മരണഗീതം

ഡോണ്‍ ഫ്രെഡറിക് മൂന്നാഴ്ചകള്‍ക്ക് മുമ്പ് അയച്ച ഇ-മെയില്‍ തുറന്നുനോക്കുന്നതിനിടെയാണ് സൗരവ് ഫ്രാന്‍സിസിന്‍റെ ഫോണ്‍കാള്‍ വന്നത്. ലോകത്തോട് മുഴുവന്‍ ആമര്‍ഷം കലര്‍ന്ന അവന്‍റെ പതിവ് ശബ്ദത്തിന് അന്ന് നേര്‍ത്ത ഭയത്തിന്‍റെ ആവരണമണിഞ്ഞിരുന്നു. വിക്ക് ബാധിച്ച അവന്‍റെ ശബ്ദം പാതിവഴിയിലെവിടെയോ മുറിഞ്ഞുപോയി.
സൗരവിന്‌റെ ഫോണ്‍കാള്‍ ഡിസ്‌കണക്ടായ ശേഷം തെല്ലൊരവശ്വസനീയതയോടെ മോണിറ്ററിലേക്ക് കണ്ണൂകള്‍ പായിച്ചു. ഡോണ്‍ ഫ്രെഡറിക് എനിക്ക് ആദ്യവും അവസാനവുമായി അയച്ച ഏകവാക്കുകള്‍...
' everybody wants to go to heaven
  but nobody wants to die' ....
യമുനയിലെ പ്യൂരിഫൈ ചെയ്‌തെടുത്ത തണുത്ത ജലകണങ്ങള്‍ പതിവില്‍കൂടുതല്‍ ഷവറില്‍നിന്ന് ശരീരത്തില്‍ പതിച്ചത് അറിയുന്നുണ്ടായിരുന്നില്ല. മുന്നില്‍ തൃഷ്ണവറ്റിയ കണ്ണുകളുമായി നീണ്ടുമെലിഞ്ഞ ഡോണ്‍ ഫ്രെഡറിക്... ജലകണങ്ങളെ ആലിംഗനം ചെയ്ത് ഇല്ലാതാകുന്ന കുമിളകള്‍പോലെ അവന്‌റെ ഗിറ്റാറില്‍നിന്ന് പ്രവഹിച്ച സിംഫണികള്‍ എനിക്ക് ചുറ്റും നൃത്തമാടുകയായിരുന്നു.
സൗരവ് ഫ്രാന്‍സിസ്, അഗര്‍വാള്‍, മിഥുന്‍ സര്‍ക്കാര്‍, പിന്നെ ഞാന്‍... ഇടക്കെപ്പോഴോ ചാന്ദ്‌നി ചൗക്കിലെ ഞങ്ങളുടെ 'സങ്കേതത്തി'ലേക്ക് നിറയെ തടിച്ച ഭാണ്ഡത്തില്‍ മെഡിക്കല്‍ ഗ്രന്ഥങ്ങളുമായി വന്ന ഡോണ്‍ ഫ്രെഡറിക്. സായാഹ്നങ്ങളില്‍ യമുനയുടെ കരയിലിരിക്കുമ്പോള്‍ ഞങ്ങള്‍ക്കായി തന്‌റെ ഗിറ്റാറിന്‌റെ മാസ്മരിക ഗീതം ഡോണ്‍ കേള്‍പ്പിക്കിക്കുമായിരുന്നു. ഓപറേഷന്‍ തീയറ്റില്‍ മനുഷ്യനെ തുന്നിച്ചേര്‍ക്കുന്ന ഭിഷഗ്വരന്‌റെ കൈകളേക്കാള്‍ മൃദുലതയുായിരുന്നു ഗിത്താറില്‍ തഴുകുമ്പോള്‍ അവന്‌റെ കൈകള്‍ക്ക്. മദ്രാസിലെ വിഖ്യാതമായ പഠനകേന്ദ്രത്തില്‍ ഗിറ്റാര്‍ അഭ്യസിക്കണമെന്നായിരുന്നു ഡോണിന്‌റെ ആഗ്രഹം. പക്ഷേ, ബ്രിഗേഡിയര്‍ ഫ്രെഡറിക് അബ്രഹാമിനും കുടുംബത്തിനും അത് ചിന്തിക്കുവാനേ സാധിക്കുകയില്ലായിരുന്നു. തങ്ങളുടെ കുട്ടികള്‍ എന്തായിത്തീരണമെന്ന അവകാശം തങ്ങള്‍ക്കുമാത്രമാണെന്ന പൊതുതത്ത്വം ഫ്രെഡറിക്കിനെയും ബാധിച്ചിരുന്നു. മകന്‍ മികച്ചൊരു ഡോക്ടറായി വരുന്നത് അയാള്‍ സ്വപ്‌നംകണ്ടു. മീനച്ചിലാറിന്‌റെ കരയിലുള്ള പുരാതന