വി.സി. ഹാരിസ്​ എന്ന ഒറ്റമരം

ജീവിതത്തിനും മരണത്തിനുമിടയിലെ വ​െൻറിലേറ്റർ വാസത്തിന്​ അവസാനം കുറിച്ച്​,  തിരിച്ചുവരവിനായി പ്രാർഥിച്ചിരുന്നവരെയത്രയും  നിരാശയിലാഴ്​ത്തി വി.സി ഹാരിസ്​ മടങ്ങു​േമ്പാൾ പ്രമുഖ എഴുത്തുകാരൻ ഇ.പി. രാജഗോപാലൻ ഫേസ്​  ബുക്കിൽ  ഇങ്ങനെ കുറിക്കുന്നു...

‘‘വി.സി.ഹാരിസ്: ചെയ്തതൊക്കെയും വ്യത്യസ്തം. വിമർശനത്തിന്റെയും (സ്വകാര്യ )ജീവിതത്തി​​െൻറയ​ും സ്ക്രിപ്റ്റുകളടക്കം എല്ലാം വിഭിന്നം. അധ്യാപകൻ ജ്ഞാനത്തിൻറെ അധികാരിയല്ല എന്ന് തെളിയിച്ചു. അസാധാരണതകൾ സാധാരണമാണ് എന്നുറപ്പിച്ചു. പ്രതിഷ്ഠകളെ ഗൗനിച്ചില്ല.സ്വയം പ്രതിഷ്ഠയാവാതിരിക്കാൻ ശ്രദ്ധിച്ചു.നല്ല നടനായിരുന്നു. നാട്യം കുറവായിരുന്നു. സ്വന്തമായ ജീവിതം  സർഗ്ഗാത്മകമായി ജീവിച്ചു. സൗഹൃദങ്ങളിൽ തിളങ്ങി. സ്വയം വിശകലനം ചെയ്ത് അസ്വസ്ഥനായി. അതിൽ രസിച്ചു.

മരണത്തിന് മാത്രമേ ഹാരിസിനെ ഉലച്ചു കളയാനായുള്ളൂ. ഓട്ടോറിക്ഷാ അപകടത്തിൽ പെടാൻ ഒരു സർവകലാശാലാധ്യാപകനും അവസരം കിട്ടാനിടയില്ലാത്ത ഇന്നത്തെ കേരളത്തിൽ അങ്ങനെയൊരാളായി. ഗൗരവബുദ്ധികളായ വിമർശകരുടെ ഗോത്രം വീണ്ടും ചെറുതാവുന്നു.’’

അധ്യാപകൻ എന്ന വിശേഷണമില്ലാതെ ‘ഹാരിസ്​’ എന്ന വിളിയിൽ ആർക്കുവേണമെങ്കിലും, വിദ്യാർഥിക്കുപോലും അദ്ദേഹത്തോട്​ സംസാരിക്കാമായിരുന്നു. ചിലർ സ്​നേഹാതിരേകത്താൽ  ഹാരിസ്​ മാഷ്​ എന്നു വിളിച്ചു.  വി.സി. ഹാരിസ്​  സംസാരിച്ചുകൊണ്ടേയിരിക്കുകയായിരുന്നു ഇക്കാലമത്രയും. ചിലപ്പോൾ ക്ലാസ്​ മുറിയിൽ, ചിലപ്പോൾ പൊതുവേദിയിൽ ചിലനേരം അനൗപചാരികമായ കൂട്ടായ്മകളിൽ. അത്തരം നിരവധി സംഭാഷണങ്ങളുടെ തുടർച്ചയിൽ  ‘മാധ്യമം’ ആഴ്​ചപ്പതിപ്പിനു വേണ്ടി കെ.പി. ജയകുമാർ  നടത്തിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ഇവിടെ വായിക്കാം. 

 

മയ്യഴിയാണല്ലോ മാഷി​​െൻറ ജന്മനാട്​.  മയ്യഴിയിലെയും തലശ്ശേരിയിലെയും അക്കാലത്തെ സാമൂഹിക ജീവിതം എങ്ങനെയായിരുന്നു, പ്രത്യേകിച്ചും ജാതി-മത ബന്ധങ്ങൾ? 

എ​േൻറത്​ പഴയ മട്ടിലുള്ള ഒരു മുസ്​ലിം പാരമ്പര്യത്തിൽ വരുന്ന വീടാണ്. എന്നുവെച്ചാൽ അത് ഭയങ്കരമായി പാലിക്കുന്ന കക്ഷികളൊന്നുമായിരുന്നില്ല. ഉമ്മയൊക്കെ എനിക്ക് ഓർമവെച്ച കാലം മുതൽ സാരിയും ബ്ലൗസുമൊക്കെ ധരിക്കുന്ന കക്ഷിയായിരുന്നു. അല്ലാതെ പഴയ പെൺകുപ്പായം എന്ന് പറയുന്ന സാധനമില്ലേ, അതാകെ ഉപയോഗിച്ചിരുന്നത് ഉമ്മാമ്മ മാത്രമായിരുന്നു. അപ്പോൾ ആ തരത്തിലുള്ള ഒരു അന്തരീക്ഷത്തിലാണ് ഞാൻ വളർന്നുവരുന്നത്. കൃത്യമായി പള്ളിയിൽ പോകണം, അത് ചെയ്യണം, ഇതു ചെയ്യണം അങ്ങനെയുള്ള നിർബന്ധമൊന്നുമില്ല. തൊട്ടപ്പുറത്ത് ഒരു പള്ളിയുണ്ട്. അതിനു ചുറ്റുമുള്ള മനുഷ്യർ ശരിക്കു പറഞ്ഞാൽ തിയ്യരാണ്. അവിടെ തീയാന്നേ വിളിക്കുള്ളൂ. നമ്മുടെ വീട്ടിൽ, മുസ്​ലിമല്ലാത്ത ആരു വന്നാലും തീയാന്നേ വിളിക്കുള്ളൂ. അത് നായരാണോ നമ്പൂതിരിയാണോ ക്രിസ്​ത്യാനിയാണോ എന്നൊന്നും നോക്കില്ല. ഓൻ തിയ്യനാ... എന്നേ പറയുള്ളൂ. തലശ്ശേരിയിലെത്തുമ്പോൾ ഒരു പുതിയ വാക്ക് കേൾക്കുന്നു ‘‘ഓൻ ചേട്ടനാ...’’എന്നാണ് പ്രയോഗം. ആ പ്രദേശത്തുള്ള കക്ഷികൾ എല്ലാവരും ചേട്ടൻ എന്ന വാക്കുപയോഗിക്കുന്നത് പാലായിൽനിന്നും മറ്റും ഈ പ്രദേശത്തേക്ക് കുടിയേറിപ്പാർത്തവരെയാണ്. തലശ്ശേരി മാത്രമല്ല, അതിനപ്പുറം ഇരിക്കൂർ പോലുള്ള പ്രദേശങ്ങളിലും. വനമേഖലകളിലാണ് പ്രത്യേകിച്ചും ഇങ്ങനെ കുടിയേറിപ്പാർത്തവർ അധിവസിക്കുന്നത്. അവരെ ചേട്ടന്മാർ എന്നാണ് വിളിച്ചിരുന്നത്. അല്ലാതെ വീട്ടിലുള്ള ഒരാളെ ചേട്ടൻ എന്നൊന്നും വിളിക്കില്ല. ചേട്ടൻ എന്നു പറഞ്ഞാൽ  കുടിയേറ്റക്കാരൻ എന്നാണർഥം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ കുടിയേറ്റക്കാരൻ ക്രിസ്​ത്യാനി. 

ഹൈസ്​കൂളിൽ പഠിക്കുന്ന കാലത്താണ് ഞാൻ മനസ്സിലാക്കുന്നത്, തലശ്ശേരിയിൽ ശ്രീനാരായണ ഗുരു നേരിട്ട് വന്ന് സ്​ഥാപിച്ച ഒരു ക്ഷേത്രമുണ്ടെന്ന്- ജഗന്നാഥ ക്ഷേത്രം. ക്ഷേത്രം നിൽക്കുന്ന റോഡിന് ജഗന്നാഥ ടെമ്പിൾ റോഡ് എന്നാണ് പേര്. ജെ.ടി റോഡ് എന്നാണ് എല്ലാവരും വിളിക്കുക. എ​െൻറ ഒരു ജ്യേഷ്ഠ​​െൻറ ഭാര്യവീട് ഈ റോഡിന് ഇപ്പുറത്താണ്. ആ വീട്ടിൽ പോകേണ്ടിവരുമ്പോൾ ഈ റോഡിലൂടെ യാത്ര ചെയ്യേണ്ടി വരും. ഇത് പൊതുവഴിയാണ്. അതിലെ പോയാൽ നമുക്ക് കൂത്തുപറമ്പിലെത്താം. തലശ്ശേരി ടൗൺ കയറാതെ കൂത്തുപറമ്പിലെത്താനുള്ള ഒരു വഴികൂടിയാണിത്. അവിടെ ഒരു റെയിൽവേ േക്രാസ്​ ഉണ്ട്. അതി​െൻറ തൊട്ടിപ്പുറത്താ ക്ഷേത്രം. ഒരിക്കൽ അവിടെ വലിയ ദുരന്തമൊക്കെയുണ്ടായിട്ടുണ്ട്. അവിടെ ഉത്സവമൊക്കെ നടക്കുന്ന സമയത്ത് നമ്മൾ ഈ പിള്ളാരൊക്കെ ചേർന്ന്, വീട്ടിൽ എന്തെങ്കിലും കള്ളമൊക്കെ പറഞ്ഞ് വെടിക്കെട്ടും മറ്റും കാണാൻ പോകും. ഈ ക്ഷേത്രമെത്തുന്നതിന് നൂറു മീറ്റർ ഇപ്പുറത്ത് മെയിൻ റോഡിൽ വലിയൊരു ബോർഡ് ‘മുഹമ്മദീയർക്ക് പ്രവേശനമില്ല.’ ആ ക്ഷേത്രത്തി​െൻറ മുന്നില് അവരുടെ പറമ്പിൽ അവരുടെ മതിലിലാണ് ഈ ബോർഡെങ്കിൽ കുഴപ്പമില്ല. അവരുടെ സ്വത്താണല്ലോ. എങ്കിലും അവരുടെ സ്വത്താണെന്നെങ്കിലും നമുക്ക് പറയാമല്ലോ, അതുപോലും കുഴപ്പമാ, എങ്കിലും മിനിമം ലെവലിൽ അതവരുടെ സ്വത്താ. ‘‘എ​െൻറ വീട്ടിൽ ആരാ വരേണ്ടതെന്ന് ഞാനാ തീരുമാനിക്കുന്നത്...’’എന്ന് പറയുന്നതുപോലെ. ഇത് പൊതുവഴിയിലാണ് വെച്ചിരിക്കുന്നത്. എന്തു ചെയ്യും? 

