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടണമെന്ന് ഡോ. ജിജാ മാധവന്‍ ഹരിസിങ്. കര്‍ണാടക ഗുരുധര്‍മ പ്രചാരണ സഭക്ക് നൽകിയ പ്രാർഥന സന്ദേശത്തില്‍ മുന്‍ കര്‍ണാടക ഡി.ജി.പി കൂടിയായ ഡോ.ജിജാ മാധവന്‍ ഹരിസിങ് ഗുരുദർശനത്തിൻെറ പ്രസക്തിയെക്കുറിച്ച് സംസാരിച്ചത്. 'മനുഷ്യാനാം മനുഷ്യത്വം ജാതി', 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നീ ഗുരു വചനങ്ങള്‍ക്ക് കോവിഡ് 19 എന്ന മഹാമാരി കൂടുതല്‍ പ്രസക്തമാക്കുകയാണ്. തത്ത്വോപദേഷ്ടാവായ ഗുരുവിൻെറ പ്രധാന ഒരു കല്‍പനയായ ലളിത ജീവിതം ഇന്ന് സര്‍വത്ര സാധാരണമായിക്കൊണ്ടിരിക്കുന്നു. വിവാഹം തുടങ്ങിയ ആഘോഷങ്ങളില്‍, ഭക്ഷണക്രമങ്ങളിലെല്ലാം ഇത് പ്രകടമാണ്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, വ്യവസായം കരകൗശലം, സാങ്കേതിക ശാസ്ത്ര വിദ്യാഭ്യാസം എന്നീ എട്ടു ലക്ഷ്യങ്ങളാണ് ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരു വെളിപ്പെടുത്തിയത്. മഹാമാരിയെ ചെറുക്കാൻ കേരളത്തിന് കഴിഞ്ഞതും ഈ വിഷയങ്ങളിലെ ജനങ്ങളുടെ ശ്രദ്ധയും പരിപാലവും സഹായകമായി. കേരളത്തിൽ പുതിയ ശീലങ്ങള്‍ക്ക് അടിത്തറ പാകിയതിൽ ശ്രീനാരായണ ഗുരുവിൻെറ തത്വങ്ങൾക്കും സ്വാധീനമുണ്ട്. എന്നാൽ, അദ്ദേഹത്തിൻെറ തത്വചിന്തകളെക്കുറിച്ച് അവബോധം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നില്ല. കോവിഡ് കാലത്ത് ഗുരുദര്‍ശനപഠനത്തിന് കൂടുതല്‍ ശ്രദ്ധ നൽകാൻ ശ്രമിക്കണമെന്നും സന്ദേശത്തിൽ ഡോ.ജിജാ മാധവൻ ഹരിസിങ് പറഞ്ഞു. മുഅല്ലിം സഹായം വിതരണം ബംഗളൂരു: സുന്നിമാനേജ്‍മൻെറ് അസോസിയേഷ‍ൻെറ അംഗീകാരമുള്ള മഹല്ലുകളിൽ സേവനം ചെയ്യുന്ന നൂറോളം അധ്യാപകർക്ക് സുന്നി മാനേജ്‍മൻെറ് നൽകുന്ന സാമ്പത്തിക സഹായ വിതരണോദ്ഘാടനം എസ്.എം.എ പ്രസിഡൻറ് എസ്.എസ്.എ ഖാദർ ഹാജി, എസ്.ജെ.എം. നേതാക്കളായ ബഷീർ സഅദി, സത്താർ മൗലവി എന്നിവർക്ക് നൽകി നിർവഹിച്ചു.സെയ്ത് ഷൗക്കത്തലി സഖാഫി പ്രാർഥന നടത്തി. സെക്രട്ടറി ജലീൽ ഹാജി സ്വാഗതം പറഞ്ഞു. വർക്കിങ് പ്രസിഡൻറ് അബ്ദുൽ റഹ്മാൻ ഹാജി വിഷയാവതരണം നടത്തി. മുജീബ് സഖാഫി, ജമാലുദ്ദീൻ സഹദി, അബ്ദുൽ ലത്തീഫ് അസ്ഹരി, ഹമീദ് ബാഖഫി, ഹാരിസ് മദനി, ഇർഷാദ് ഖാദിരി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.