ക്രിസ്ത്യന്‍ തറവാടിലെ ഏക ആണ്‍സന്തതി ക പാര്‍ട്ടികളില്‍ ഗിറ്റാര്‍ പാടിനടക്കാനുള്ളതല്ല എന്നതായിരുന്നു ബ്രിഗേഡിയര്‍ ഫ്രെഡറിക് അബ്രഹാമിന്‌റെ വാദം. എന്നാല്‍, ഗിറ്റാര്‍ പഠിക്കാനും അവ വായിക്കാനും കുടുംബത്തില്‍ അവകാശമുായിരുന്നു. ഡോണ്‍ ഫ്രെഡറിക്കിന്‌റെ മുത്തച്ഛന്‍, ബ്രിഗേഡിയര്‍ ഫ്രെഡറിക്കിന്‌റ അപ്പന്‍ അബ്രഹാം, പരിശുദ്ധ സെബസ്റ്റ്യാനോസ് ദേവാലയത്തിലെ ഗിറ്റാറിസ്റ്റായിരുന്നു. ഡോണിന്‌റെ ഓര്‍മയിലുള്ള വിശുദ്ധ സെബസ്റ്റിയാനോസ് തിരുനാളിന് മുത്തച്ഛന്‍ അബ്രഹാം റാഫേലച്ചന്‌റ പള്ളിമേടയിലേക്ക് അവനെയും കൊണ്ടുപോകും. ഇരുവരും അടച്ചിട്ട മുറിയില്‍ എന്തൊക്കെയോ അടക്കം പറയുന്നത് ഡോണ്‍ കേള്‍ക്കുമായിരുന്നു. അതെന്താണെന്ന് ചോദിക്കാനുള്ള പ്രായം അന്ന് അവനില്ലായിരുന്നു. നൊവേനക്കുശേഷം പീപ്പിയും ഐസ്‌ക്രീമും വാങ്ങിനല്‍കുന്നതിനു പകരം അബ്രഹാം അവനെയുംകൂട്ടി പഴയ പള്ളിമേടയിലെ കാടുമൂടിക്കിടക്കുന്ന സെമിത്തേരിയിലേക്ക് നടക്കും. ഇടവകയില്‍ പുത്തന്‍പണക്കാര്‍ കൂടിയശേഷം പഴയപള്ളി പൊളിച്ച് അല്‍പം താഴെയായി പുതിയ ദേവാലയം തലയുയര്‍ത്തുകയുണ്ടായി. എങ്കിലും പഴയപള്ളിക്ക് സമീപമുണ്ടായിരുന്ന സെമിത്തേരി ആരും നശിപ്പിച്ചില്ല. ആത്മാക്കളുടെ കുടികിടപ്പായി അതങ്ങനെ കാടുമൂടിക്കിടന്നു. അബ്രഹാം ഡോണിനെ ചേര്‍ത്തുപ്പിടിച്ച് തന്‌റെ അപ്പന്‍ റാഫേലിനെ അടക്കെ ചെയ്ത കുഴിമാടത്തിന് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കും. എല്ലാ പെരുന്നാളുകളിലും ഇതു തുടര്‍ന്നുപോന്നിരുന്നു. പ്രാര്‍ഥനക്കുശേഷം തന്‌റെ സന്തതസഹചാരിയെന്നവണ്ണം ചുമരില്‍ തൂക്കിയിരുന്ന ഗിറ്റാറിലെ മാസ്മരിക ഗീതം കുഴിമാടത്തില്‍ കിടക്കുന്ന അപ്പന്‍ റാഫേലിനായി കേള്‍പ്പിക്കും. എത്രകേട്ടാലും മതിവരാത്ത ശോകമാര്‍ന്ന ഗീതം. പില്‍ക്കാലത്ത് ഒരിക്കലും ഡോണിന് മുത്തച്ഛന്‍ അബ്രഹാം തന്‌റെ അപ്പന്‍ റാഫേലിന്‌റെ കുഴിമാടത്തിനുമുന്നില്‍വെച്ച് വായിച്ച ഗീതകത്തിന്‌റെ മാസ്മരികത സ്വന്തമാക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ ഇരുള്‍മൂടിയ തറവാടിന്‌റെ ചായ്പ്പിലെ കഴുക്കോലില്‍ മുത്തച്ഛന്‍ അബ്രഹാം തൂങ്ങിനില്‍ക്കുന്നത് അവന്‍ ഒന്നേനോക്കിയുള്ളൂ.