ജഗന്നാഥ ക്ഷേത്രം
 

പിന്നീടൊരു കാലത്ത് അടിയന്തരാവസ്​ഥക്കാലത്തോ മറ്റോ, പ്രഭാ ടാക്കീസി​െൻറ ഉടമ, അദ്ദേഹത്തി​െൻറ പേര് രത്നാകരൻ എന്നോ മറ്റോ ആണ്. അയാൾ സിംഗപ്പൂരിലോ മലേഷ്യയിലോ ഒക്കെ പോയി കുറെ പൈസയുണ്ടാക്കി വന്ന് അവിടെ താമസമാക്കി. അങ്ങനെയാണ് ഈ തിയറ്ററുണ്ടാക്കുന്നത്. അയാളുടെ ഒരു മോൾ കണ്ണൂർ എസ്​.എൻ കോളജിൽ എ​െൻറ ജൂനിയറായി പഠിച്ചിട്ടുണ്ട്. അടിയന്തരാവസ്​ഥക്കാലത്ത്, അയാൾ എസ്​.എൻ.ഡി.പിയുടെ പ്രാദേശിക നേതാവായി വന്നു. ആ മനുഷ്യനാണ് ഈ ബോർഡ് എടുത്തുമാറ്റാൻ തീരുമാനിച്ചത്. എന്നുവെച്ചാൽ അതെടുത്ത് മാറ്റാൻ ഇപ്പറഞ്ഞതുപോലെ വിദേശത്ത് പോയി പണമൊക്കെയുണ്ടാക്കി (ചിരിക്കുന്നു) ഇവിടെയൊരു തിയറ്ററൊക്കെയുണ്ടാക്കി ഇങ്ങനെ വിലസിനടക്കുന്ന ഒരാൾ വേണമായിരുന്നു. അല്ലാതെ അവിടത്തെ സാധാരണ മട്ടിലുള്ള നാരായണീയ പ്രവർത്തകർക്കൊന്നും അത് സാധിച്ചില്ല. ശ്രീനാരായണഗുരു സ്​ഥാപിച്ച ഒരു ക്ഷേത്രത്തി​െൻറ കാര്യമാണ് ഞാനീ പറഞ്ഞത്. 

അപ്പോൾ നവോത്ഥാനം, രാഷ്ട്രീയം എന്നൊക്കെയുള്ള നമ്മുടെ പ്രവർത്തനങ്ങളുടെ സ്വഭാവം എന്താണ്? 

അതുകൊണ്ടാണ് എനിക്കിത്തരം കാര്യങ്ങളിലൊന്നും അദ്ഭുതം തോന്നാത്തത്. നമ്മളിത് പണ്ടേ കണ്ടുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ ഭയങ്കരമായ അവിശ്വാസമൊന്നും തോന്നില്ല. ഞാനൊരു കാര്യം പറയാം. ഞാനിപ്പോൾ വാടകക്ക് താമസിക്കുന്നത് ഏറ്റുമാനൂർ അടുത്തുള്ള ഒരു വീട്ടിലാണ്. ആ വീട് മാറണം എന്ന് ഉടമ പറഞ്ഞു. ഞാൻ പുതിയ വാടകവീട് നോക്കാൻ തുടങ്ങി. ചുറ്റുമുള്ള ഓട്ടോറിക്ഷക്കാരോടും അയൽക്കാരോടുമൊക്കെ വീട് അന്വേഷിക്കണമെന്ന് പറഞ്ഞു. ഇന്നലെ എന്നെ ഒരു ഓട്ടോറിക്ഷക്കാരൻ വിളിച്ചു. തവളക്കുഴിയിൽ ഒരു ഹോട്ടലുണ്ട്, അതിന് പിറകിലുള്ള വീടാ, ഒറ്റനില, മൂന്ന് മുറികൾ, സാറിന് പറ്റും. തൊട്ടടുത്താണ് ബസ്​സ്​റ്റോപ്പ്. എല്ലാ സൗകര്യവും അടുത്തുണ്ട്. പക്ഷേ, ഒരു കണ്ടീഷൻ, ക്രിസ്​ത്യാനികൾക്കേ കൊടുക്കൂ. അതിനു വേണ്ടി ക്രിസ്​ത്യാനിയാകാനൊന്നും പറ്റില്ലല്ലോ? ഞാൻ അയാളോട് തമാശക്ക് പറഞ്ഞു, വേണങ്കിൽ എ​െൻറ ഭാര്യ ക്രിസ്​ത്യാനിയാണെന്ന് പറ. പിന്നെ ഇങ്ങനെ ഞാൻ പറഞ്ഞത് എ​െൻറ ഭാര്യ കേട്ടിട്ടുണ്ടെങ്കിൽ അവർ എന്നെ ഓടിക്കും. അത് വേറെ കാര്യം. 
ചില സ്​ഥലത്ത് മുസ്​ലിംകൾക്ക് വീട് കൊടുക്കില്ല. അങ്ങനെയുള്ള സംഭവങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നമ്മളിപ്പോൾ കൂടുതൽ ഭീകരമായ അവസ്​ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.

തലശ്ശേരിയിലെ ജീവിതമാണോ ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേകിച്ചും ഇംഗ്ലീഷ് സാഹിത്യപഠനത്തിലേക്ക് എത്തിച്ചത്? 

അച്ഛൻ ബോംബെയിലായിരുന്നു. അവിടത്തെ ബിസിനസൊക്കെ ഒഴിവാക്കി അദ്ദേഹം നാട്ടിലെത്തി. അങ്ങനെയാണ് ഞങ്ങൾ മാഹിയിൽനിന്ന് തലശ്ശേരിക്ക് പോകുന്നത്. വീട് തലശ്ശേരി ടൗണിൽതന്നെയാ. അന്നത്തെ ൈപ്രവറ്റ് സ്​റ്റാൻഡിൽനിന്ന് 50 മീറ്റർ മാത്രം അകലെ. ആറാംക്ലാസിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ തലശ്ശേരിക്ക് വരുന്നതെന്ന് പറഞ്ഞല്ലോ. മാഹിയിലെ ഞങ്ങളുടെ വീട് ആ പ്രദേശത്തെ ഏറ്റവും വലിയ വീടായിരുന്നു. വേണമെങ്കിൽ ഏറ്റവും സമ്പന്നമായ വീടും എന്നു പറയാം. വേറെയുമുണ്ട് സമ്പന്ന കുടുംബങ്ങൾ അവിടെയും ഇവിടെയുമൊക്കെ. പക്ഷേ, ആ വീട്ടിൽനിന്ന് തറവാട്ടിൽനിന്ന് ആദ്യമായിട്ട് എസ്​.എസ്​.എൽ.സി പാസാകുന്നത് ഞാനാ. അത് പൈസയില്ലാത്തതുകൊണ്ടോ സ്​കൂൾ അടുത്തില്ലാത്തതുകൊണ്ടോ അല്ല. നമ്മുടെ കാരണവന്മാരുടെയും കാരണോത്തിമാരുടെയും ചിന്തകൊണ്ട് കൂടിയാണ്. അടിസ്​ഥാനപരമായി കച്ചവടക്കാരാണ്. നിങ്ങൾക്ക് അത്യാവശ്യമായിട്ട് വായിക്കാനും എഴുതാനും അറിയണം. കണക്കു കൂട്ടാൻ അറിയണം. ഇതിന് അഞ്ചാം ക്ലാസ്​ വരെ പഠിച്ചാൽ പോരേ? പിന്നെന്തിനാ പോകുന്നത്? അത് കഴിഞ്ഞ് വല്ല കച്ചോടം നടത്തെടേ...ഇതാണ് ഇതി​െൻറ ഒരു ലോജിക്ക്. അതുകൊണ്ട് വേറെ ആരും പോവൂല്ല. ഞാൻ എസ്​.എസ്​.എൽ.സിക്ക് വലിയ മാർക്കുവാങ്ങിവരുന്നു. പിന്നെ എങ്ങോട്ട് പോകണമെന്ന് എനിക്കുതന്നെ അറിഞ്ഞുകൂടാ. വീട്ടുകാരോട് ചോദിക്കാൻ പറ്റോ? വീട്ടിൽ ആർക്കെങ്കിലും അറിയാമോ? ഇങ്ങനെയുള്ള ഒരു പ്രതിസന്ധികൾ ഒരു വശത്തുകൂടി കടന്നുപോവുകയാണ്. 

കോളജ് പഠനകാലം കണ്ണൂരായിരുന്നല്ലോ, പ്രത്യേകിച്ചും എഴുപതുകളുടെ അവസാനകാലം? 

