മരണവീട്ടില്‍നിന്ന് ആറുപവന്‍െറ ആഭരണങ്ങള്‍ മോഷ്ടിച്ചു

കായംകുളം: ചേരാവള്ളിയില്‍ വീട് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ സഹോദരിമാരെ തള്ളിവീഴ്ത്തി സ്വര്‍ണമാല പൊട്ടിച്ച് കടന്നു. ചേരാവള്ളി പാണപ്പറമ്പില്‍ രവീന്ദ്രന്‍െറ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. രവീന്ദ്രന്‍െറ ഭാര്യ സുജാത രണ്ടുദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി എത്തിയ സുജാതയുടെ സഹോദരിമാരായ ഗീതയുടെയും ഗിരിജയുടെയും ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. അടുക്കളവാതില്‍ പൊളിച്ചാണ് ബെര്‍മുഡയും ടീഷര്‍ട്ടും ധരിച്ച രണ്ടുപേര്‍ വീടിനുള്ളില്‍ കടന്നത്. പുരുഷന്‍മാര്‍ കിടന്നിരുന്ന മുറി പുറത്തുനിന്നും പൂട്ടിയ ശേഷം മോഷ്ടാക്കള്‍ ഗീതയും ഗിരിജയും കിടന്നിരുന്ന മുറി കുത്തിത്തുറന്നു. ശബ്ദം കേട്ട് ഇരുവരും ഉണര്‍ന്നപ്പോഴേക്കും കള്ളന്‍മാര്‍ അകത്ത് കയറിയിരുന്നു. മുറിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം ഗീതയും ഗിരിജയും ചേര്‍ന്ന് തടഞ്ഞു. ഇരുവരെയും തള്ളിവീഴ്ത്തിയ മോ ഷ്ടാക്കള്‍ ഇവരുടെ മാല പൊട്ടിച്ച് രക്ഷപെടുകയായിരുന്നു. ഗിരിജയുടെ മൂന്നര പവനും ഗീതയുടെ രണ്ടര പവന്‍ സ്വര്‍ണമാലകളാണ് നഷ്ടപ്പെട്ടത്. ഇവര്‍ ബഹളം വെച്ചെങ്കിലും മറ്റ് മുറികളിലുണ്ടായിരുന്നവര്‍ അറിഞ്ഞില്ല. പിന്നീട് ഇവര്‍ താക്കോല്‍ കണ്ടെടുത്ത് മുറി തുറന്നപ്പോഴാണ് പുരുഷന്‍മാര്‍ വിവരം അറിയുന്നത്. കായംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.