ചിത്രീകരണം: സജീവ് കീഴരിയൂർ

ശബ്ദങ്ങൾ

റോഡിൽനിന്ന് അൽപ്പം ഉയരത്തിലുള്ള വീട്ടുമുറ്റത്തേക്ക് ശ്രദ്ധയോടെ കാർ കയറ്റുമ്പോഴാണ് മൊബൈൽ ഫോൺ റിങ്ങ് ചെയ്തത്. കാർ ഓഫ് ചെയ്ത്, റിങ്ങ് ടോൺ അവസാനിക്കുന്നതിനു മുമ്പേ ഫോണെടുത്തു. ബഷീറാണ്.

‘‘ഹലോ...’’

‘‘ആ സന്തോഷേ, ബഷീറാ വിളിക്കുന്നേ. ഓള് പറഞ്ഞു നാളെ നീ വീട്ടിലേക്ക് വരുന്ന കാര്യം. പിന്നെ ചാനലുകാരനെ കൂട്ടിയൊന്നും ഇങ്ങോട്ട് വരല്ലേ. ഞാൻ മുങ്ങും’’.

‘‘അല്ലെടാ ബഷീറേ, ചാനലുകാരൻ എന്റെ സുഹൃത്താണ്. നിന്നെപറ്റി ഒരു പോസിറ്റീവ് സ്റ്റോറി നൽകാനാ’’. ബഷീറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

‘‘നമ്മള ജീവിതെല്ലാം അങ്ങനെ പോട്ടെടാ. ദൈവം ഒാരോരുത്തർക്കും സന്തോഷോം കൊടുക്കും വെഷമങ്ങളും കൊടുക്കും. അതൊന്നും പൊറത്തറിയിക്കാൻ എനിക്ക് ഇഷ്ടല്ലാ, അതാ’’.

‘‘ബഷീറേ നീ ശാരീരിക ബുദ്ധിമുട്ടുകൾ അതിജീവിച്ച് മുന്നോട്ട് പോവുന്നത് സമൂഹത്തിലെ മറ്റുള്ളവർക്കും പ്രചോദനമാവുന്ന കാര്യമല്ലേ?’’.

‘‘ഓരോ ചൊറ നീ എടുത്തിടണ്ടാ. ഞാൻ ഒറപ്പായിട്ടും മുങ്ങും’’. ബഷീർ ഫോൺ കട്ട് ചെയ്തു. ബഷീർ പറഞ്ഞാൽ പറഞ്ഞതാ. യു.പി സ്കൂളിലെ പഴയ സഹപാഠികളുടെ സംഗമത്തിന് അവൻ പങ്കെടുക്കാത്ത കാര്യവും പെട്ടെന്ന് ഓർമയിലെത്തി. സ്കൂളിനടുത്തുതന്നെയാണ് ബഷീറിന്റെ വീട്. ആറാം ക്ലാസിൽവെച്ച് ഡിവിഷൻ മാറ്റിയപ്പോൾ അവൻ സി ക്ലാസിൽ എത്തി. രാമകൃഷ്ണനും മൂസാനും ഷാഹുലും ഹാരിസും ദിനേശനുമൊക്കെയായിരുന്നു അവന്റെ പ്രധാനപ്പെട്ട കൂട്ടുകാർ. പഠനത്തെക്കാൾ സ്കൂളിലെ കായിക അധ്വാനം വേണ്ട ജോലികളെടുക്കുന്നതിലായിരുന്നു ബഷീറിന് താൽപര്യം. പിറകിലെ ബെഞ്ചിലിരുന്ന് തല ചെരിച്ചുപിടിച്ച് ജനാലകളിലൂടെ അവൻ പുറത്തേക്ക് ശ്രദ്ധിക്കും. സ്കൂൾ ശിപായിയായിരുന്ന കേശവേട്ടന്റെയോ മാഷന്മാരുടേയോ വിളികൾക്ക് കാതോർക്കും.