കണ്ണൂർ എസ്​.എൻ കോളജിലായിരുന്നു പഠനം. തലശ്ശേരിയിൽനിന്ന് എന്നും ബസിൽ പോയിവരും. അക്കാലത്താണ് പുലിക്കോടൻ നാരായണൻ തലശ്ശേരിയിൽ എസ്​.ഐ ആയി വരുന്നത്. മുടിനീട്ടി വളർത്തിയ ചെറുപ്പക്കാരെ പുലിക്കോടൻ പിടിച്ചുകൊണ്ടുപോയി സ്​റ്റേഷനിൽവെച്ച് മുടിവെട്ടിച്ചുവിടും. അതെന്തിനാണെന്ന് ആർക്കും ഒരിക്കലും മനസ്സിലായില്ല. ആരും ചോദ്യംചെയ്യാനും പോയിട്ടില്ല. പിന്നീടിയാൾ കണ്ണൂരിലേക്ക് വരുന്നു. ഒരു വൈകുന്നേരം കോളജിൽനിന്ന് ബസ്​സ്​റ്റോപ്പിലേക്ക് ഞാനും സുഹൃത്തും നടന്നുവരുകയായിരുന്നു. അപ്പോൾ കണ്ണൂർ ഭാഗത്തുനിന്നുവന്ന പുലിക്കോട​​െൻറ വണ്ടി ഞങ്ങളെ ചുറ്റി ചീറിപ്പാഞ്ഞ് കോളജിലേക്ക് പോകുന്നു. മുടിവെട്ടിക്കാൻവന്ന വരവാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. എങ്ങനെയെങ്കിലും ബസ്​ കിട്ടി പോയാൽ മതിയെന്നായി ഞങ്ങൾക്ക്. പക്ഷേ, ബസ്​ വന്നില്ല. പൊലീസ്​ ജീപ്പ് തിരിച്ചു വന്നു. വണ്ടിയിൽ രണ്ടുമൂന്നു കുട്ടികൾ. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വണ്ടി ബസ്​സ്​റ്റോപ്പിന് എതിർവശത്ത് നിർത്തി ഞങ്ങളെ രൂക്ഷമായൊന്നു നോക്കി. നമുക്കിവിടെ നിൽക്കേണ്ട, നടക്കാമെന്ന് ഞാൻ കൂട്ടുകാരനോട് പറഞ്ഞു. ഞങ്ങൾ അടുത്ത സ്​റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി. അപ്പോൾ നേരിയ മഴ പെയ്യുന്നുണ്ടായിരുന്നു. കൂട്ടുകാര​െൻറ കൈയിലുണ്ടായിരുന്ന കുട ചൂടി ഞങ്ങൾ നടക്കാൻ തുടങ്ങി. അപ്പോൾ പൊലീസ്​ ജീപ്പ് വട്ടം തിരിച്ച് ഞങ്ങൾക്ക് അടുത്തുകൊണ്ടുവന്നുനിർത്തി. പുലിക്കോടൻ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി നോക്കി. എ​െൻറ കൂട്ടുകാരനോട് ജീപ്പിൽ കയറാൻ കൽപിച്ചു. ഒരു പൊലീസുകാരൻ അവനെ പിടിച്ച് വണ്ടിയിൽ കയറ്റി. തിരിച്ച് കണ്ണൂർ ഭാഗത്തേക്ക് ഓടിച്ചുപോയി. അടുത്തുവന്ന ബസിൽ ഞാൻ കയറി. നേരെ തലശ്ശേരിയിൽ വന്നിറങ്ങി. അവ​​െൻറ  അമ്മാവന് ടൗണിൽ ഒരു കടയുണ്ട്, ഞാൻ ഓടിച്ചെന്ന് വിവരം പറഞ്ഞു. അമ്മാവൻ കണ്ണൂരിലെ ബന്ധുക്കൾവഴി അന്വേഷിക്കാമെന്നു പറഞ്ഞു. പിറ്റേന്നാണ് ഞാൻ അറിയുന്നത്, ഞാൻ ഈ അമ്മാവനോട് പോയി പറഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ വീട്ടിലെത്തി. അവനെ സ്​റ്റേഷനിലൊന്നും കൊണ്ടുപോയില്ല. ജീപ്പിൽ പിടിച്ചുകയറ്റി അടുത്ത ജങ്ഷനിൽ വണ്ടിനിർത്തിയിട്ട് പുലിക്കോടൻ അവനോട് ചോദിക്കുന്നു: എടാ നി​െൻറ കൂടെയുണ്ടായിരുന്ന അവനില്ലേ, അവനെന്താ വിഗ്ഗാണോ വെച്ചിരിക്കുന്നത് എന്ന്. എ​േൻറത്​ ചുരുളൻ മുടിയായതുകൊണ്ട് നീണ്ട് താഴേക്ക് വരില്ല. പൊങ്ങി നിൽക്കുകയേയുള്ളൂ. ഇതുകണ്ടപ്പോ പുലിക്കോടന് സംശയം വിഗ്ഗാണോ എന്ന്. അതൊന്നുറപ്പിക്കാനാണ് അവനെ പിടിച്ചത്. ആ ജങ്ഷനിൽനിന്ന് അവനെ ഇറക്കിവിട്ടു. അന്ന് പുലിക്കോട​െൻറ കട്ടിങ്ങിൽനിന്ന് കഷ്​ടിച്ച് ഞാൻ രക്ഷപ്പെട്ടു.
 
വിദ്യാർഥിരാഷ്ട്രീയത്തിലുണ്ടായിരുന്നോ? 

ഇല്ല, ഞാനൊരിക്കലും ഒരു സംഘടനയിലും അംഗമായിരുന്നില്ല. എന്നാൽ, ചെറിയമട്ടിൽ ഇടതുപക്ഷ അനുഭാവം എന്നൊക്കെ പറയാവുന്ന ഒരു നിലപാട് ഉണ്ടായിരുന്നു. കണ്ണൂർ എസ്​.എൻ കോളജ് എല്ലാകാലത്തും കെ.എസ്​.യുവി​െൻറ കുത്തകയായിരുന്നു. ഞാൻ ഒന്നാം വർഷ ബി.എ ഇംഗ്ലീഷിന് പഠിക്കുന്ന വർഷം കെ.എസ്​.യു യൂനിയൻ ചെയർമാൻ, എഡിറ്റർ തുടങ്ങിയവർക്കെതിരെ ഒരു പെൺ കേസ്​ ഉയർന്നുവന്നു. അടുത്ത തെരഞ്ഞെടുപ്പിൽ എസ്​.എഫ്.ഐ അത് പരമാവധി മുതലാക്കാൻ ശ്രമിച്ചു. അങ്ങനെ ആ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ എസ്​.എഫ്.ഐ ജയിച്ചു. സ്​റ്റുഡൻറ് എഡിറ്റർ. പിൽക്കാലത്ത് പ്രശസ്​തനായ പത്രപ്രവർത്തകനായ വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു അത്. വെങ്കിടി അന്ന് അവിടെ ബി.കോമിന് പഠിക്കുകയായിരുന്നു. നേരിട്ട് എസ്​.എഫ്.ഐയുമായി ബന്ധമില്ലാത്തതും എന്നാൽ, ഇടതുപക്ഷാനുഭാവിയുമായ ഞാനും മറ്റൊരു പെൺകുട്ടിയെയും ഉൾപ്പെടുത്തി എഡിറ്റോറിയൽ കമ്മിറ്റി ഉണ്ടാക്കി. പതിവിൽനിന്ന് ഭിന്നമായി ആ അക്കാദമിക് ഇയറിൽ തന്നെ മാഗസിൻ ഇറക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതിൽ ഞങ്ങൾ വിജയിച്ചു. കെ.എസ്​.യുക്കാർ കുറെ മാഗസിനുകൾ കോളജ് മുറ്റത്തിട്ട് കത്തിച്ചു. അത് ഞങ്ങൾക്ക് വലിയ അംഗീകാരമായി. അടുത്തവർഷം വെങ്കിടിയും മറ്റ് എസ്​.എഫ്.ഐ നേതാക്കളും മാഗസിൻ എഡിറ്ററായി മത്സരിക്കാൻ എന്നോട് പറഞ്ഞു. ഞാൻ ഒരു കാരണവശാലും മത്സരിക്കില്ലെന്നു പറഞ്ഞു. അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ഒരു പ്രമുഖ നേതാവ് പി. ശശിയാണ്. പി. ശശി അന്നവിടെ എം.എക്ക് പഠിക്കുകയായിരുന്നു. 

എം.എ പഠനം എവിടെയായിരുന്നു? 

അന്ന് വടക്ക് കാലിക്കറ്റ് സർവകലാശാല മാത്രമേയുള്ളൂ. സർവകലാശാലയുടെ ഒരു ഇംഗ്ലീഷ് സ​െൻറർ തലശ്ശേരിയിൽ ഉണ്ടായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് തലശ്ശേരിക്കുള്ള പാരമ്പര്യവും ചരിത്രവും കണക്കിലെടുത്താവണം അത്. അവിടെയാണ് ഞാൻ എം.എ ചെയ്തത്. അന്നത്തെ അവിടത്തെ അധ്യാപകരിൽ ഒരാളായിരുന്നു പിന്നീട് എം.ജി സർവകലാശാല വൈസ്​ ചാൻസലറായിരുന്ന ജാൻസി ജയിംസ്​. അവരുടെ ഭർത്താവ് ജയിംസ്​ ബ്രണ്ണൻ കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. പിന്നീട് അദ്ദേഹം ഹയർ എജ്യുക്കേഷൻ ഡയറക്ടറായി. ഞാൻ രണ്ടാം സെമസ്​റ്റർ പഠിക്കുമ്പോൾ ജാൻസി ജയിംസ്​ തിരുവനന്തപുരത്തേക്ക് പോയി. അധ്യാപകരുടെ ഇടയിൽ എടുത്തുപറയേണ്ട ഒരു പേര് ഡോ.ആർ. വിശ്വനാഥേൻറതാണ്. എ​െൻറ ജീവിതത്തിൽ ഏറ്റവും ആകർഷിച്ച അധ്യാപനരീതി വിശ്വനാഥൻ മാഷിേൻറതാണ്. അദ്ദേഹം ഒരിക്കലും പാഠപുസ്​തകത്തിൽ നിന്നില്ല. പാഠത്തിന് പുറത്തേക്ക് അദ്ദേഹം സഞ്ചരിക്കും. അത് നമുക്ക് വിശാലമായൊരു ലോകം തുറന്നുതരും. അനന്യമായിരുന്നു അദ്ദേഹത്തി​െൻറ അധ്യാപനശൈലി. 

