അഷിതയുടെ കഥകൾ

ആമയും മുയലും

കാടിനകത്ത് ഒരു കുളമുണ്ട്. അതിലുണ്ട് ഒരു വയസ്സന്‍ ആമ. വളരെ വയസ്സായി. എത്രകാലം വരെ ജീവിക്കും ആമ? 150 വയസ്സുവരെ! കാട്ടില്‍ നിന്നിറങ്ങി മൂപ്പര്‍ ചിലപ്പൊ വേച്ച് വേച്ച് പുഴക്കരയിലത്തെും. പിന്നെ ചിന്നുവും പപ്പിയും പൂച്ചയും കളിക്കുന്നിടത്തും വരും. വെയില്‍ കാഞ്ഞ് കളികണ്ടു രസിക്കും. കഥയമ്മയോട് വര്‍ത്തമാനം പറയും. കാടിനുള്ളില്‍ ഒരു കുഞ്ഞുമുയല്‍ക്കുട്ടനുണ്ട്. അവനും ഇടക്ക് ചാടിയോടി വരും. ഒരു ദിവസം ചിന്നുവും പപ്പിയും പൂച്ചയും കളിക്കുന്നിടത്തേക്ക് ആമ വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മുയലും വന്നു. ‘ഇവനേതാ?’ ആമ ചോദിച്ചു, ‘കണ്ടിട്ട് സായിപ്പിനെപ്പോലെ ഉണ്ടല്ലോ?’ മുയല്‍കുട്ടന്‍ പറഞ്ഞു. ‘ആമ മാമനല്ലേ? എനിക്കറിയാം പന്തയത്തിന്‍റെ കഥ!’ ആമ പറഞ്ഞു. പോടാ ചെറുക്കാ, നിന്‍റെ മുത്തച്ഛന്‍റെ ഒപ്പമാ ഞാനോടി ജയിച്ചത്. ഇപ്പോ ഈ 100ാം വയസ്സിലും നിന്നെ ഞാന്‍ തോല്‍പിക്കും. രണ്ടുകാലില്‍ നിവര്‍ന്നുനിന്ന് വാശിയോടെ മുയല്‍ പറഞ്ഞു: ‘ശരി, പന്തയംവെക്കാം. എന്‍റെ മുത്തച്ഛന്‍റെ തോല്‍വിക്ക് പകരംവീട്ടിയിട്ടു കാര്യം. ഇന്നും കുട്ടികള്‍ എന്‍റെ മുത്തച്ഛന്‍റെ തോല്‍വിയെക്കുറിച്ച് പറഞ്ഞു ചിരിക്കയല്ലേ ലോകം മുഴുവന്‍. അതു ഇന്നത്തോടെ തീര്‍ത്തുതരാം...’
 
ഓട്ടപ്പന്തയത്തിന് രണ്ടാളും റെഡിയായി. വയസ്സന്‍ ആമ ദയനീയമായി എല്ലാവരേയും നോക്കി. പൂച്ചക്ക് മുയലിന്‍റെ നിറവും സംസാരവുമൊന്നും രസിച്ചില്ല. പൂച്ച ചെന്ന് ആമയോട് പറഞ്ഞു: ‘100 മീറ്റര്‍ ഓട്ടമാണ്. അവിടെയത്തൊറാവുമ്പോഴേക്കും ഇവന്‍റെ വാലില്‍പിടിച്ചു കടിച്ചുതൂങ്ങിയാല്‍ മതി. ബാക്കി മുറപോലെ നടന്നോളും.’
 രണ്ടുപേരും റെഡിയായെന്നു കണ്ടപ്പോള്‍ കഥയമ്മ ഭാണ്ഡത്തില്‍നിന്ന് ഒരു വിസിലെടുത്ത് ഊതി. അതിവേഗത്തില്‍ മുന്നോട്ടോടിയ മുയലിന്‍റെ പിന്നാലെച്ചെന്ന് ആമ, മുയലിന്‍റെ വാലില്‍ കടിച്ചുതൂങ്ങി. മുക്കാല്‍ ദൂരമായപ്പോഴും ആമയുടെ പിടി വിടുവിക്കുവാന്‍ പറ്റാതെ മുയല്‍ ശക്തിയായി വാല്‍ ഒന്നുകുടഞ്ഞു. ആമ വായൂവിലൂടെ കുട്ടിക്കരണം മറിഞ്ഞ് മുന്നിലെ വരയും കടന്നുവീണു. പപ്പിയും ചിന്നുവും പൂച്ചയും ഹിപ്പ് ഹിപ്പ് ഹുറേയ് ! എന്നാര്‍ത്ത് വിളിച്ച് ഓടിച്ചെന്നു. മുയല്‍ അതേ സ്പീഡില്‍ നിര്‍ത്താതെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