സ്കൂൾ കിണറിൽനിന്ന് വെള്ളമെടുക്കാൻ തൊട്ടിയിൽ കെട്ടിയ കയറ് വലിച്ച് ഗേറ്റുവരെ ഓടും. ഉയർന്നുവരുന്ന തൊട്ടിയിലെ വെള്ളം സിമന്റ് തേച്ച ടാങ്കിലേക്ക് ഒഴിക്കാൻ സഹപാഠികൾ കിണറിനടുത്ത് മത്സരിക്കും. ഉപ്പുമാവ് ചെമ്പിനടുത്തും ബഷീറിന്റെ സേവനമുണ്ടാവും. അത്യാവശ്യം കുരുത്തക്കേടുകളും കൈവശമുണ്ടായിരുന്നു. ഒരു ദിവസം സ്കൂളിനു മുന്നിലെ നെല്ലി മരത്തിനടുത്തുവെച്ചാണ് ഷർട്ടിന്റെ പോക്കറ്റിൽനിന്ന് ഒരു പുതിയ നെയിൽ കട്ടർ ബഷീർ പുറത്തെടുത്തത്. അതിനകത്ത് മടക്കിവെച്ചിരുന്ന ചെറിയ പിച്ചാത്തിപോലുള്ള ഭാഗം നിവർത്തിക്കൊണ്ട് ബഷീർ പറഞ്ഞു, ‘എന്നോട് കളിക്കണ്ട’.

സ്കൂൾ വിട്ടതിനുശേഷം കുറേക്കാലം ബഷീറിനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ജീവിതത്തിരക്കുകൾക്കിടയിൽ അന്വേഷിക്കാനും സാധിച്ചില്ല എന്നതാണ് സത്യം. അന്നൊരുനാൾ നാട്ടിലെ കൃഷി ഭവനിൽ ജോലി ചെയ്തിരുന്ന ഭാര്യയാണ് അവളുടെ മൊബൈൽ ഫോണിൽ ഒരു ഫോട്ടോ കാണിച്ച് ചോദിച്ചത് ‘ഇയാളെ അറിയുമോ’ എന്ന്. ബഷീറിന്റെ ഫോട്ടോ. അൽപം കഷണ്ടി കയറിയിട്ടുണ്ട്; കുറ്റിത്താടിയിൽ നരയും.

‘‘ഇയാളെ സമ്മതിക്കേണ്ടതാണ്. കാഴ്ചയില്ലെങ്കിലും എത്ര ശ്രദ്ധയോടെയാണ് പശുക്കളെ പരിചരിക്കുന്നതും തൊഴുത്തൊക്കെ വൃത്തിയാക്കി സൂക്ഷിക്കുന്നതും’’. ബഷീറിന് കാഴ്ചയിലുള്ള ബുദ്ധിമുട്ട് അറിഞ്ഞത് അങ്ങനെയാണ്. പുഴയോരം ചേർന്നുള്ള റോഡിൽനിന്ന് ഇടവഴിയിലേക്ക് തിരിഞ്ഞു. വീടിന്റെ കിഴക്കുഭാഗത്തെ മതിലിൽ മഞ്ഞച്ചെണ്ടുമല്ലികകൾ വിടർന്നു നിൽപ്പുണ്ട്. വരാന്തയിലേക്ക് കസേരകൾ കൊണ്ടിട്ടത് ബഷീർ തന്നെയാണ്.

തൂണിനടുത്തുള്ള കസേരയിൽ ബഷീർ ചാരിയിരുന്നു. ഇടതുകൈ നീട്ടി അയയിൽനിന്ന് ഒരു തോർത്ത് വലിച്ചെടുത്തു. അവന്റെ ഭാര്യ, ഷഹനാസ് മുൻവാതിലിന്റെ കട്ടിളയിൽ പിടിച്ചുനിന്നു.

‘‘കണ്ണിന്റെ ചികിത്സയ്ക്ക് കോയമ്പത്തൂര് വരെ പോയിരുന്നു. ഓപ്പറേഷൻ ചെയ്തിട്ടും കാര്യമില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മനസ്സിലെ കണക്കുകൂട്ടലുകൾ കൊണ്ടാണ് ഇപ്പോൾ കാഴ്ചയില്ലായ്മയെ നേരിടുന്നത്’’. മുഖത്തെ വിയർപ്പ് തോർത്ത് കൊണ്ട് തുടച്ച് ബഷീർ പറഞ്ഞു. രാവിലെയും രാത്രിയും ഇൻസുലിൻ ഇൻജക്റ്റ് ചെയ്യണം.