വേനലവധികള്‍ക്ക് തറവാട്ടില്‍ വിരുന്നുപാര്‍ക്കാറുള്ള ബ്രിഗേഡിയറും തറവാട്ട് സ്വത്തുക്കള്‍ നോക്കിനടക്കുന്ന അവന്‍റെ മമ്മി മേരിയും ആ വേനലവധിക്ക് ചില തീരുമാനങ്ങള്‍ എടുത്തു. മകന്‍ ഡോക്ടറായി കാണണമെന്ന ഇരുവരുടെയും മോഹങ്ങള്‍ക്ക് കനംവെച്ച രാത്രികൂടിയായിരുന്നു അത്. മമ്മിയോട് അവന്‍ ഗിറ്റാര്‍ പഠനത്തിനു മദ്രാസില്‍ പോകണമെന്ന കാര്യം സൂചിപ്പിച്ചിരിന്നു. പക്ഷേ അവനറിയാമായിരുന്നു അത് ഒരിക്കലും സംഭവിക്കാനിടവരാത്ത സത്യമാണെന്ന് പക്ഷേ, തന്‌റെ മുത്തച്ഛന്‍ അബ്രഹാം വായിച്ച ആ ഗീതകം ഒരിക്കലെങ്കിലും പഠിക്കണമെന്ന് ആശിച്ചു.

ഡോണിന്‍റെ നിഘുവിലില്ലാത്തതായിരുന്നു എതിര്‍പ്പ്, അഥവാ പ്രകടിപ്പിച്ചാല്‍ ബ്രിഗേഡിയര്‍ ഫ്രെഡറിക് അബ്രഹാമിന്‌റെ സ്വഭാവം ശരിക്കും അറിയും. വേനലവധികളില്‍ ഒരിക്കലും വറ്റാത്ത ഫ്രിഡ്ജിലെ റം ബോട്ടിലുകളിലെ ഓരോ പെഗുകളും അകത്തുചെല്ലുന്നതിനൊപ്പം ബ്രിഗേഡിയറുടെ കണ്ണുകള്‍ ഇരുണ്ടുവരും. ഇടയ്ക്ക് മേരീ എന്ന നീട്ടിയുള്ള വിളികള്‍. അതൊരു സൂചനയാണ്, ചീനച്ചട്ടിയിലെ മുഴുവന്‍ വേവാത്ത ഇറച്ചിക്കഷണങ്ങള്‍ പാത്രങ്ങളിലാക്കി സദസ്സിലേക്ക് മേരി ഓടും. അവധിക്ക് ബ്രിഗേഡിയര്‍ നാട്ടില്‍വന്നാല്‍ തറവാട്ടില്‍ നിറയെ ആളുകളായിരിക്കും. പഴയ ചങ്ങാതിമാര്‍, കുടുംബക്കാര്‍. എത്രസഹിച്ചാലും മേരി മറുത്തൊന്നും പറയുന്നത് ഡോണ്‍ കേട്ടിരുന്നില്ല.

സഹികെടുമ്പോള്‍ ഡോണ്‍ മേരിയോടു പറയും 'ഇതൊന്നു നിര്‍ത്താന്‍ പറഞ്ഞൂടെ മമ്മക്ക്'. ഒരിക്കലാണ് മേരി മകനത് കാണിച്ചുകൊടുത്തത്. ഉടുത്ത നൈറ്റിയും അടിപ്പാവാടയും ഉയര്‍ത്തി, വെളുത്ത കൊലുന്തനെയുള്ള തുടക്ക് താഴെയായി ദീര്‍ഘാകൃതിയില്‍ പൊള്ളലേറ്റ പാട്. ബ്രിഗേഡിയര്‍ ഫ്രെഡറിക്കിന്‌റെ സന്ദേശം. പിന്നെ നിസ്സഹായതയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ മേരി ഇടക്കിടെ പൊഴിക്കും. ' ഡോണ്‍, നീ പഠിച്ച് ജോലിയൊക്കെയായിട്ടുവേണം മമ്മിക്കും ഈ നരകത്തില്‍നിന്ന് വരാന്‍'
' പക്ഷേ, മമ്മീ എനിക്കുമില്ലേ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും'
