''സ്വതന്ത്രമായി എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടാകണം''

മലയാള സാഹിത്യത്തിൽ മൗലികതകൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരനാണ് കെ.വി. മോഹൻകുമാർ. മാധ്യമപ്രവർത്തകൻ, ചലച്ചിത്ര പ്രവർത്തകൻ, ഭരണാധികാരി എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയാണ് ഇദ്ദേഹം. പത്രപ്രവർത്തകനായിരുന്ന മോഹൻകുമാർ 1993ലാണ് ഡെപ്യൂട്ടി കലക്ടറായി സർവിസിൽ പ്രവേശിക്കുന്നത്. ഇപ്പോൾ പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സ്​പെഷൽ സെക്രട്ടറിയുമാണ്.

ശ്രാദ്ധശേഷം, ജാരനും പൂച്ചയും, ഏഴാമിന്ദ്രിയം, ഹേ രാമ, പ്രണയത്തി​​​​െൻറ മൂന്നാം കണ്ണ്, എടലാക്കുടി പ്രണയരേഖകൾ എന്നീ നോവലുകളും അലീഗഢിലെ കലാപം എന്ന നോവലൈറ്റും ഭൂമിയുടെ അനുപാതം, ക്നാവല്ലിയിലെ കുതിരകൾ, അളിവേണി എന്തുചെയ്തു, അകം കാഴ്ചകൾ, ആസന്നമരണൻ, പുഴയുടെ നിറം ഇരുൾ നീലിമ എന്നീ കഥാസമാഹാരങ്ങളും ദേവരതി എന്ന യാത്രാവിവരണവും മനസ്സ്​ നീ ആകാശവും നീ എന്ന ലേഖന സമാഹാരവും ഉൾപ്പെടെ ഇരുപത്തഞ്ചോളം കൃതികൾ രചിച്ചു.

കേശു, മഴനീർത്തുള്ളികൾ, ക്ലിൻറ്​ എന്നീ സിനിമകൾക്കുവേണ്ടി തിരക്കഥയെഴുതി. വിവിധ മേഖലകളിലായി പത്തോളം പുരസ്​കാരങ്ങൾ ലഭിച്ചു. ഉഷ്ണരാശി എന്ന നോവലിലൂടെ ഈ വർഷത്തെ വയലാർ അവാർഡ് ലഭിച്ച മോഹൻകുമാർ നോവലിനെക്കുറിച്ചും ത​​​​െൻറ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു.

ഉഷ്ണരാശി കരപ്പുറത്തി​​​െൻറ ഇതിഹാസം എന്ന നോവൽ ഒരു കൽപിത കഥയല്ല. കേരളത്തെ മാറ്റിമറിച്ച ഒരു പോരാട്ടത്തി​​​െൻറ ചരിത്രമാണ്. എങ്ങനെയാണ് നോവലിലേക്ക്​ എത്തുന്നത്?

ഉഷ്ണരാശി ഒരിക്കലും ഒരു ചരിത്രനോവലല്ല. ചരിത്രം പശ്ചാത്തലമായി വരുന്ന ഒരു സമകാലിക നോവലാണ്. 1930കൾ മുതൽ 1957 വരെയുള്ള കേരളത്തി​​​െൻറ സാമൂഹിക പരിണാമത്തി​​​െൻറ കഥയാണ് നോവലിലുള്ളത്. എന്നാൽ, 2013 വരെയുള്ള രാഷ്​ട്രീയവും വിശകലനം ചെയ്യുന്നു. പുതിയ തലമുറയുടെ കാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്. എ​​​െൻറ ദേശത്തി​​​െൻറ (കരപ്പുറം) കഥയാണിത്. കരപ്പുറം ഒരുകാലത്ത് അരൂർ മുതൽ പുറക്കാട്ടുവരെയുള്ള പ്രദേശമായിരുന്നു. കിഴക്ക് വേമ്പനാട്ടു കായലിനും പടിഞ്ഞാറ് അറബിക്കടലിനും ഇടക്കുള്ള ഭാഗം. കടലിൽനിന്ന് വീണ്ടെടുത്ത പ്രദേശമാണ് കരപ്പുറം.

പുന്നപ്ര വയലാറിനെ നോവലിലേക്ക്​ കൊണ്ടുവരാനുള്ള കാരണം?

കരപ്പുറത്തെ അധഃസ്​ഥിത മനുഷ്യരുടെമേൽ ജന്മിത്തവും സർ സി.പിയുടെ പട്ടാളവും പൊലീസുമെല്ലാം ക്രൂരമായ അടിച്ചമർത്തലാണ് നടത്തിയത്. ഇതിനെതിരായ ചെറുത്തുനിൽപായിരുന്നു പുന്നപ്ര വയലാർ സമരം. ചെറുപ്പം മുതൽ കേട്ടുവളർന്ന കഥയായതിനാൽ അത് എഴുതണമെന്ന് അന്നുമുതൽ ആഗ്രഹമുണ്ടായിരുന്നു. അതി​​​െൻറ പൂർത്തീകരണമാണ് ഈ നോവൽ.