‘‘ഈ അവസ്ഥയിൽ ഇത്രയും ദൂരം പാലും കൊണ്ടു നടന്നുപോകുന്നത് റിസ്കല്ലേ?’’.

‘‘ഞാൻ നടന്നുപോകുന്ന വഴികളെക്കുറിച്ചും എന്റെ മനസ്സിലൊരു ചിത്രമുണ്ട്. ആ ചിത്രത്തിന്റെ സഹായത്തോടെയാണ് കിലോമീറ്ററുകൾ പിന്നിടുന്നത്. അതിന് ഞാനറിയാതെ മാറ്റങ്ങൾ വരുമ്പോഴാണ് കണക്കുകൾ പിഴക്കുന്നതും അപകടത്തിൽ ചാടുന്നതും. എന്റെ കാലടിയിൽ ഒരു അളവുണ്ട്. വഴിയിലെ തിരിവുകളും പാലു നൽകേണ്ട വീടുകളുമൊക്കെ അങ്ങനെയാണ് തിരിച്ചറിയുന്നത്. കൺകോണുകളിൽ നേരിയ കാഴ്ചയുണ്ടെന്ന് തോന്നുന്നു. അൽപം ചെരിഞ്ഞു നോക്കുമ്പോൾ ഒരു നിഴലുപോലെ ചില രൂപങ്ങൾ തെളിയും’’.

ഷഹനാസ് ചായവെക്കാൻ അടുക്കളയിലേക്ക് പോയി. ‘‘വിവാഹത്തിനുമുമ്പേ കാഴ്ചകൾക്ക് മങ്ങൽ നേരിട്ടിരുന്നു. കുട്ടിക്കാലത്ത് തോണിയിലും കൂർക്ക വാരാനും എത്ര തവണ പുഴയിലേക്ക് പോയതായിരുന്നു. പതുക്കെ പുഴയും വണ്ണാത്തിമാടും തെങ്ങുകളുമൊക്കെ കാഴ്ചയിൽനിന്ന് അപ്രത്യക്ഷമായി. എന്നാലും ഇപ്പോഴും അനുഭവപ്പെടാറുണ്ട്; പശുക്കളെയും തെളിച്ചുപോകുമ്പോൾ പുഴയുടെ സാന്നിധ്യം’’. ബഷീർ നെടുവീർപ്പെട്ടു. മുഖംതോർത്തുകൊണ്ട് ഒരിക്കൽകൂടി തുടച്ചു. പാലും കൊണ്ട് ടൗണിലൂടെ വീടുകളിലേക്ക് പോകുമ്പോൾ പലവട്ടം അപകടങ്ങൾ പറ്റിയിട്ടുണ്ട്. ചെറുതൊന്നും ആരോടും പറയില്ല. ബഷീറിന്റെ റോഡിലെ കണക്കുകൾ ചിലപ്പോൾ തെറ്റിക്കുന്നത് റോഡരികിൽ കേബിളിടാനും പൈപ്പിടാനും ഉണ്ടാക്കിയ കുഴികളാവും.

ഒരു ദിവസം സിദ്ധാശ്രമം ജങ്ഷനിൽ​െവച്ചാണ് ഒരു ടുവീലർ ബഷീറിനെ തട്ടിയിട്ടത്. സഞ്ചിയിലെ പാൽ കുപ്പികൾ മുഴുവൻ റോഡിലേക്ക് ചിതറിവീണു. കൈകളിലും കാലുകളിലും ചോര പൊടിഞ്ഞു. അസഹ്യമായ വേദന അനുഭവപ്പെട്ടെങ്കിലും ആൾക്കാരു കൂടുന്നതിന് മുമ്പേ ആ സ്ഥലത്തുനിന്ന് പെട്ടെന്ന് രക്ഷപ്പെടാനാണ് ബഷീർ ആഗ്രഹിച്ചത്. അതിന് കാരണവുമുണ്ടായിരുന്നു. വാഹനം ഓടിച്ചയാളുടെ അശ്രദ്ധയാണ് അപകട കാരണമെങ്കിലും വ്യാഖ്യാനം മറിച്ചാവും. അത്തരത്തിൽ പല അനുഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. റോഡ് നിശബ്ദമാവുന്ന സമയം തിരിച്ചറിഞ്ഞാണ് സാധാരണ ക്രോസ് ചെയ്യുന്നത്. ഇപ്പോൾ ബഷീറിന്റെ അത്തരം കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളാണ്.