' അന്തസ്സായി ജീവിക്കണേല്‍ കാശുവേണടാ, നിന്‌റെ ഗിറ്റാറുകൊണ്ട് ഊതിയാല്‍ ഇക്കാലത്ത് ജീവിക്കാനൊക്കുമോ'
കനത്ത കാലടിശബ്ദം ഉയരുമ്പോള്‍ മേരി മകന്‌റെ കൈത്തയില്‍ നുള്ളി പരിസരബോധം വരുത്തും. പിന്നെ നിര്‍വൃതിയടയാത്ത ആഗ്രഹങ്ങളുമായി ഡോണും മേരിയും വിധിയെ ശപിക്കും. അവധിക്കാലത്ത് കാശ്മീരിലെ പട്ടാള ക്യാമ്പില്‍നിന്ന് ബ്രിഗേഡിയര്‍ വന്നാല്‍ ഉറക്കമില്ലാത്ത രാത്രികളായിരിക്കും. തറവാട്ടിലെ പഴയ ഇരട്ടക്കുഴല്‍ തോക്കുമായി ബ്രിഗേഡിയര്‍ ഫ്രെഡറിക്ക് അബ്രഹാം വേട്ടക്കിറങ്ങും. മീനച്ചിലാര്‍ കടന്ന് പഴയ എസ്‌റ്റേറ്റുകളുടെ ഉള്ളിലായി... ഏതൊക്കൊയോ നിഗൂഢ ഇടങ്ങളില്‍. രാത്രി വൈകിവരുന്ന ബ്രിഗേഡിയറുടെ കൈകളില്‍ കാട്ടുമുയലോ, മുള്ളന്‍പന്നിയോ കാണും. മുറിയിലെ ചെറിയ ജനാലവഴി ഡോണ്‍ നോക്കുമ്പോള്‍ രക്തംപുരണ്ട വേഷത്തില്‍ നില്‍ക്കുന്ന ബ്രിഗേഡിയറെയാകും കാണുക. പിന്നെ സുഹൃത്തുക്കളുമൊത്ത് അര്‍ദ്ധരാത്രി വരെ നീളുന്ന മദ്യസേവ. ഇടക്ക് മേരി എന്നുള്ള വിളികള്‍, പിന്നെ സദസ്സില്‍ നിലയ്ക്കാത്ത അട്ടഹാസങ്ങളും വെല്ലുവിളികളും ഇടയ്‌ക്കെപ്പോഴോ തറവാടിന്‌റെ ഇരുളടഞ്ഞ മുറിയിലേക്ക് ഒറ്റയാനെപ്പോലെ നീങ്ങുന്ന ബ്രിഗേഡിയര്‍ ഫ്രെഡറിക്ക് അബ്രഹാം.

കഥകള്‍ മുറിഞ്ഞുപോകുമ്പോള്‍ മിഥുന്‍ സര്‍ക്കാറും അഗര്‍വാളും ഡോണിനെ കൂടുതല്‍ കഥകള്‍ പറയാന്‍ പ്രേരിപ്പിക്കും.
'ഒന്നു നിര്‍ത്തൂ, അഗര്‍വാള്‍'- സഹികെടുമ്പോള്‍ പറഞ്ഞുപോകും.
'നിനക്കെന്ത ഇത്ര അരിശം'
'വേറൊന്നുംകൊണ്ടല്ല, അവന്‌റെ വിഷമം അവനല്ലെ അറിയൂ'
'അതുകൊണ്ടുതന്നയാ അവന്‌റെ വിഷമം ഈ സദസ്സില്‍ പറഞ്ഞുതീര്‍ക്കാന്‍ പറഞ്ഞത്'- അവശേഷിച്ച വോഡ്ക കുടിച്ചിറക്കി ചൂുതുടച്ചുകൊണ്ട് അഗര്‍വാള്‍ പറഞ്ഞു.
'ഇവന്‌റെ തന്തയില്ലേ, അയാളെ കൊല്ലണം, ഇങ്ങനെയുള്ള തന്തമാരെന്തിനാ ഭൂമിയില്‍...
'അതെ, അത് കറക്ട്, ആവിഷ്‌കാരത്തിനും ചിന്തകള്‍ക്കും തടയിടുന്നത് തന്തമാരെങ്കില്‍ അവരെയാണ് ആദ്യം ഇല്ലാതാക്കേത്.'... മദ്യം തലക്കുപിടിച്ചപ്പോള്‍ മിഥുന്‍ സര്‍ക്കാറിന്‌റെ മനസ്സില്‍ ഉള്ള പതിവ് സാഹിത്യം ഛര്‍ദിച്ചു.