ചരിത്രം നോവലിൽ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ചരിത്രവും ഭാവനയും കൂട്ടുചേർക്കുമ്പോഴുള്ള സംഘർഷമെന്താണ്?

ചരിത്രം പ്രധാനമായ ഒരു നോവലിന് വസ്​തുതകൾ/തെളിവുകൾ ആവശ്യമാണ്. ചരിത്രത്തെ വളച്ചൊടിച്ച് എഴുതാൻ കഴിയില്ല. എന്നാൽ, ഭാവനയും ആവശ്യമാണ്. ഇന്നു നോവലിൽ ചരിത്രത്തി​​​െൻറ പുനർവായനയാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇതുവരെ അടയാളപ്പെടാതെപോയ മനുഷ്യരും ചരിത്രവുമെല്ലാം ഉയർന്നുവരുന്നത്. ഞാനും അതുതന്നെയാണ് ചെയ്യുന്നത്. എ​​​െൻറ സമകാലികരായ പലരും ഇപ്പോൾ ചരിത്രത്തെയാണ് നോവലി​​​െൻറ പരിസരമായി തിരഞ്ഞെടുക്കുന്നത്.

സാധാരണ ഒരു ജീവിതകഥ പറയാൻ ഭാവന മതി. അതായിരുന്നു ഈ നോവൽ എഴുതാനിരുന്നപ്പോഴുണ്ടായ സംഘർഷം. ഒപ്പം തെളിവുകളുടെ കുറവ്. കേരളത്തിൽ നടന്ന പല സമരങ്ങളുടെയും രേഖകൾ നമുക്ക് ലഭ്യമല്ല. പുന്നപ്ര-വയലാർ സമരത്തിൽതന്നെ എത്രപേർ മരിച്ചിട്ടുണ്ടെന്ന് കൃത്യമായി അറിയില്ല. കെ.സി. ജോർജി​​​െൻറ പുസ്​തകത്തിൽ പറയുന്നത് 500 പേർ മരിച്ചെന്നാണ്. സർ സി.പി കൊടുത്ത റിപ്പോർട്ടിൽ 193 പേരും. റോബിൻ ജഫ്രി എഴുതുന്നത് രണ്ടായിരത്തോളം പേർ മരിച്ചെന്നാണ്.

മരിച്ചവരിൽ അധികവും കുടിയൊഴിക്കപ്പെട്ടവരും തൊഴിൽ തേടി ഇവിടേക്ക്​ വന്നവരുമൊക്കെയാണ്. ജീവിച്ചിരുന്നവരുടെ മൊഴികളാണ് ഏറ്റവും പ്രധാന േസ്രാതസ്സായി എനിക്കു തോന്നിയത്. സമരത്തിൽ പങ്കെടുത്ത പത്തോളം പേരെ ഞാൻ നേരിൽ കണ്ടു. വെടിയേറ്റതി​​​െൻറയും വിവിധ പരിക്കി​​​െൻറയും പാടുകൾ അവരുടെ ശരീരത്തിലുണ്ടായിരുന്നു. പലർക്കും തൊണ്ണൂറിന് മുകളിൽ പ്രായമായി. ഓർമകളൊക്കെ മാഞ്ഞുതുടങ്ങിയിരുന്നു. അവരോട് സംസാരിച്ചപ്പോൾ പഴയ ഓർമകളിലേക്ക്​ മടങ്ങാൻ ചിലർക്ക് കഴിഞ്ഞു.

കീഴാള സമൂഹങ്ങൾക്ക് നോവലിൽ പ്രധാന കർതൃത്വം നൽകുന്നുണ്ടല്ലോ?

തീർച്ചയായും. അത് വേണം. ചരിത്രം എപ്പോഴും വേട്ടക്കാരോട് ചേരുന്നു. പുന്നപ്ര വയലാറിലെ ഇരകൾ അവിടത്തെ അധഃസ്​ഥിത സമൂഹങ്ങളാണ്. അവരാണ് ജന്മിത്തത്തിനെതിരെ പോരാട്ടം നടത്തിയത്. അതുകൊണ്ട് അവരെക്കുറിച്ച് എഴുതാതിരിക്കാൻ കഴിയില്ല. മൂന്നുതരം കഥാപാത്രങ്ങളാണ് ഉഷ്ണരാശിയിലുള്ളത്. ഒന്നാമതായി ചരിത്രത്തിനൊപ്പം സഞ്ചരിച്ചവർ. ഇ.എം.എസ്, എ.കെ.ജി, കുന്തക്കാരൻ പത്രോസ്​ ​(കെ.വി. പത്രോസ്​), സർ സി.പി, പട്ടം താണുപിള്ള എന്നിവർ. സമരത്തിൽ പങ്കെടുത്തവരോട് സമാനതയുള്ള കഥാപാത്രങ്ങളാണ് രണ്ടാമത്തേത്. മൂന്നാമതുള്ളത് ഭാവനയിൽ മാത്രമുണ്ടായത്.