‘‘ന്റെ കുടുംബാ ന്റെ ശക്തി സന്തോഷേ... പണ്ട് അപസ്മാരത്തിന്റെ ചെറിയ ചില പ്രശ്നങ്ങളും ഉണ്ടായിരുന്നു. കെട്ടുകഴിഞ്ഞ് ആദ്യ മാസത്തിലെ ഒരു വെള്ളിയാഴ്ച. തലച്ചോറിനുള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു. മേലാസകലം വിറച്ചു. ഇതു കണ്ട് ഷഹനാസ് നിലവിളിച്ചു പോയി. ഓളുടെ കരുതലും കൂടിയാണ് ഈ ജീവിതം’’.

‘‘ചില തീരുമാനങ്ങളെടുത്താൽ ബഷീറ്ക്ക ആരൊക്കെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും പിന്മാറില്ല. ഒരീസം രാവിലെ ഒറ്റപ്പോക്കാ, പെരിന്തൽമണ്ണേലെ ഒരു ഹോസ്പിറ്റലിലേക്ക് ഡോക്ടറെ കാണാൻ, ഒറ്റക്ക്. ആള് തിരിച്ചു വരുന്നതുവരെ ഈട എല്ലാരും തീ തിന്നുകയായിരുന്നു. ബഷീറ്ക്കക്കാണേൽ ഒരു കുലുക്കൂല്ലാ’’. ടേബിളിൽ നിരത്തിയ ഗ്ലാസ്സുകളിലേക്ക് ചായ പകരുമ്പോൾ ഷഹനാസ് പറഞ്ഞു.

ബഷീർ ചിരിച്ചുകൊണ്ട് ചായ കുടിക്കാൻ തുടങ്ങി.

‘‘ന്റെ പൊന്നുമക്കൾ മുന്നിൽ വന്ന് നിന്നാൽപോലും എനിക്ക് അറിയാൻ പറ്റില്ല. ഉപ്പാന്ന് വിളിക്കുമ്പോൾ എന്റെ മക്കളെ ഞാൻ ഉൾക്കണ്ണിൽ കാണും. അവർക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാട്. സ്കൂൾ വാട്സ് ആപ്പ് ഗ്രൂപ്പിലെ ചർച്ചകളൊക്കെ ഷഹനാസാണ് വിവരിച്ചുതരുന്നത്. നിങ്ങളെല്ലാം കൂടുതൽ സംസാരിക്കൂ... അപ്പോളെനിക്ക് നിങ്ങളെ കേൾക്കാലോ. നിങ്ങളുടെയൊക്കെ ഓർമ്മകളിൽ നമ്മൾ ഉണ്ടാകുന്നതുതന്നെ വലിയ സന്തോഷം’’.

ബഷീർ എഴുന്നേറ്റു.

‘‘നേരം കൊറച്ചു വൈകി. പശുക്കളെ അഴിച്ചു കൊണ്ടുവരണം. വെയിലത്ത് എന്നെ കാത്തുനിൽക്കുന്നുണ്ടാവും. ഓരോന്നിനും പേരുണ്ട്. ആ പേര് ഉറക്കെ വിളിക്കുമ്പോൾ അവർ ഒച്ചയുണ്ടാക്കും. കുട്ടൂസിന് അൽപ്പം കുറുമ്പ് കൂടുതലാ. ചിലപ്പോൾ എന്നെ വല്ലാതെ കളിപ്പിക്കും. എന്നാലും അവയുടെ ശബ്ദമനുസരിച്ചുള്ള ചലനങ്ങളിലാണ് എന്റെ ഇപ്പോഴത്തെ ജീവിതം’’.

ബഷീറിന്റെ വാക്കുകളിലെ ആത്മവിശ്വാസം നഷ്ടമായ കാഴ്ചകളെ ശബ്ദം കൊണ്ട് പൂരിപ്പിക്കുന്ന ഒരു പച്ചമനുഷ്യന്റേതാണെന്ന് സന്തോഷിന് തോന്നി.

Tags:    
News Summary - malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.