നഗരസഭയുടെ ആധുനിക അറവുശാല വൈകുന്നു; അനധികൃത കശാപ്പ് തകൃതി

ആലപ്പുഴ: നഗരസഭയുടെ പൂട്ടിയ ആധുനിക അറവുശാല തുറന്നുപ്രവര്‍ത്തിക്കാന്‍ വൈകുന്നതോടെ നഗരത്തില്‍ വീണ്ടും അനധികൃത അറവ് പെരുകി. പരിശോധനയില്ലാതെ നടക്കുന്ന അറവുശാലകള്‍ ഗുരുതര ആരോഗ്യപ്രശ്നമാണ് ഉയര്‍ത്തുന്നത്. ഒന്നര കോടി മുടക്കി 2010ലാണ് അറവുശാല ആലപ്പുഴ വഴിച്ചേരിയില്‍ തുറന്നത്. മാലിന്യപ്രശ്നത്താല്‍ വലഞ്ഞ സമയത്താണ് അന്നത്തെ നഗരസഭ ചെയര്‍മാനായിരുന്ന പി.പി. ചിത്തരഞ്ജന്‍െറ നേതൃത്വത്തില്‍ നഗരത്തില്‍ ആധുനിക അറവുശാല സ്ഥാപിക്കാന്‍ ആലോചനയുണ്ടായത്. പദ്ധതിയുടെ പഠനത്തിനും പ്രായോഗിക വശങ്ങളെക്കുറിച്ച് അന്വേഷിക്കാനും നഗരസഭ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിലെ സംഘം വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചു. ശേഷം രൂപപ്പെടുത്തിയ ബൃഹത്തായ പദ്ധതി കൗണ്‍സില്‍ അംഗീകരിച്ചു. കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, അറവുമാലിന്യം സംസ്കരിക്കാന്‍ പ്രത്യേക പ്ളാന്‍റ് എന്നിവ നഗരസഭ പദ്ധതിയില്‍ ഉള്‍കൊള്ളിച്ചിരുന്നു. തുടക്കത്തില്‍ ഒരേസമയം 50 കാലികളെ കശാപ്പുചെയ്യാനും മാലിന്യം സംസ്കരിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയത്. എന്നാല്‍, ദിവസേന 150 കാലികളെ വരെ കശാപ്പുചെയ്യാന്‍ തുടങ്ങിയതോടെ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായി. പ്ളാന്‍റിന്‍െറ തകരാര്‍ ഭാഗികമായി പരിഹരിച്ച് പ്രവര്‍ത്തനം മുന്നോട്ടുപോയി. ഇതിന് 35 ലക്ഷം അധികമായി നഗരസഭ ചെലവഴിച്ചു. എന്നാല്‍, പ്ളാന്‍റിന് നേരിട്ട തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെവന്നതോടെ അറവുമാലിന്യം എങ്ങനെ സംസ്കരിക്കണമെന്നറിയാതെ നഗരസഭ വെട്ടിലായി. കശാപ്പുമാലിന്യം അറവുശാലക്ക് സമീപം കെട്ടിക്കിടന്നു. ഇത് പിന്നീട് കനാലിലേക്കും തോട്ടിലേക്കും ഒഴുകി. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കി. ഇതോടെ അറവുശാല അടച്ചുപൂട്ടാന്‍ നഗരസഭ നിര്‍ബന്ധിതമായി. ഇപ്പോള്‍ അറവുശാല പരിസരം പ്ളാസ്റ്റിക് മാലിന്യം തള്ളുന്നതിന് ഉപയോഗിച്ചുവരുകയാണ്. നിലവിലെ തകരാറുകള്‍ പരിഹരിച്ച് അറവുശാല നവീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. കട്ടപ്പന നഗരസഭയിലെ അറവുശാല മാതൃകയിലാണ് നവീകരണം നടത്തുന്നത്. ഇതിന് ശുചിത്വമിഷന്‍ മുഖേന രണ്ടര കോടി രൂപയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പണം ലഭിച്ചാല്‍ നവീകരണപ്രവര്‍ത്തനം തുടങ്ങുമെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.