കൈത്തറ പാപ്പിയും കാളി ഭ്രാന്തിയുമൊക്കെ ചരിത്രത്തിൽ കാര്യമായി രേഖപ്പെടുത്താതെ പോയവരാണല്ലോ?

അതെ, ഇത്തരത്തിൽ കാര്യമായി എഴുതപ്പെടാത്തവരെ കൂടുതൽ പ്രാധാന്യമുള്ളവരാക്കി മാറ്റാനാണ് ഞാൻ ശ്രമിച്ചത്. കെ.സി. ജോർജി​​​െൻറ പുന്നപ്ര-വയലാർ എന്ന പുസ്​തകത്തിൽനിന്നാണ് കൈത്തറ പാപ്പിയെക്കുറിച്ച് ചെറിയൊരു വിവരം ലഭിക്കുന്നത്. തുലാം അഞ്ചിന് കൈത്തറ പാപ്പി എന്ന പതിനെട്ടുകാരിയെ പട്ടാളക്കാർ ക്യാമ്പിൽ പിടിച്ചുകൊണ്ടുപോയി മാനഭംഗം ചെയ്ത് തുലാം അഞ്ചിന് വിട്ടയച്ചു എന്നായിരുന്നു പുസ്​തകത്തിൽ എഴുതിയിട്ടുള്ളത്. എന്നാൽ, അവരെക്കുറിച്ച് മറ്റൊരു പുസ്​തകത്തിലും ഒരു രേഖപ്പെടുത്തലുമില്ല. അത്​ എന്നെ വല്ലാതെ വേദനിപ്പിച്ചു.

അതുപോലെയാണ് കാളി ഭ്രാന്തിയുടെ അനുഭവവും. കുട്ടിക്കാലത്ത്​ ഇവർ എന്നെ പേടിപ്പെടുത്തുന്ന ഒരു സ്​ത്രീയായിരുന്നു. എം.ടി. ചന്ദ്രസേന​​​​െൻറ പുന്നപ്ര വയലാർ ജ്വലിക്കുന്ന അധ്യായങ്ങൾ എന്ന പുസ്​തകത്തിലാണ് കാളിയെക്കുറിച്ച് ചെറിയ പരാമർശമെങ്കിലുമുള്ളത്. ഞാൻ നോവൽ എഴുതുന്നതിനുമുമ്പ് ചരിത്രത്തിൽനിന്ന് ഇത്തരത്തിൽ അപ്രത്യക്ഷമായവരെക്കുറിച്ചാണ് ആദ്യം അന്വേഷണം ആരംഭിച്ചത്. അതു തന്നെയാണ് ഈ നോവലി​​​െൻറ പ്രാധാന്യമെന്നു കരുതുന്നു. ഇത്തരം നിരവധി കഥാപാത്രങ്ങൾ നോവലിൽ കടന്നുവരുന്നുണ്ട്.

എഴുത്തുകാർക്കുനേരെ വലിയ ആക്രമണങ്ങളാണുണ്ടാകുന്നത്. പലരും കൊല്ലപ്പെടുന്നു. ചിലർക്ക് എഴുത്തു നിർത്തേണ്ടിവരുന്നു. ഇത്തരമൊരു സാഹചര്യത്തെ എങ്ങനെ പ്രതിരോധിക്കാൻ കഴിയും?

ഇത്തരം പ്രവണതകൾ വലിയ അപകടം സൃഷ്​ടിക്കും. ഇന്നാണെങ്കിൽ കുട്ടികൃഷ്ണമാരാർക്ക് രാമനെ വിമർശിച്ചും കുമാരനാശാന് സീതാകാവ്യവും എഴുതാൻ കഴിയുമായിരുന്നില്ല. ബാബരി മസ്​ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് 1998ൽ പുറത്തിറങ്ങിയ എ​​​െൻറ ഹേ രാമ എന്ന നോവലും പുറത്തിറക്കാൻ കഴിയുമെന്നും തോന്നുന്നില്ല. എഴുത്തുകാരന് സ്വതന്ത്രമായി സഞ്ചരിക്കാനും എഴുതാനും കഴിയുന്ന സാഹചര്യമുണ്ടാകണം.

ഏതെങ്കിലും കഥാപാത്രങ്ങളുടെ സാന്ദർഭിക സംഭാഷണങ്ങളെ മാത്രം അടർത്തിയെടുത്ത് കൃതികൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ വളർന്നുവരുന്ന അസഹിഷ്ണുത സാഹിത്യത്തിൽ ഉണ്ടാകേണ്ട മഹത്തായ കൃതികളെ ഇല്ലാതാക്കാനേ ഉപകരിക്കൂ.

എല്ലാത്തരം അടിച്ചമർത്തലുകളെയും പ്രതിരോധിക്കേണ്ടതാണ്. അത് ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നുള്ളതായാലും മത വർഗീയ വാദികളുടെ നീക്കങ്ങളിലൂടെയാണെങ്കിലും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.