ചിന്നുവും സിംഹവും

ചിന്നുവും പപ്പിയും പൂച്ചയും കളിക്കുന്ന അരയാല്‍ ചുവട്ടിനു കുറച്ചു അകലെയായി ഒരു പുഴയുണ്ട്. പുഴ  ഒഴുകുന്ന ശബ്ദംകേട്ട് അരയാല്‍ത്തറയില്‍ഇ രിക്കുന്ന കഥയമ്മയുടെ മടിയില്‍ തലവെച്ച് ചിലപ്പൊ ചിന്നു കിടക്കും. ചിന്നുവിന്‍റെ കാലില്‍ തലവെച്ച് പപ്പി. പപ്പിയുടെ വയറില്‍ തലവെച്ച് പൂച്ചയും. പുഴയുടെ പാട്ടു കേട്ടുകേട്ടു മൂന്നാളും ഉറങ്ങും. അവര്‍ പുഴയെ പുഴയമ്മ എന്നാണ് വിളിക്കുക.  പുഴയമ്മയുടെ തീരത്തു കളിക്കാന്‍ പോവാം?  എന്നു ചോദിച്ചാല്‍ പപ്പി വൂഫ് എന്നു പറയും. പൂച്ച മ്യാവൂ എന്നും. പുഴയമ്മയുടെ മറ്റേ തീരത്തു വലിയ കാടാണ്. വലിയ വലിയ മരങ്ങളുള്ള ഇരുട്ടടഞ്ഞ ഒരു കാട്.  ഒരു ദിവസം പുഴയമ്മുടെ തീരത്തു മൂന്നാളും നിരന്നുകിടന്നു പാട്ടുപാടുകയായിരുന്നു. ചിന്നു ആ...ആ...ആ... എന്നും പപ്പി ബൗ... ഊ... ഊ... എന്നും പൂച്ച മ്യാവൂ... വൂ... വൂ... വൂ... എന്നും നീട്ടിപ്പാടി രസിക്കുമ്പോള്‍ ‘ഛി! നിര്‍ത്ത്! എന്നൊരു ഗര്‍ജനം കേട്ടു. മൂന്നാളും  ചാടി എഴുന്നേറ്റു നോക്കുമ്പോള്‍ മറു തീരത്തു കാട്ടില്‍ നിന്നിറങ്ങി വന്ന വയസ്സന്‍ സിംഹം പുഴയില്‍നിന്ന് വെള്ളം കുടിക്കുന്നു. വെള്ളം കുടിച്ച് ചിറി നക്കി വയസ്സന്‍ സിംഹം മുരണ്ടു. ‘നിങ്ങളൊക്കെ ഏതാ പിള്ളേരെ? ’ പപ്പി വാലുതാഴ്ത്തി ചിന്നുവിന്‍റെ പിന്നിലൊളിച്ചു. പൂച്ച പപ്പിയുടെ പിന്നിലും. ഞങ്ങളും ഇവിടെ വെള്ളം കുടിക്കാന്‍ വന്നതാ ചിന്നു പറഞ്ഞു.

‘നിങ്ങളീ കാട്ടിലേക്കു വാ പിള്ളേരെ ഞാനും കളിക്കാന്‍ വരാം’ സിംഹം പറഞ്ഞു.
‘വേണ്ട വേണ്ട’ ചിന്നു പറഞ്ഞു ഞങ്ങളെ ഉപ്പു മുളകും ചേര്‍ത്തു തിന്നാനല്ലേ.
വയസ്സന്‍ സിംഹം ചിരിച്ചുപോയി.  ‘ആരു പറഞ്ഞു?’ സിംഹം ചോദിച്ചു.
‘ഈ പുഴ കലക്കിയതു നീയല്ലേ നിന്‍റെ അപ്പൂപ്പന്‍  എന്ന് പറഞ്ഞ് ആടിനെ കൊന്ന കഥയൊക്കെ ഞങ്ങള്‍ക്കറിയാം. വേല കൈയില്‍ വെച്ചാല്‍ മതി’ പൂച്ച പറഞ്ഞു.
‘ആരു പറഞ്ഞു തന്നു  ആ കഥയൊക്കെ’.
മൂന്നാളും ഒന്നിച്ചു പറഞ്ഞു ‘കഥയമ്മ’.
സിംഹത്തിന്‍റെ മുഖം ചുവന്നു. മീശ വിറച്ചു. ‘നിങ്ങളുടെ കഥയമ്മ കാരണം മര്യാദക്ക് ഒരു മൃഗത്തിനേം വേട്ടയാടാന്‍ പറ്റാതെയായി’. ഹും എന്നു പിറുപിറുത്ത് സിംഹം വേച്ചുവേച്ച് കാട്ടിലേക്കു മടങ്ങി. എല്ലാം കേട്ടും കണ്ടും ഇരിക്കുകയായിരുന്ന കശ്മല എന്ന കാക്ക പറന്നുചെന്ന് സിംഹത്തിന്‍റെ മണ്ടയില്‍ ഒരു കൊത്തും കൊടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.