നമ്മുടെ തെറ്റുകൾ പൊറുക്കുന്ന ദൈവത്തേയാണ് എനിക്കിഷ്ടം

പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ: ഖദീജ മുംതാസ് തന്‍െറ സാഹിത്യ ജീവിതം ആരംഭിച്ചത് ‘ആത്മതീര്‍ഥങ്ങളില്‍  മുങ്ങി  നിവര്‍ന്ന് ’ എന്ന നോവല്‍ എഴുതിക്കൊണ്ടാണ്. തുടര്‍ന്ന് പ്രസിദ്ധീകരിച്ച ‘ബര്‍സ’ എന്ന നോവല്‍ 2010ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മെഡിക്കല്‍ പാശ്ചാത്തലത്തില്‍ എഴുതിയ നോവല്‍ ‘ആതുരം’, ഒൗദ്യോഗിക ജീവിതത്തിലെ  ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ ‘ഡോക്ടര്‍ ദൈവമല്ല’ എന്നിവയാണ് പ്രധാന കൃതികള്‍. ഡോക്ടര്‍ തന്‍െറ  എഴുത്തു ജീവിതത്തെക്കുറിച്ചും വിശ്വാസ നിലപാടുകളെക്കുറിച്ചും സംസാരിക്കുന്നു....

എഴുത്തുകാരി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത് ഈ അടുത്തകാലത്താണല്ലോ എന്തു കൊണ്ടാണ് എഴുത്തിലേക്ക് വരാന്‍ ഇത്ര വൈകിയത്?
ചെറുപ്പം മുതൽ എഴുതിയിരുന്നു. കോളേജ് മാഗസിനുകളില്‍ എഴുതി. പിന്നീട് മെഡിക്കല്‍ കോളേജില്‍ ചേർന്നപ്പോൾ എഴുതാന്‍ സമയം കിട്ടിയില്ല
കുറേകാലം കഴിഞ്ഞ് ജീവിതത്തിലുണ്ടായ ഒരു സംഭവമാണ് എഴുത്തിലേക്ക് എത്തിച്ചത്. അതായത് മകന്‍റെ തൂലികാ സുഹൃത്തായി ഒരു ചെറുപ്പക്കാരന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്നു. പിന്നീട് ഒരു ദുരൂഹ സാഹചര്യത്തില്‍ അവന്‍ ഞങ്ങളുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ആ സംഭവം എന്‍റെ മനസ്സിലുണ്ടാക്കിയ വേദന വേണമെങ്കില്‍ എനിക്ക് മറ്റൊരാളോട് പറയാം. അയാള്‍ അത് നിസാരമായി കണ്ടേക്കാം. മറ്റൊരാളോട് ‘പറയുമ്പോള്‍’ അയാളുമായുണ്ടായിരുന്ന ആത്മബന്ധത്തിന്‍റെ ആഴം നഷ്ടപ്പെട്ടേക്കാമെന്ന് എനിക്ക് തോന്നി. അതിനാല്‍ എന്നത്തെന്നെ വിശകലനം ചെയ്ത് കൊണ്ട് ഒരു ഡയറിക്കുറിപ്പ് എഴുതി വെച്ചു. അത് മറ്റൊരാളെ കാണിച്ചപ്പോള്‍ നല്ല അഭിപ്രായം പറഞ്ഞു. നോവലാക്കാന്‍ നിര്‍ദേശിച്ചു. അതാണ് ‘ആത്മതീര്‍ഥങ്ങളില്‍ മുങ്ങി നിവര്‍ന്ന്’ എന്ന നോവല്‍.

എഴുതിത്തുടങ്ങിയപ്പോള്‍ നേരിട്ട വെല്ലുവിളികള്‍ എന്തൊക്കെയാണ്?
ഞാന്‍ പറഞ്ഞല്ലോ, ഞാന്‍ ഒരു എഴുത്തുകാരിയാകണമെന്ന് കരുതി എഴുതിത്തുടങ്ങിയ ആളല്ല. യാദൃശ്ചികമായി വന്ന് പെട്ടതാണ്. ഭര്‍ത്താവിന് എഴുത്തിലേക്ക് വരുന്നതില്‍ താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് ആ ഭാഗത്ത് നിന്ന് യാതൊരു സഹകരണവുമുണ്ടായിരുന്നില്ല. പിന്നെ ഏതൊരു സൃഷ്ടിയുടെ പന്നിലും ചില കഷ്ടപ്പാടുകള്‍ ഉണ്ടാകുമല്ലോ? അതൊക്കത്തെന്നെയേ എനിക്കും നേരിടേണ്ടി വന്നിട്ടുള്ളൂ.