കണ്ണൂരിൽനിന്ന് നേരേ തിരുവനന്തപുരത്തേക്കാണ്. എങ്ങനെയാണ് അയ്യപ്പപ്പണിക്കർ സാറി​െൻറ അടുത്ത് എത്തിപ്പെടുന്നത്? 

തിരുവനന്തപുരത്തേക്കുള്ള എ​െൻറ യാത്ര ശരിക്കും യാദൃച്ഛികമായിരുന്നു. തലശ്ശേരി സർവകലാശാല സ​െൻററിലെ ഡിപ്പാർട്മ​െൻറ് തലവൻ മുഹമ്മദ് ഇല്യാസ്​ എന്ന അധ്യാപകനായിരുന്നു. ഞാൻ എം.എ കഴിഞ്ഞ് വെറുതെ നടക്കുന്ന സമയത്ത് ഇല്യാസ്​ മാഷ് എന്നോട് ചോദിച്ചു ഇനി എന്താ പരിപാടി? ഞാൻ പറഞ്ഞു എനിക്കൊരു പിഎച്ച്.ഡി ചെയ്യണമെന്നുണ്ടെന്ന്. അപ്പോൾ ഞാൻ ഒരു വിഷയംപോലും ആലോചിച്ചിട്ടില്ല. മാഷ് കുറെനേരം ആലോചിച്ചിട്ട് പറഞ്ഞു. ഞാൻ ഫ്രീയാണ് എനിക്ക് വേണമെങ്കിൽ എടുക്കാം. പക്ഷേ, എനിക്ക് വേറൊരുകാര്യം നിർദേശിക്കാനുണ്ട്. ഹാരിസിന് നല്ലത് തിരുവനന്തപുരത്ത് ചെന്ന് ഡോ.അയ്യപ്പപ്പണിക്കരുടെ കൂടെ ഗവേഷണം നടത്തുന്നതാണ്. ഞാനാകെ അന്താളിച്ചു. പണിക്കർ സാറി​െൻറ കുറെ കവിതകളൊക്കെ വായിച്ചിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഒരു പരിചയവുമില്ല. കണ്ടിട്ടുപോലുമില്ല. അക്കാര്യമൊക്കെ ഞാൻ ഇല്യാസ്​ മാഷോട് പറഞ്ഞു. അതൊന്നും സാരമില്ല നമുക്ക് വഴിയുണ്ടാക്കാമെന്ന് മാഷ് പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഇല്യാസ്​ മാഷ് എന്നെ വിളിച്ചു പറഞ്ഞു അയ്യപ്പപ്പണിക്കർ സാർ തലശ്ശേരിയിൽ ഒരു പരിപാടിക്ക് വരുന്നുണ്ട്. വൈകുന്നേരം ബി.എം.ബി ഹൈസ്​കൂളിലാണ് പരിപാടി. അവിടെവന്നാൽ പണിക്കർ സാറിനെ പരിചയപ്പെടുത്തിത്തരാമെന്ന് മാഷ് പറഞ്ഞു. അങ്ങനെ പരിപാടിദിവസം വൈകുന്നേരം ഞാനവിടെ ചെല്ലുന്നു. പരിപാടി കഴിഞ്ഞപ്പോൾ രാത്രിയായി. പണിക്കർ സാറിനൊപ്പം എം. ഗംഗാധരൻമാഷും ഉണ്ടായിരുന്നു. ഇല്യാസ്​ മാഷ് എന്നെ അയ്യപ്പപ്പണിക്കർ സാറിന് പരിചയപ്പെടുത്തുന്നു. ഇവന് പിഎച്ച്.ഡി ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. അപ്പോഴേക്ക് ഏതാണ്ട് എട്ടരമണിയായി. അയ്യപ്പപ്പണിക്കർ സാറി​െൻറ മറുപടി ഇതായിരുന്നു. ഒമ്പതരമണിയുടെ െട്രയിനിന് ഞാൻ തിരുവനന്തപുരത്തേക്ക് പോകും. ആ െട്രയിനിൽ കേറിവാ, നാളെ ഡിപ്പാർട്മ​െൻറിൽവെച്ച് സംസാരിക്കാമെന്ന്. ഞാൻ നേരേ വീട്ടിലേക്കോടി. വിവരം പറഞ്ഞു. ഒരു ബാഗിൽ അത്യാവശ്യസാധനങ്ങൾ വാരിയിട്ടു. നേരേ തീവണ്ടി സ്​റ്റേഷനിലേക്ക്. റിസർവേഷനൊന്നുമില്ല. ലോക്കൽ ടിക്കറ്റെടുത്ത് അകത്തു കയറി. അയ്യപ്പപ്പണിക്കർ സാറും ഗംഗാധരൻമാഷും ഇരിക്കുന്ന കമ്പാർട്മ​െൻറ് കണ്ടുപിടിച്ച് അവിടെ ചെന്ന് കുറച്ചുനേരം സംസാരിച്ചിരുന്നു. എല്ലാവരും ഉറങ്ങുന്ന സമയമായപ്പോൾ ജനറൽ കമ്പാർട്മ​െൻറിൽ പോയി കിടന്നുറങ്ങി. പിറ്റേന്ന് വെളുപ്പിന് തിരുവനന്തപുരത്ത് എത്തി. ട്രിവാൻഡ്രം ഹോട്ടൽ എന്നൊരു ഹോട്ടലുണ്ട് അവിടെ പോയാൽ മുറികിട്ടും. ഫ്രഷായി കാലത്ത് പത്തുമണിയാകുമ്പോൾ ഡിപ്പാർട്മ​െൻറിൽ എത്താൻ പണിക്കർ സാറ് പറഞ്ഞു. ഞാൻ പറഞ്ഞതുപോലെ പത്തുമണിക്കുതന്നെ ഡിപ്പാർട്മ​െൻറിൽ എത്തി. അപ്പോൾ സാറ് എന്നോട് ഗവേഷണ വിഷയത്തെക്കുറിച്ച് ചോദിക്കുന്നു. ഞാൻ സിൽവിയാപ്ലാത്ത്, എമിലി ഡിക്സൺ ഇങ്ങനെ അമേരിക്കൻ കവികളെക്കുറിച്ച് പറഞ്ഞു. അദ്ദേഹം എന്നോട് പറഞ്ഞു ഒരു ബിബ്ലിയോഗ്രഫി തയാറാക്കണം. യൂനിവേഴ്സിറ്റി ലൈബ്രറിയിൽ ചെന്നാൽ പബ്ലിക്കേഷൻ ഓഫ് മോഡേൺ ലാംഗ്വേജസ്​ അസോസിയേഷ​െൻറ (പി.എം.എൽ.എ) ജേണൽ കിട്ടും. അതിനു പുറമെ അവർ ഓരോ വർഷവും ഓരോ വിഷയത്തി​െൻറ ബിബ്ലിയോഗ്രഫി പ്രസിദ്ധീകരിക്കും. കഴിഞ്ഞ അഞ്ച് വർഷം ഈ കവികളെക്കുറിച്ച് വന്ന പഠനങ്ങളുടെ ഒരു പട്ടിക തയാറാക്കി കൊണ്ടുവരാൻ പറഞ്ഞു. ഞാനവിടെ ചെല്ലുന്നു. ഒരു ദിവസം മുഴുവൻ കുത്തിയിരുന്നിട്ടാണ് എനിക്കത് പൂർത്തീകരിക്കാൻ കഴിഞ്ഞത്. കാരണം, അത്രയധികം പഠനങ്ങൾ അവരെക്കുറിച്ച് നടന്നിരുന്നു. എല്ലാം എഴുതി തയാറാക്കി വൈകുന്നേരം ഞാൻ സാറിനെ ചെന്നു കണ്ടു. ഞാനതൊക്കെ നോക്കട്ടെ ഒരാഴ്ച കഴിഞ്ഞ് വിളിക്കാൻ പറഞ്ഞ് ഓഫിസിലെ നമ്പറും തന്നു. ഒരാഴ്ച കഴിഞ്ഞ് ഞാൻ വിളിച്ചപ്പോൾ സാറ് പറഞ്ഞു. ഞാൻ എടുക്കാം പക്ഷേ, ഒരു കണ്ടീഷൻ, ജനുവരിയിൽ ഇവിടെ എം.ഫിൽ തുടങ്ങും. അതിൽ ചേരണം. എം.ഫിൽ കഴിഞ്ഞ ഉടനെ പിഎച്ച്.ഡിക്ക് ചേരാം. ഞാൻ ശരിയെന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത്. 

അയ്യപ്പപണിക്കർ, അനന്തമൂർത്തി
 

തികച്ചും വ്യത്യസ്​തമായ ഇടം ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ്. അയ്യപ്പപ്പണിക്കരെപ്പോലെ പ്രഗല്ഭരായ അധ്യാപകർ. സഹപാഠികൾ, ആ കാലത്തെക്കുറിച്ച് പറയൂ? 