മദ്യലഹരി കത്തിപ്പടരാന്‍ തുടങ്ങിയപ്പോള്‍ പതിയെ പിന്‍വലിഞ്ഞു. എല്ലാക്കാര്യത്തിലും സൂക്ഷ്മവശം കണ്ടെത്തുന്ന സൗരവ് എന്തൊക്കയോ ഉപദേശിക്കുന്നുണ്ടായിരുന്നു. തലതിരിഞ്ഞിവന്മാര്‍ എന്തെങ്കിലും പറയുന്നതുകേട്ട അവന്‍ കടുംങ്കൈ വല്ലതും കാണിക്കുമോയെന്നായിരുന്നു പേടി. പക്ഷേ, ആ പേടി ആസ്ഥാനത്തായിരുന്നു. ഒരിക്കല്‍പോലും മദ്യം അവന്‍ രുചിച്ചില്ല. ലഹരിപോരെന്നു തോന്നുമ്പോള്‍ അഗര്‍വാളിനായി ബംഗാളി പിള്ളേര്‍ കൊുണ്ടവരുന്ന നീലച്ചടമ്പനും അവന്‍ തൊട്ടുതീണ്ടിയിരുന്നില്ല. മാസാദ്യം ശമ്പളം കിട്ടുമ്പോള്‍ പുതിയ ഐറ്റങ്ങളെ തേടിയിറങ്ങുന്ന സര്‍ക്കാറിനും അഗര്‍വാളിനും ഒപ്പം അവന്‍ ഒരിക്കല്‍പോലും പോയതേയില്ല.
ഒരു വേനലവധിക്കു നാട്ടില്‍നിന്നും മടങ്ങിവന്ന ഡോണ്‍ പതിവില്‍ക്കവിഞ്ഞ് സന്തോഷവാനായിരുന്നു. ഞങ്ങളുടെ മുന്‍വിധികള്‍ ഇല്ലാതായതും അന്നായിരുന്നു. നിസ്സംഗതയും പിരിമുറക്കവും സദാ കൊണ്ടുനടന്ന അവന്‍ ഉത്സാഹവാനായി കാണപ്പെട്ടു. അതോ ഉള്ളിന്‌റെയുള്ളില്‍ വരാനിരിക്കുന്ന ഭൂകമ്പങ്ങളെ സമര്‍ഥമായി മറയ്ക്കുന്ന മൂടുപടമായിരുന്നോ അത്്?.
' ബ്രിഗേഡിയര്‍ ഫ്രെഡറിക് അബ്രഹാം അവസാനം തോറ്റിരിക്കുന്നു'  അതുവരെ മറ്റെന്തൊക്കയോ പണിയില്‍ ഏര്‍പ്പെട്ടിരുന്ന അഗര്‍വാളിനുമാത്രമല്ല എനിക്കും സൗരവിനുമെല്ലാം ഡോണിന്‌റെ പുതിയ പ്രസ്താവം കേട്ട് അതിശയം തോന്നാതിരുന്നില്ല. 'നീയെന്താണ് പറഞ്ഞത്'
ഒടുവില്‍ ഡോണ്‍ ഫ്രെഡറിക്കിന്‌റെ ആത്മാവിന് മോക്്ഷം ലഭിച്ചിരിക്കുന്നു, അവന്‌റെ പപ്പ സാക്ഷാല്‍ ബ്രിഗേഡിയര്‍ ഫ്രെഡറിക് അബ്രഹാം മകന്‌റെ ദുര്‍വാശിക്കുമുന്നില്‍ വാതില്‍തുറന്നിട്ടിരിക്കുന്നു. ഗിറ്റാര്‍ പഠനത്തിനായി മദ്രാസിലേക്ക് വണ്ടികേറാം'. ഒറ്റശ്വാസത്തില്‍ അവന്‍ പറഞ്ഞുമുഴുവിപ്പിച്ചു.
' അരേ, സാലേ അപ്പോള്‍ ചെലവുണ്ട്' - അഗര്‍വാള്‍ അട്ടഹസിച്ചു.
 .........................................................................  
