ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ഉദ്ഘാടനം 22ന്

ചെങ്ങന്നൂര്‍: ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ചെങ്ങന്നൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. 22ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഓഫിസ് ഉദ്ഘാടനം ചെയ്യുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു. റെയില്‍വേ സ്റ്റേഷന് സമീപം തമ്പുഴത്തില്‍ ബില്‍ഡിങ്ങിന്‍െറ രണ്ടാംനിലയിലാണ് ഓഫിസ് പ്രവര്‍ത്തിക്കുക. ജില്ലയിലെ 125 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ 48,210 വിദ്യാര്‍ഥികള്‍ക്കും 2200 അധ്യാപകര്‍ക്കും പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതിന്‍െറ പ്രയോജനം ലഭിക്കും. നിലവില്‍ ജില്ലയിലെ സ്കൂളുകള്‍ തിരുവനന്തപുരത്തെ ഓഫിസിന്‍െറയും പത്തനംതിട്ട ജില്ലയിലുള്ള സ്കൂളുകള്‍ കോട്ടയത്തെ ഓഫിസിന്‍െറയും കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ ശ്രമഫലമായാണ് രണ്ട് ജില്ലകള്‍ക്കായി അനുവദിച്ച റീജനല്‍ ഡയറക്ടര്‍ ഓഫിസ് ചെങ്ങന്നൂരിന് ലഭിച്ചത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പുതിയ ഓഫിസിന്‍െറ സൗകര്യങ്ങള്‍ പരിശോധിച്ചു. ഹയര്‍ സെക്കന്‍ഡറി ജോയന്‍റ് ഡയറക്ടര്‍ ഡോ. പി.കെ. സാജുദ്ദീന്‍, ആലപ്പുഴ ജില്ലാ കോഓഡിനേറ്റര്‍ ഉഷ, പത്തനംതിട്ട ജില്ലാ കോഓഡിനേറ്റര്‍ എസ്. ജയ, നഗരസഭാ ചെയര്‍പേഴ്സണ്‍ ശോഭാ വര്‍ഗീസ്, കൗണ്‍സിലര്‍മാരായ കെ. ഷിബുരാജന്‍, അശോക് പടിപ്പുരക്കല്‍, പി.വി. ജോണ്‍, വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.ഉദ്ഘാടനം സംബന്ധിച്ച ആലോചനായോഗം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്ങന്നൂര്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് എം.എല്‍.എ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, സ്കൂള്‍ മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.