അവിടത്തെ ജീവിതം പുതിയ അവസരങ്ങൾ സൃഷ്​ടിച്ചുതരുന്നുണ്ട്. അത് രണ്ടുതരത്തിൽ. ഒന്ന്, അയ്യപ്പപ്പണിക്കർ സാറി​െൻറ നേതൃത്വത്തിലാണ് ഞാൻ പിഎച്ച്.ഡി ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ അക്കാദമിക് രംഗത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റി. അതി​െൻറ െക്രഡിറ്റ് മുഴുവനും പണിക്കർ സാറിനാണ്. ഒരുവശത്ത് കണിശ ബുദ്ധിക്കാരൻ, ഒരുകാര്യം ഇന്നദിവസം ചെയ്യണമെന്നുപറഞ്ഞാൽ അന്നുതന്നെ ചെയ്തേ പറ്റൂ. മറുവശത്ത് ഒരുപാട് കാർട്ടൂൺ കവിതകളൊക്കെ എഴുതുന്ന ആൾ. ഇയാൾതന്നെയാണോ ഈ കവിതകളൊക്കെ എഴുതിയിട്ടുള്ളതെന്ന് സംശയം തോന്നും. ഇതുരണ്ടും ചേർത്തുവെക്കുമ്പോൾ നമുക്ക് മനസ്സിലാകും മനുഷ്യന് പലതരത്തിലുള്ള റോളുകളുണ്ടെന്ന്. ഒരു കവി എന്ന രീതിയിൽ, ഒരു നിരൂപകനെന്ന രീതിയിൽ, മറ്റെന്ത് കാര്യമായാലും അദ്ദേഹത്തി​െൻറ രീതിയിൽ അത് സമർഥമായി ചെയ്യും. ഇതൊന്നും ഒരിക്കലും കൂട്ടിക്കുഴക്കാൻ അദ്ദേഹം സമ്മതിക്കുകയുമില്ല. 
ഒരിക്കൽ ഞാനും എ​െൻറയൊരു സുഹൃത്ത് കൃഷ്ണകുമാറും ‘പാരിസ്​ റിവ്യൂ ഇൻറർവ്യൂസ്​’ യൂനിവേഴ്സിറ്റി ലൈബ്രറിയിൽ കാണുകയുണ്ടായി. അപ്പോൾ ഞങ്ങൾക്കൊരു ആശയം തോന്നി, കേരളത്തിലെ പത്തിരുപത് പ്രമുഖരായ കവികളെ ഐഡൻറിഫൈ ചെയ്യുക. അതിൽ പത്തുപന്ത്രണ്ടുപേരെ വിശദമായ അഭിമുഖം ചെയ്യുക, ആ അഭിമുഖം പുസ്​തകമായി പ്രസിദ്ധീകരിക്കുക. അങ്ങനെ ഞങ്ങൾ പട്ടിക ഉണ്ടാക്കി. ആദ്യം ഞങ്ങൾ അയ്യപ്പപ്പണിക്കർ സാറിനോടാണ് പറഞ്ഞത്. സാർ പറഞ്ഞു: ‘‘നല്ല ഐഡിയയാണ്. ചെയ്തോളൂ. ഞാനും ഇതുപോലെ അമേരിക്കൻ യൂനിവേഴ്സിറ്റികളിലൊക്കെ വർക്ക് ചെയ്ത സമയത്ത് ഒരുപാട് അഭിമുഖം നടത്തിയിട്ടുണ്ട്. പക്ഷേ, അഭിമുഖം നടത്തപ്പെടാൻ എനിക്ക് ഒരു താൽപര്യവുമില്ല. അതുകൊണ്ട് ആ പട്ടികയിൽനിന്ന് എന്നെ ഒഴിവാക്കണം. ബാക്കി കാര്യങ്ങൾ നിങ്ങൾ ചെയ്തോ.’’ ഞാൻ പറഞ്ഞുവരുന്നത്, ഇത്തരം അനുഭവങ്ങൾക്ക് പല തലങ്ങളുണ്ട്. ഒരു അധ്യാപകനെന്നനിലയിൽ, കവിയെന്ന നിലയിൽ, ഗവേഷകനെന്ന നിലയിൽ, നിരൂപകനെന്ന നിലയിൽ പലജീവിതം ജീവിക്കുന്നു. പിന്നെ സ്വന്തം കുടുംബത്തി​െൻറ കാര്യം, ഒരുകാരണവശാലും ചോദിച്ചേക്കരുതെന്ന് പറയും. എന്നാൽ, അദ്ദേഹത്തി​െൻറ കൂടെ ആർക്കെങ്കിലും പിഎച്ച്.ഡി ലഭിച്ചാൽ ഉടൻതന്നെ അയാളെ വീട്ടിലേക്ക് ക്ഷണിക്കും. വൈകുന്നേരമാകും വിളിക്കുക. ചായകുടിച്ച് പോകാം എന്നുമാത്രമേ പറയൂ. അദ്ദേഹത്തോടൊപ്പം റിസർച് ചെയ്യുന്ന മറ്റു സ്​കോളേഴ്സും നേരത്തേ പിഎച്ച്.ഡി എടുത്തുപോയ ചിലരും ആ ചായസൽക്കാരത്തിനുണ്ടാവും. ചായയുണ്ടാക്കുന്നതും പലഹാരമുണ്ടാക്കുന്നതുമൊക്കെ പണിക്കർ സാറുതന്നെ. എന്നിട്ട് പറയും ഇതൊക്കെ എ​െൻറ ഭാര്യ ഉണ്ടാക്കിയതാണുകെട്ടോ എന്ന്. നമുക്കറിയാം അതല്ല കാര്യം എന്ന്. ഇങ്ങനെയൊരു മനുഷ്യനെ കണ്ടാൽതന്നെ നമ്മുടെ മനസ്സ് മറ്റൊരു ലോകത്തേക്ക് പോകും. 
തിരുവനന്തപുരത്ത് വെച്ചാണ് ഞാൻ നരേന്ദ്ര പ്രസാദിനെ പരിചയപ്പെടുന്നത്. പ്രസാദ് സാർ ‘ലങ്കാലക്ഷ്മി’ പോലുള്ള നാടകങ്ങളെല്ലാം ചെയ്യുന്ന സമയം. മുരളി അന്ന് നാടകനടനായി പതുക്കെ വരുകയാണ്. മുരളിയെ ഒരു നടനാക്കി മാറ്റിയത് നരേന്ദ്ര പ്രസാദ് സാറാണ്. അന്ന് കേരള സർവകലാശാലയിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിനും ലൈബ്രറിക്കുമെല്ലാം അടുത്ത് ഓഫിസ്​ സെക്ഷനിൽ ജോലിക്കാരനായിരുന്നു മുരളി. ഞങ്ങൾ ഇടക്ക് ലൈബ്രറിക്കടുത്ത് സംസാരിച്ച് നിൽക്കുമ്പോൾ മുരളി വരും. നാടകാനുഭവങ്ങളെക്കുറിച്ച് വിവരിക്കും. സിനിമാ അനുഭവങ്ങളെല്ലാം തുടങ്ങുന്ന കാലത്ത് വെറുതെ ഓരോന്നുപറഞ്ഞ് നിൽക്കുമായിരുന്നു. അങ്ങനെ ഒരുപാട് അനുഭവങ്ങൾ സിനിമാലോകത്തും നാടകലോകത്തും സാഹിത്യലോകത്തുമെല്ലാം ഉണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് എ​െൻറ ജീവിതത്തിൽ തിരുവനന്തപുരത്തുനിന്നുകിട്ടിയ വലിയ കാര്യം. എനിക്ക് എം.ഫില്ലും പിഎച്ച്.ഡിയും കിട്ടി, അത് എവിടെപ്പോയാലും കിട്ടും. പക്ഷേ, അതിനപ്പുറത്തേക്ക് ഒരുപാട് കാര്യങ്ങൾ തിരുവനന്തപുരത്തുനിന്ന് കിട്ടിയിട്ടുണ്ട്.

ഗവേഷണംകൂടി പൂർത്തിയാക്കി തിരുവനന്തപുരം വിടുന്നു? എന്തായിരുന്നു അന്നത്തെ ജീവിതലക്ഷ്യം? 

ഞാൻ നേരെ വരുന്നത് കോഴിക്കോട് ഫാറൂഖ് കോളജിലേക്കാണ്. ഇംഗ്ലീഷ് അധ്യാപകനായി. അവിടെച്ചെന്ന് കുറച്ചുനാൾ കഴിഞ്ഞ് ഞാൻ നോക്കിയപ്പോൾ അവിടെ ഒരു 16എം.എം േപ്രാജക്ടർ കിടക്കുന്നു. ഞാനതിനെക്കുറിച്ച് പലരോടും ചോദിച്ചു. നാലഞ്ചുവർഷം മുമ്പ് വാങ്ങിയതാണെന്നും ആരും ഉപയോഗിക്കാറില്ലെന്നും അറിഞ്ഞു. എനിക്കുതോന്നി, അത് ഉപയോഗിക്കാനുള്ള ഒരു സംവിധാനമുണ്ടാക്കണമെന്ന്. അങ്ങനെ ഞങ്ങൾ അവിടെയൊരു ഫിലിം ക്ലബ് ആരംഭിച്ചു. സിനിമയോട് താൽപര്യമുള്ള അഞ്ചാറ് വിദ്യാർഥികളെ വിളിച്ചുവരുത്തി. പ്രിൻസിപ്പലി​െൻറ അനുമതിയും വാങ്ങി. ഒരു റസിഡൻഷ്യൽ കോളജ് കൂടിയാണ് ഫാറൂഖ്. അതുകൊണ്ടുതന്നെ വൈകുന്നേരങ്ങളിൽ സിനിമ കാണാൻ ആളുണ്ടാകും. കോളജിലെ ഒരു സ്​ഥലത്ത് സ്​ക്രീൻ കെട്ടി സിനിമാ പ്രദർശനം തുടങ്ങി. പിന്നീടത് പലപ്പോഴും പകൽ സമയത്ത് കോളജിൽ നടത്താൻ തുടങ്ങി. അങ്ങനെ ഒരുപാട് വിദ്യാർഥികൾ സിനിമയിൽ താൽപര്യവുമായി എത്തി. അങ്ങനെ വന്നൊരു വിദ്യാർഥിയാണ് പിൽക്കാലത്ത് ഇന്ത്യാവിഷൻ എന്ന സ്​ഥാപനം ആരംഭിക്കുന്നത്, ജമാലുദ്ദീൻ ഫാറൂഖി. അതേകാലത്ത് ഞങ്ങൾ ഒന്നുരണ്ടു ഡോക്യുമ​െൻററികളും ഷോർട്ട് ഫിക്ഷനുകളും ചെയ്തിട്ടുമുണ്ട്. അക്കൂട്ടത്തിലെല്ലാം ജമാലും ഉണ്ടായിരുന്നു. ആ സമയത്തുതന്നെയാണ് സമദാനിയും അവിടെ ഉണ്ടായിരുന്നത്. 

കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായിരുന്നില്ലേ? 

ഞാൻ തലശ്ശേരി സ​െൻററിൽ എം.എ പഠിക്കാൻ തുടങ്ങിയ കാലത്ത്, എ​െൻറ ഒരു സുഹൃത്ത് തലശ്ശേരിക്കടുത്ത് പിണറായിയിൽ ഒരു കോഓപറേറ്റിവ് കോളജിൽ പഠിപ്പിച്ചിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് അവിടെനിന്ന് പോവേണ്ടി വന്നു. അയാൾക്ക് പകരമായി ദിവസവും രാവിലെ രണ്ടുമണിക്കൂർ ഞാനവിടെ താൽക്കാലികാധ്യാപകനായി. മറ്റൊരാളെ കണ്ടെത്തുന്നതുവരെ എന്നുപറഞ്ഞായിരുന്നു തുടക്കം. ഒരിക്കൽ ഞാൻ ക്ലാസ്​ കഴിഞ്ഞ് സ​െൻററിലേക്ക് തിരിച്ചുപോകാനൊരുങ്ങുമ്പോൾ പ്രിൻസിപ്പൽ വന്ന് ‘‘വിജയേട്ടന് മാഷെയൊന്ന് കാണണമെന്നുപറഞ്ഞിട്ടുണ്ട്’’ എന്നുപറഞ്ഞു. ഞാൻ ചോദിച്ചു ‘‘വിജയേട്ടനോ, ആരാണത്?’’ അത് പിണറായി വിജയനായിരുന്നു. അന്നുവരെ ഞാൻ പിണറായി വിജയനെ കണ്ടിട്ടില്ല. കേട്ടിട്ടുണ്ട് ഒരുപാട്. അഞ്ചുമിനിറ്റുകൊണ്ട് അദ്ദേഹം അവിടെവന്നു. പത്തുപതിനഞ്ചുമിനിറ്റ് എന്നോട് സംസാരിച്ചു. പിണറായിയിൽ ഇത്തരത്തിലൊരു കോഓപറേറ്റിവ് കോളജ് തുടങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് അദ്ദേഹം ആദ്യംതന്നെ പറഞ്ഞത്. ആ ചുറ്റുവട്ടത്ത് കുട്ടികൾക്ക് പഠനത്തിന് വേറൊരു അവസരവുമില്ലായിരുന്നു. പാവപ്പെട്ടവർക്കുവേണ്ടി തുടങ്ങിയ സംരംഭമായിരുന്നു അത്. അത് നടത്തിക്കൊണ്ടുപോന്നതിനെക്കുറിച്ചുള്ള ബുദ്ധിമുട്ടുകളെല്ലാം അദ്ദേഹം പങ്കുവെച്ചു. അപ്പോൾ ഞാൻ വിചാരിച്ചു, കാശൊന്നും ഇല്ലെന്നു പറയാനായിരിക്കുമെന്ന്. സംഭാഷണത്തിന് ശേഷം ഒരു കവറെടുത്ത് എ​െൻറ കൈയിൽ തന്നുപറഞ്ഞു ‘‘ഇത് ശമ്പളമായിട്ട് കണക്കാക്കണ്ട, പക്ഷേ, ഒരു അപേക്ഷയുണ്ട് താങ്കൾ ഇനിയും ഇവിടെ അധ്യാപകനായിട്ടുണ്ടാവണം’’എന്ന്. എന്തെങ്കിലും പറയാൻ പറ്റുമോ! അന്നുതന്നെ ആ ഭാഗങ്ങളിലൊക്കെ സമുന്നത നേതാവായിരുന്നു പിണറായി വിജയൻ. അദ്ദേഹം തന്ന ആ കവറിൽ മുന്നൂറ് രൂപയുണ്ടായിരുന്നു. 1980കളിൽ മുന്നൂറ് രൂപയുടെ മൂല്യമൊന്ന് ഓർക്കണം, അതും വെറും ഒന്നര രണ്ട് മണിക്കൂർ പഠിപ്പിക്കുന്നതിന്. മൂന്ന് മാസം കഴിഞ്ഞപ്പോൾ ആ തുക പിന്നെയും കൂടി. ഫാറൂഖ് കോളജിൽ അധ്യാപകനായി ചേരുമ്പോൾ ഏതാണ്ട് 1950 രൂപയായിരുന്നു ശമ്പളം. പിണറായിയിലെ കോഓപറേറ്റിവ് കോളജിൽ അക്കാലത്ത് അതിൽകൂടുതൽ കിട്ടിയിരുന്നു. 

സ്​കൂൾ ഓഫ് ലെറ്റേഴ്സിൽ അധ്യാപകനായെത്തുമ്പോൾ പ്രതിഭകളുടെ വൻനിരയായിരുന്നല്ലോ അവിടെ? സ്​കൂൾ ഓഫ് ലെറ്റേഴ്സിലെ സാഹിത്യ കലാപഠനങ്ങൾ എങ്ങനെയാണ് മറ്റ് സർവകലാശാലാ സാഹിത്യപഠനങ്ങളിൽനിന്ന് വ്യത്യസ്​തമാകുന്നത്? 

അനന്തമൂർത്തിയുടെ കാലത്താണ് സ്​കൂൾ ഓഫ് ലെറ്റേഴ്സ്​ ഥാപിക്കുന്നത്. അവിടെ ജി. ശങ്കരപ്പിള്ള സാറിനെ ഡയറക്ടറായി നിയമിച്ചു. അനന്തമൂർത്തി സാറിന് കേരളത്തിലെ എല്ലാ എഴുത്തുകാരുമായും നല്ല ബന്ധമുള്ളതുകൊണ്ട്, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, ഒ.എൻ.വി തുടങ്ങിയവരായിട്ടൊക്കെ അദ്ദേഹത്തിന് നേരത്തേ ബന്ധമുള്ളതാണ്. അവരെയെല്ലാം വിളിച്ചുവരുത്തി ആലോചിച്ചതിനുശേഷമാണ് സ്​കൂൾ ഓഫ് ലെറ്റേഴ്സിന് പ്രത്യേകതരത്തിലുള്ള ഘടന വിഭാവനം ചെയ്യുന്നത്. മറ്റ് സർവകലാശാലപോലുള്ള ഒന്നുവേണ്ട. ഇംഗ്ലീഷ്, മലയാളം ഡിപ്പാർട്മ​െൻറുകൾ വെവ്വേറെ വേണ്ട, ഇവ സംയോജിപ്പിച്ച് മുന്നോട്ടുപോകാം എന്നൊക്കെയായിരുന്നു ആലോചനകൾ. ഇതൊന്നും ഞങ്ങൾ അറിയുന്നതുപോലുമില്ല. അങ്ങനെ പത്ത് അധ്യാപകർ. അന്ന് എം.എയില്ല. എം.ഫിൽ മാത്രമേയുള്ളൂ. ആദ്യത്തെ എം.ഫിൽ ഇംഗ്ലീഷ് ബാച്ചിൽ ചലച്ചിത്രസംവിധായകൻ ബി. ഉണ്ണികൃഷ്ണൻ ഉണ്ടായിരുന്നു. പിന്നെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചറി​െൻറ എഡിറ്റർ എ.ജെ. തോമസ്​. മലയാളം ബാച്ചിൽ കവി മ്യൂസ്​ മേരി ജോർജ്, അൻവർ അലി. ആദ്യത്തെ ഒന്നുരണ്ടു ബാച്ചൊക്കെ വളരെ ഗംഭീരമായിരുന്നു. ആദ്യ ബാച്ചുകൾ തുടങ്ങുന്നതിന് മുമ്പ് ശങ്കരപ്പിള്ള സാർ പത്രത്തിൽ പരസ്യം കൊടുത്തിരുന്നു. അപ്പോൾ ഞാൻ ഫാറൂഖ് കോളജിലാണ്. ഇവിടെ രണ്ട് ഇംഗ്ലീഷി​െൻറ പോസ്​റ്റുള്ളതുകൊണ്ട് ഞാൻ അപേക്ഷയയച്ചു. അധികം വൈകാതെയായിരുന്നു ശങ്കരപ്പിള്ളസാറി​െൻറ മരണം. ഇൻറർവ്യൂവൊന്നും നടന്നില്ല. പിന്നീടാണ് നരേന്ദ്രപ്രസാദ് സാർ ഡയറക്ടറായി വരുന്നത്. അതുകഴിഞ്ഞാണ് ഞങ്ങളെ ഇൻറർവ്യൂവിന് വിളിക്കുന്നത്. ആരോ കേസ്​ കൊടുത്തതുകൊണ്ട് ആദ്യത്തെ ഞങ്ങളുടെ നിയമനം ഒരു കൊല്ലത്തോളം നീണ്ടുപോയി. അപ്പോഴേക്ക് എം.ഫിൽ ബാച്ച് തുടങ്ങി. ആദ്യകാലത്ത് ഇവരൊക്കെച്ചേർന്നുണ്ടാക്കിയ സിലബസിൽ ദെറിദയുണ്ട്, ഫൂക്കോയുണ്ട,് ബാർത്തുണ്ട് അങ്ങനെയുള്ള കുറേയുണ്ട്. പഠിപ്പിക്കാൻ ആളില്ല. ഞാനൊരിക്കൽ തിരുവനന്തപുരത്ത് ചെന്നപ്പോൾ പ്രസാദ് സാറിനെ കണ്ടു. പ്രസാദ് സാർ പറഞ്ഞു, ‘‘ഹാരിസേ സഹായിച്ചേപറ്റൂ’’ എന്ന്. പ്രസാദ് സാർ എനിക്കെന്നും അങ്ങേയറ്റം ബഹുമാനുള്ള അധ്യാപകനായിരുന്നു. നിരൂപകനാണ്, എഴുത്തുകാരനാണ്. അദ്ദേഹത്തി​െൻറ നിരൂപണങ്ങൾ നോക്കിക്കഴിഞ്ഞാൽ അവരൊക്കെ അസ്​തിത്വവാദം എന്ന മട്ടിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഫ്രാൻസിലൊക്കെ വന്നിരുന്ന ചില എഴുത്തുകളുടെ സ്വാധീനത്തിൽ രൂപപ്പെട്ടതാണെന്നുകാണാം. പിന്നീടുവരുന്ന തലമുറയെ ഇവർക്കാർക്കും പരിചയമില്ല. അതിലാണ് ദെറിദയും ഫൂക്കോയുമുള്ളത്. പിന്നെങ്ങനെ പഠിപ്പിക്കും. രണ്ടാഴ്ച ഇവിടെവന്ന് പഠിപ്പിക്ക് എന്നായിരുന്നു പ്രസാദ് സാറി​െൻറ ആവശ്യം. അവിടെ ഗെസ്​റ്റ് ഹൗസ്​ സൗകര്യങ്ങളെല്ലാം റെഡിയാക്കും. അങ്ങനെ ഞാൻ കോട്ടയത്തെത്തുന്നു. 20 ദിവസത്തിലധികം അവിടെ താമസിച്ച് പഠിപ്പിച്ചു. ആദ്യ ബാച്ചിനെ മൊത്തം പഠിപ്പിച്ചത് ഞാനാണ്. അടുത്തവർഷമായപ്പോഴേക്ക് സ്​റ്റേയൊക്കെ നീങ്ങി. ഞങ്ങളൊക്കെ വന്നു. പി.പി. രവീന്ദ്രൻ, കെ.എം. കൃഷ്ണൻ, ഡി. വിനയചന്ദ്രൻ മാഷ്.