കുത്തനെയുള്ളൊരു കയറ്റം കയറുന്നതിനിടെ പതിറ്റാണ്ടുകള്‍ പഴക്കംചെന്ന ലൈലാന്‌റ് എന്‍ജിന്‌റെ മുരള്‍ച്ച ഓര്‍മകളെ ഇല്ലാതാക്കി. സെന്‌റ് സെബസ്റ്റിയാനോസ് ചര്‍ച്ച് എത്താറായെന്ന് കണ്ടക്ടര്‍ ഓര്‍മിപ്പിച്ചു. ദേവാലയത്തിനുമുന്നിലുള്ള ബസ് സ്റ്റോപ്പില്‍ സൗരവ് ഫ്രാന്‍സിസ് പറഞ്ഞപ്രകാരം കാത്തുനില്‍പ്പുായിരുന്നു. പള്ളിയിലേക്ക് നടക്കാനുള്ള ദൂരമേയുായിരുന്നുള്ളു. ഒരു സിഗരറ്റിന് തീകൊടുത്തുകൊണ്ടു അവന്‍ പറഞ്ഞു. 'എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല' പുറത്തേക്കു പ്രവഹിച്ച സിഗരറ്റിന്‌റെ പുക വീണ്ടും ഊതിയകറ്റി സൗരവ് ചോദിച്ചു. ' നീ ഓര്‍ക്കുന്നുണ്ടോ അവന്‍ അവസാനമായി നമ്മുടെ ഒപ്പംമുണ്ടായത്.'
'ഉം'
മറക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഓര്‍മകളുറങ്ങുന്ന ഭാണ്ഡങ്ങളുടെ കെട്ടുപോട്ടിച്ച് ഓരോ രംഗങ്ങളും മനസ്സുകളിലേക്ക് ഒാടിയെത്തി. ഒരിക്കലെങ്കിലും എനിക്ക് നിങ്ങളേപ്പോലെ ജീവിക്കണമെന്നും പറഞ്ഞ ആ സായാഹ്നം. ആദ്യമായി സൗരവിനായി ഊറ്റിവെച്ചിരുന്ന റം ഒറ്റവലിക്ക് ആകത്താക്കിയത്. കണ്ണുമിഴിച്ചിരുന്ന ആഗര്‍വാളിന്‌റെ മടിയിലേക്ക് ചിരിച്ച മുഖവുമായി നില്‍ക്കുന്ന ഗാന്ധിത്തല ആലേഖനം ചെയ്ത ആയിരത്തിന്‌റെ നോട്ടെറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞത്.
'എനിക്കിനിയും വേണം'
ഇരുട്ടിനു കനംവെക്കുന്നതേയുണ്ടായിരുന്നുള്ളൂ. ദൂരെ യമനുയില്‍ മത്സ്യബന്ധന ബോട്ടുകളില്‍നിന്നുള്ള പ്രകാശം ഇടയ്ക്കിടെ കണ്ണുചിമ്മുന്നത് കാണാമായിരുന്നു. അന്ന് ഏറ്റവും കുടിച്ചത് ഡോണായിരുന്നില്ലേ?. വിലക്കിയിട്ടും അഗര്‍വാളിന്‌റേതുകൂടി അവന്‍ പിടിച്ചുവാങ്ങി... ഇത് എന്‌റെ ആഘോഷദിനമാണ്...
'ആഗര്‍വാള്‍ നീ കേള്‍ക്കുന്നുണ്ടോ‍്?
' ഉം'
'ഒരുവന്‍ ഈ ലോകം മുഴുവന്‍ നേടിയിട്ടും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയിട്ട് എന്ത് കാര്യം'
'കറക്ട്'- ഒന്നും മനസ്സിലായില്ലെങ്കിലും അവന്‍ തലയാട്ടി.
നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പോലീസുകരുടെ വിസില്‍ കേട്ടപ്പോള്‍ സൗരവിന് കാര്യങ്ങള്‍ പന്തിയല്ലെന്ന് തോന്നി. നഗരവീഥികള്‍ ഏറെക്കുറെ ശാന്തമായിരുന്നു. സങ്കതത്തിലേക്ക് മൂന്നു ഫര്‍ലോംഗുകളില്‍ ആധികം ദൂരമുണ്ടായിരുന്നു.
'അഗര്‍വാള്‍ നിന്‌റെ കൈയില്‍ അതുെണ്ടങ്കില്‍ കുറച്ച് എനിക്ക് താ'
'വേ, ഡോണ്‍ അതുമാത്രം വേണ്ട'....
പക്ഷേ, അവന്‌റെ ആവശ്യത്തിനുമുന്നില്‍ വഴണ്ടങ്ങേി വന്നു. ' അധികം വേണ്ട രണ്ടുമൂന്ന് പുകയെടുത്തിട്ട് അവനുതന്നെ കൊടുത്തേരെ' -സൗരവ്് ഓര്‍മിപ്പിച്ചു..