ഡി വിനയ ചന്ദ്രൻ, പി ബാലചന്ദ്രൻ
 

അതോടൊപ്പം കൂടിച്ചേർത്തുപറയേണ്ട കാര്യമുണ്ട്, ബാലേട്ട​െൻറ (പി. ബാലചന്ദ്രൻ)സംഭാവന. ഡോക്യുമെേൻറഷൻ എന്ന വിഭാഗത്തിലാണ് ബാലേട്ടൻ നിയമിക്കപ്പെടുന്നത്. കേരളത്തിലെ എഴുത്തുകാരുടെ കൈയെഴുത്തുപ്രതികളും മറ്റും കണ്ടെടുത്ത് സംരക്ഷിക്കുക, കലാ സാംസ്​കാരികാനുഭവങ്ങളെ ഡോക്യുമ​െൻറ് ചെയ്യുക എന്നതായായിരുന്നു ലക്ഷ്യം. ആ രംഗത്ത് ബാലേട്ടൻ ഒരുപാട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലുടനീളം സഞ്ചരിച്ച് എഴുത്തുകാരെയെല്ലാം നേരിട്ടുകണ്ട് രചനകളുടെ കൈയെഴുത്ത് പ്രതികൾ അവരുടെ കൈയിലുണ്ടോ എന്നൊക്കെ ചോദിച്ചുവരുമ്പോഴേക്ക് എന്തായിരിക്കും അവസ്​ഥ. എന്നാൽ, അതിനുതക്ക പ്രതിഫലം സർവകലാശാല കൊടുക്കുകയുമില്ല. അങ്ങനെ ബാലേട്ടൻ പതുക്കപ്പതുക്കെ അതിൽനിന്ന് പിറകോട്ടുപോയി. ബാലേട്ടന് തിയറ്ററുമായി ബന്ധമുള്ളതുകൊണ്ടും നാടകത്തെ സംബന്ധിക്കുന്ന വളരെ ആധികാരികമായ ഒരാൾ എന്ന നിലക്കും ബാലേട്ട​െൻറ അറിവ് വിദ്യാർഥികൾക്ക് പ്രയോജനപ്പെടണം എന്ന ബോധ്യത്തിൽനിന്നാണ് ഞങ്ങൾ എം.ഫിൽ തിയറ്റർ ആർട്സ്​ എന്ന ആശയം സർവകലാശാലയിൽ അവതരിപ്പിക്കുന്നത്. അത് നടപ്പാകുകയും ചെയ്തു. 

പി. ബാലചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച നിരവധി നാടകങ്ങൾ ലെറ്റേഴ്സിൽ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന് എഴുതാനാവാതെപോയ സന്ദർഭങ്ങളിലെല്ലാം ഹാരിസ്​ മാഷ് നാടകങ്ങൾ വിവർത്തനം ചെയ്തു. ബാലേട്ടൻ സവിധാനം ചെയ്തു. പി. ബാലചന്ദ്ര​​െൻറ പിന്നാലെ നടന്ന് എഴുതിച്ച നാടകമാണ് ‘ഒരു മധ്യവേനൽ പ്രണയരാവ്’ എന്നു കേട്ടിട്ടുണ്ട്? 

മൂന്ന് വർഷം ഞാൻ ബാലേട്ട​െൻറ പിറകെ നടന്ന് പറഞ്ഞ് പറഞ്ഞ് എഴുതിച്ചതാണ് ‘ഒരു മധ്യവേനൽ പ്രണയ രാവ്’. ഒരു തമാശരൂപത്തിൽ പറഞ്ഞുതുടങ്ങിയതായിരുന്നു അത്. കാരണം ബാലേട്ട​െൻറ കുറെ നാടകങ്ങളിൽ ഞാൻ അഭിനയിച്ചു. അപ്പോൾ ഞാൻ വെറുതെ ഒരിക്കൽ പറഞ്ഞു, ബാലേട്ടൻ എന്താ ഒരു പ്രണയ നാടകം എഴുതാത്തത്? എനിക്ക് ഭയങ്കര ഇഷ്​ടമുണ്ട് ഒരു പ്രണയ നാടകത്തിൽ അഭിനയിക്കാൻ. ഇങ്ങനെ ഒരു തമാശരൂപത്തിലുള്ള സംഭാഷണത്തിൽ തുടങ്ങിയതാണ്. ദിവസങ്ങൾ അങ്ങനെ പോയി. ഞാൻ പറയും നല്ലൊരു പ്രണയനാടകം കേരളത്തിൽ ഇല്ല. നോക്ക് ഏതെങ്കിലും ഉണ്ടോ എന്ന് ചോദിച്ച് ഞാൻ കുറെ നിർബന്ധിക്കും. അതി​െൻറ ഭാഗമായിട്ടാണ് ആലോചനയുണ്ടാകുന്നത്. അപ്പോഴെന്താ, ബാലേട്ട​െൻറ മനസ്സിലുള്ള പ്രണയ നാടകം എന്ന് പറയുന്നത്, പഴയ ശകുന്തളയും നളദമയന്തിയും പോലുള്ളവയായിരിക്കും. പക്ഷേ അതുകൊണ്ട് മാത്രം  നടക്കില്ലെന്ന് ബാലേട്ടന് അറിയാം. അപ്പോൾ അതിലേക്ക് ഷേക്സ്​പിയറെ കൂട്ടിക്കൊണ്ടു വരണം. അങ്ങനെയാണ് ഷേക്സ്​പിയർ കഥാപാത്രങ്ങളെകൂടിവെച്ച് ഇത് രണ്ടും കൂട്ടിച്ചേർത്തുകൊണ്ട് ഒരു നാടകം എഴുതാം എന്ന് ബാലേട്ടൻ തീരുമാനിക്കുന്നത്. അപ്പോൾ എന്നോട് ‘മിഡ് സമ്മർ നൈറ്റ്സ്​ ഡ്രീം’ എന്ന ഷേക്സ്​പിയർ നാടകത്തെ കുറിച്ച് ചോദിച്ചു. ഇങ്ങനെയാണ് ബാലേട്ടൻ ആ നാടകം എഴുതുന്നത്. എഴുതാൻ പറ്റാതിരുന്ന ഘട്ടങ്ങളിലാണ് ഞാൻ പലപ്പോഴും വിവർത്തനം ചെയ്തിട്ടുള്ളത്. ബാലേട്ട​​െൻറ നാടകം ഇവിടെ അവതരിപ്പിക്കപ്പെടണം എന്നത് നമ്മുടെ സ്​ഥിരം ആവശ്യമാണല്ലോ. അപ്പോൾ ബാലേട്ട​​െൻറ നാടകം ഇല്ലെങ്കിൽ അതിന് പറ്റിയ നാടകം വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് ഞാൻ അന്വേഷിക്കും. അങ്ങനെയാണ് ഞാൻ ഇയാഗോയും തിയറ്റർ തെറപ്പിയൊക്കെ കണ്ടുപിടിച്ച് വിവർത്തനം ചെയ്യുന്നത്. പിന്നെ ബാലേട്ടൻ ഉണ്ടെങ്കിൽ ഒരുപാട് കുട്ടികളും ഉണ്ടാകും, എല്ലാ സംവിധാനങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് ഞാൻ അത്തരം സംഭവങ്ങളിലേക്ക് പോയത്. 