ഇടക്കിടെ അവന്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. ഡോണിന്‍റെ പ്രവര്‍ത്തി കണ്ട അഗര്‍വാള്‍പോലും അന്ന് ശാന്തനായിരുന്നു. നിഷ്‌ക്രിയനായ ഡോണ്‍ ഫ്രെഡറിക്കിന്‌റെ സ്ഥാനത്ത് പുതിയൊരു മനുഷ്യന്‍ പിറവികൊള്ളുകയായിരുന്നു. നൂറ്റാണ്ടുകളായി വിലക്കപ്പെട്ട അധമവികാരങ്ങളെ ഒറ്റരാത്രികൊണ്ട് കോരിക്കുടിക്കുകയായിരുന്നോ അവന്‍. ഒരോ പ്രവൃത്തികള്‍ക്കും കാതോര്‍ത്ത് ഞങ്ങള്‍ നാല്‍വരും അവന് സംരക്ഷണം തീര്‍ത്തു.

'അഗര്‍വാള്‍ എനിക്ക് ഒരാഗ്രഹംകൂടി നീ നടത്തിത്തരണം' അവന്‍ അഗര്‍വാളിന്‌റെ ചെവിയില്‍ എന്തൊ മന്ത്രിച്ചു. നിഷേധസ്വരത്തില്‍ അഗര്‍വാള്‍ തലകുലിക്കി. 'അതുമാത്രം വേണ്ട ഡോണ്‍' അതുവരെ മിണ്ടാതനിന്ന മിഥുന്‍ സര്‍ക്കാറും പറയുന്നുണ്ടായിരുന്നു.
മെട്രോയിലേക്ക് നീണ്ടുകിടക്കുന്ന ഇരുള്‍വീണ ഫുട്പാത്തിലൂടെ നടക്കുമ്പോള്‍ എതിരെവന്ന കുലീനത്വം തോന്നിക്കുന്ന സ്തീക്കുനേരെ അവന്‍ വിരല്‍ച്ചൂി ചോദിച്ചു 'കിത്ത്‌നേ തേ മിലേ...'
തെല്ലൊരമ്പരപ്പിനുശേഷം സ്വബോധം തിരിച്ചുകിട്ടിയ അവര്‍ ആക്രോശിച്ചു. 'സാലേ..'
അഗര്‍വാളും സൗരവും അവനെ തൂക്കിയെടുത്ത് നടക്കുമ്പോള്‍ ഉന്മാദാവസ്ഥയിലും അവന്‍ പുലമ്പുന്നുണ്ടായിരുന്നു 'ബ്രിഗേഡിയര്‍ നിങ്ങള്‍ ശരിക്കും തോല്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു'.

ഛര്‍ദിച്ച് അവശനായ ഡോണിന്‌റെ നെഞ്ച് മെല്ലെ തിരുമിക്കൊടുക്കുമ്പോള്‍ അവന്‍ പറഞ്ഞു. 'സ്വാതന്ത്ര്യത്തിന്‌റെ ലോകം ഞാന്‍കണ്ടു'.
'ഇല്ല ഡോണ്‍ നീകണ്ടത് സ്വാതന്ത്ര്യത്തിന്‌റെ ലോകമല്ല, നിനക്ക് വേണ്ടത് ഈ സ്വാതന്ത്ര്യമല്ല.' ഞാന്‍ പറഞ്ഞത് അവന്‍ കേട്ടിരുന്നോ? എപ്പോഴോ അവന്‍ എന്‍റെ മടിയില്‍കിടന്ന് നിദ്രപൂണ്ടു. നിറയെത്തടിച്ച മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ എല്ലാം ഉപേക്ഷിച്ചായിരുന്നു ഡോണ്‍ പോയത്. എന്‌റെ ഓര്‍മക്കായി പൊടിയും മാറാലയും തിങ്ങിനിറഞ്ഞ സങ്കേതത്തിന് ഇതുകൂടിയിരിക്കട്ടെയെന്ന് അവന്‍ പറഞ്ഞു. തീവണ്ടിയുടെ ഉച്ചത്തിലുള്ള ചൂളംവിളിയുയര്‍ന്നപ്പോള്‍ ഞങ്ങളോടായി അവന്‍ യാത്രപറഞ്ഞു. കണ്ണില്‍നിന്ന് മറയുന്നിടംവരെ ആരൊക്കൊയോ ഉറ്റവര്‍ക്കായി പുറത്തേക്ക് നീട്ടിവീശിയ അനേകായിരം കൈകളില്‍ അവന്‌റേതുമുെന്ന് ഉല്‍കണ്ഠയാല്‍ ഞാനും കൈയ്യുയര്‍ത്തിനില്‍ക്കുകയായിരുന്നു. തീവണ്ടി കാഴ്ചകളില്‍ മറയുന്നിടംവരെ.

  
ദൂരെ ഡോണിനേയും വഹിച്ചുകൊണ്ട് ജനക്കൂട്ടം ദേവാലയത്തിലേക്ക് അടുക്കുകയായിരുന്നു. ബ്രിഗേഡിയര്‍ ഫ്രെഡറിക്ക് അബ്രഹാമിനെ തിരയുകയായിരുന്നു എന്‌റെ കണ്ണുകള്‍. ആരോ പറയുന്നതുകേട്ടു. മിനിഞ്ഞാന്ന് വെളുപ്പിനായിരുന്നു തൂങ്ങിയത്. അവന്‌റെ അപ്പന്‌റപ്പന്‍ അബ്രഹാം തൂങ്ങിയ അതേ കഴുക്കോലില്‍. 'ഉം, ആതാണ് പാരമ്പര്യം പാരമ്പര്യം എന്നുപറേണത് രണ്ടുപേരും പീപ്പി ഊതാന്‍ മിടുക്കരായിരുന്നു, 'പീപ്പിയല്ല കൈയ്യിലിട്ട് തിരക്കുന്ന എന്തോ കുന്ത്രാം'- ആരോ തിരുത്തുന്നുായിരുന്നു.
പറഞ്ഞിട്ടെന്താകാര്യം കുടുംബത്തിന്‌റെ പ്രതീക്ഷയല്ലേ തകര്‍ന്നത്'...

ഒരിക്കല്‍പോലും പരാജയം രുചിച്ചിട്ടില്ലാത്ത ജീവിതത്തില്‍ ഇന്നേവരെ ഒരിറ്റ് കണ്ണീര്‍പൊഴിക്കാത്ത് ബ്രിഗേഡിയര്‍ ഫ്രെഡറിക് അബ്രഹാം മകന്‌റെ ശവശരീരത്തിനുമുന്നില്‍ പൊട്ടിക്കരയുന്നത് അന്നാദ്യമായി കണ്ടു. അയാള്‍ എന്തോ തിരയുകയായിരുന്നു. ഡോണ്‍ നിധിപോലെ കാത്തുസൂക്ഷിച്ച ഗിറ്റാര്‍ ആയാള്‍ അവസാനമായി ചുംബിച്ചു. ചങ്കുപൊട്ടുന്ന ഗദ്ഗദത്തോടെ ബ്രിഗേഡിയര്‍ തന്‌റെ മകന്‌റെ കുഴിമാടത്തില്‍ അത് സ്ഥാപിച്ചു. സെന്‌റ് സെബസ്റ്റ്യാനോസ് ദേവാലയത്തിന് മുകളില്‍ മേഘപാളികള്‍ ഉരുുകൂടിത്തുടങ്ങിയിരുന്നു. ഏതുനിമിഷവും മഴ വന്നു ചേര്‍ന്നേക്കാം 'പോകാം' സൗരവ് കാതില്‍ മന്ത്രിച്ചു. സൗരവ് മുന്നില്‍നടന്നു. ദൂരെ സെന്‌റ് സെബസ്റ്റ്യാനോസ് ദേവാലയത്തിന്‌റെ മിനാരങ്ങള്‍ക്ക് മുകളില്‍ ആകാശത്ത് ഡോണ്‍ ഫ്രെഡറിക്ക് തെളിഞ്ഞുവരുന്നതായി തോന്നി. ആ മേഘപാളികള്‍ക്കിടയില്‍നിന്ന് അവനുനേരെ ഒരുകൈ നീണ്ടുവന്നോ... അവന്‌റെ മുത്തച്ഛന്‍ അബ്രഹാമന്‌റെ കൈകളായിരുന്നോ അത്. യമനുയിലെ സായാഹ്നങ്ങളില്‍ ഞങ്ങള്‍ക്കായി കേള്‍പ്പിച്ച മാസ്മരിക സംഗീതത്തില്‍നിന്നും എത്രയോ പതിന്മടങ്ങ് ശോകമാര്‍ന്നതും അനിര്‍വചനീയമായ സംഗീതം ഇപ്പോള്‍ എന്‌റെ കര്‍ണപുടങ്ങളെ തഴുകുന്നുതുപോലെ തോന്നി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പഠിക്കണമെന്ന് അവന്‍ പറഞ്ഞ മുത്തച്ഛന്‍ അബ്രഹാമിന്‌റെ ഗീതകമായിരിക്കാം അത്. അവന്‍ എത്തിച്ചേര്‍ന്നത് ഏറ്റവും മികച്ച വിദ്യാലയത്തിലാകാം... അല്ലായിരിക്കാം..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.