പിന്നീട് ഒറ്റക്ക് അഭിനയിക്കാവുന്ന നാടകങ്ങൾ തെരഞ്ഞെടുത്ത് സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിക്കാൻ തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ അവതരിപ്പിച്ച നാടകങ്ങൾ. എന്തായിരുന്നു ഈ ഏകാംഗ  നാടകത്തി​െൻറ പ്രചോദനം? 

എന്തുകൊണ്ട് ഏകാഭിനയം എന്നുള്ളത് ഒരു ചോദ്യമാണ്. ഒന്ന്, ഞാൻ ആദ്യമായി ചെയ്യുന്നത് ബക്കറ്റി​െൻറ ‘ക്രാപ്സ്​ ലാസ്​റ്റ് ടേപ്’ (Krapp's Last Tape ) പഠിക്കുന്ന കാലംതൊട്ട് ഞാൻ വായിച്ച നാടകമാണ്. അത് എ​െൻറ ഉള്ളിലെവിടെയോ കിടപ്പുണ്ടായിരുന്നു. ബാലേട്ടൻ ഇവിടെ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ഇവിടത്തെ എനർജി ലെവൽ താഴ്ന്നു. അതായിരുന്നു അടിസ്​ഥാനപ്രശ്നം. ബാലേട്ടൻ ഉണ്ടെങ്കിൽ ആ എനർജി നമുക്ക് പിടിച്ചുനിർത്താം. ഞാൻ മാത്രം വിചാരിച്ചാൽ ഈ കുട്ടികളെ സംഘടിപ്പിച്ച് നാടകം ചെയ്യാനാവില്ല. അങ്ങനെയൊരു ഘട്ടത്തിലാണ് ഞാൻ എ​െൻറ പഴയൊരു ഓർമ വെച്ച ് ഈ ‘ക്രാപ്സ്​ ലാസ്​റ്റ് ടേപ്’ വിവർത്തനം ചെയ്യുന്നത്. ഞാൻ ഒറ്റക്ക് അഭിനയിക്കുന്നു. ശരിക്കു പറഞ്ഞാൽ വെറുമൊരു പരീക്ഷണമായിരുന്നു അത്. ഞാൻ ഒറ്റക്ക് അഭിനയിച്ചിട്ടില്ല. ബാലേട്ട​െൻറ ‘ചത്തവനും കൊന്നവനും ഭാര്യാസമേതം’ എന്ന നാടകം ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ നാടകങ്ങളും എനിക്ക് ഒന്നിലധികം വേഷങ്ങളാണ്. ഈ രീതിയിലാണ് ഞാൻ ബാലേട്ട​െൻറ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. ബാലേട്ടൻ പോയിക്കഴിഞ്ഞപ്പോൾ ഇവിടെ ഉണ്ടാകുന്ന ഒരു ശൂന്യതയുണ്ടല്ലോ. ആ ശൂന്യത എനിക്ക് ഫിൽചെയ്യാൻ പറ്റില്ല. ബാലേട്ടന് പകരം എനിക്ക് നിൽക്കാൻ പറ്റില്ലല്ലോ. പിന്നെ എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന ആലോചനയിൽനിന്നാണ് ഈ നാടകം വരുന്നത്. അതിലുള്ള ഒരു വെല്ലുവിളി, അതിൽ ഒറ്റക്കഥാപാത്രമേയുള്ളൂ. അത് ഞാൻ തന്നെ ചെയ്യണം. ഇത് നമ്മൾ സ്​റ്റേജിൽ ചെയ്തുകഴിഞ്ഞാൽ ആളുകൾ എങ്ങനെ സ്വീകരിക്കും എന്ന് അറിഞ്ഞുകൂടാ. ആ അവസ്​ഥയിൽ വരുന്നത് വരട്ടെ എന്ന് വിചാരിച്ച് ഒരാളുടെയും ഫണ്ടിങ്ങും ഇല്ലാതെ എ​െൻറ പോക്കറ്റിൽനിന്ന് പണം എടുത്ത് ചെയ്ത നാടകമാണ് അത്. പക്ഷേ, അതിന് ഏതോ രീതിയിൽ നല്ല സ്വീകാര്യത ലഭിച്ചു. അതിൽ എനിക്ക് ഇപ്പോഴും അദ്ഭുതമുണ്ട്. ആ അദ്ഭുതം സന്തോഷകരമായ ഒരു അദ്ഭുതമാണ്. കാരണം ഒരു പ്രത്യേകരീതിയിൽ നാടക കാണികളുണ്ടല്ലോ, അവരെ നമ്മൾ എങ്ങനെ കാണുന്നു എന്നൊരു ചോദ്യംകൂടി വരുന്നുണ്ട്. അതി​െൻറ ബലത്തിലാണ് ‘മാർക്സ്​ ഇൻ സോഹോ’ പോലെയുള്ള നാടകം ചെയ്യുന്നത്. അതിന് വേറെ ചെറിയൊരു കാരണംകൂടിയുണ്ട്. ഇടക്ക് എനിക്ക് ഒരു അസുഖം വന്നു. രണ്ടാഴ്ച ആശുപത്രിയിൽ കിടന്നു. അപ്പോൾ ഡോക്ടർ ഇക്ബാൽ, അദ്ദേഹം എ​െൻറ പഴയൊരു സുഹൃത്താണ്, കാണാൻ വന്നു. ആ വരവിൽ അദ്ദേഹം ഒരു പുസ്​തകം കൊണ്ടുവന്നു. അത് മൂന്ന് നാടകങ്ങൾ എഴുതിയ ഒരു അമേരിക്കൻ ലെഫ്റ്റ് ആക്ടിവിസ്​റ്റ് ആയിട്ടുള്ള ഒരാളാണ്. അദ്ദേഹം എഴുതിയ ഒരു നാടകമുണ്ട്, ‘മാർക്സ്​ ഇൻ സോഹോ’. ഞാനത് വായിച്ചുനോക്കി. പാതി തമാശയും പാതി സീരിയസുമാണ് അത്. അപ്പോൾ ഈ ക്രാപ്പ് ചെയ്തതി​െൻറ വേറെ ഒരു തരത്തിലുള്ള ഉത്സാഹം വരുമല്ലോ. നമ്മൾ ഒറ്റക്കുള്ള ഒരു നാടകം വിജയിച്ചുവെങ്കിൽ ഇതും ചെയ്തുകൂടേ എന്ന മട്ടിലാണ് ഞാൻ ഇതും ചെയ്യുന്നത്. 

അപൂർണമായ എഴുത്തുകൾ ഒത്തിരിയുണ്ടല്ലോ? തലശ്ശേരിയിൽനിന്നിറങ്ങിയ സംവാദത്തിൽ ആത്മകഥാപരമായ ഒരു രചന ആരംഭിച്ചിരുന്നു. അതും പൂർത്തിയായില്ലല്ലോ? 

അതിന് രണ്ടുമൂന്നു കാരണങ്ങളുണ്ടായി. എഴുതാൻ േപ്രരിപ്പിച്ചതും സംവാദവുമായി എന്നെ ബന്ധിപ്പിച്ചതുമെല്ലാം നിങ്ങളൊക്കെയായിരുന്നു. നിങ്ങളെല്ലാവരും ലെറ്റേഴ്സിൽ നിന്നിറങ്ങി പലവഴിക്ക് പോയി. ആ കാലത്താണ് ഞാൻ ജർമനിയിലേക്ക് പോകുന്നത്. പിന്നെ എഴുതാനായില്ല. സംവാദം നിന്നുപോയി. ശരിക്കും അത് ആത്മകഥയൊന്നുമായിരുന്നില്ലല്ലോ. ചുമ്മാ ആത്മകഥ എന്നു പേരിട്ടു. മറ്റുപല കാര്യങ്ങളും കൂടിച്ചേർന്നതായിരുന്നു എഴുത്ത്. ഞാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ രാജേഷ് വന്ന് ഒരു പുസ്​തകം ചോദിച്ചു. കുറെക്കാലം ഡി.സി ബുക്സിൽ ജോലി ചെയ്ത ആളാണ് രാജേഷ്. പിന്നീട് സ്വന്തമായി റെയിൻബോ ബുക്സ്​ എന്ന് സ്​ഥാപനം തുടങ്ങി. അന്നുതൊട്ട് എന്നോട് പറയുന്നുണ്ട്, സഹായിക്കണമെന്ന്. അപ്പോൾ ഞാൻ കരുതി, എന്നാൽ പിന്നെ ഈ ആത്മകഥ പുസ്​തകമാക്കാമെന്ന്. അത് രാജേഷിന് കൊടുത്തു. രാജേഷി​െൻറ മരണത്തോടെ റെയിൻബോ തന്നെ ഇല്ലാതായി. എനിക്ക് ആ പുസ്​തകം റീ പ്രിൻറ് ചെയ്യണമെന്നുണ്ട്. വേറെ പ്രസാധകരെ കണ്ടുപിടിച്ച് ചെയ്യേണ്ടി വരും. ഇക്കാലത്തിനിടെ വിവിധ പ്രസിദ്ധീകരണങ്ങളിൽ ഞാനെഴുതിയ നിരവധി ലേഖനങ്ങളുമുണ്ട്. പലതി​െൻറയും പകർപ്പുകൾ എ​െൻറ കൈവശമില്ല. എല്ലാം കലക്ട് ചെയ്തുവരുന്നു. ഒരു പുസ്​തകമാക്കണമെന്നുണ്ട്. 


 

Tags:    
News Summary - VC Harris Intrview By KP Jayakumar Madhyamam Weekly-Literaure Interviews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.