ബര്‍സ പുറത്തിറങ്ങിയതിനുശേഷം കേട്ട വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?
വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. കാരണം അങ്ങനത്തെ ഒരു വിഷയമായിരുന്നല്ലോ ബര്‍സ. അതില്‍ അത്ഭുതം തോന്നിയില്ല. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും കുറവായിരുന്നു വിമര്‍ശനങ്ങള്‍.

ബര്‍സ, ആതുരം എന്നീ നോവലുകളില്‍ നോവലിസ്റ്റിന്‍റെ ആത്മാംശം അടങ്ങിയിട്ടുണ്ട്. എങ്ങനെയൊക്കെയാണ് അവ താങ്കളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ഞാന്‍ ഏഴുവര്‍ഷം സൗദി അറേബ്യയില്‍ താമസിച്ചിട്ടുണ്ട്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയാണ് എന്നതിനെക്കുറിച്ച് ഒരു വിശ്വാസി എന്ന നിലയിലുളള അന്യേഷണമായിരുന്നു ബര്‍സ എന്ന നോവല്‍. ഞാന്‍ കാണുന്ന ബന്ധം വേറൊരു തലത്തിലാണ്. ശിക്ഷിക്കുന്ന ദൈവവും നിരീക്ഷിക്കപ്പെടുന്ന സൃഷ്ടിയുമില്ല. ചെറുപ്പം മുതലേ ഉളള ഒരു സംഘര്‍ഷമായിരുന്നു ശിക്ഷിക്കാന്‍ മാത്രം ഉളള ആളാണോ ദൈവം എന്നത്. മക്കയില്‍ പോയപ്പോള്‍ അത് കൂടി. ഇങ്ങനെയല്ലല്ലോ വേണ്ടത്, എങ്ങനെ ഇങ്ങനെയായി, ഇങ്ങനെതന്നെയാണോ യഥാര്‍ത്ഥ മതത്തില്‍ പറഞ്ഞിട്ടുള്ളത്, ഇങ്ങനെയൊക്കെയുളള ഒരു അന്വേഷണമായിരുന്നു അത്. ബര്‍സയിലെ നായിക ഒരു പുതു മുസ്ളിം ആണ്. അവള്‍ നിഷ്കളങ്കയാണ്, അവള്‍ക്ക് മുന്‍വിധികളില്ലാതെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റും. മതത്തിലുള്ളവര്‍ അതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥരാണ്. 
ആതുരം എന്ന നോവല്‍ ഞാന്‍ മെഡിക്കല്‍ കോളേജില്‍ പഠിച്ച കാലവും പഠിപ്പിച്ചിരുന്ന കാലവുമാണ്. രണ്ട് തലമുറയിലുളള കഥാപാത്രങ്ങളിലൂടെ അനാവരണം ചെയ്യുന്ന പ്രമേയം.

താങ്കളുടെ സൃഷ്ടികളിലെ ക്രാഫ്റ്റിന് ചില പരിമിതികള്‍ ഉണ്ട് എന്ന വിമര്‍ശനത്തെക്കുറിച്ച് എന്ത് പറയുന്നു?
എന്‍റെ സൃഷ്ടികള്‍ എല്ലാം തികഞ്ഞതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ എല്ലാം തികഞ്ഞതായിട്ട് എത് സൃഷ്ടിയാണ് ഉളളത്? ഓരോരുത്തരുടെയും എഴുത്ത് രീതി വ്യത്യസ്തമാണ്.

ഇസ്ളാം മതത്തില്‍ ജനിച്ചതില്‍ എന്തെങ്കിലും അഭിമാനക്കുറവ് തോന്നിയിട്ടുണ്ടോ? അല്ലെങ്കില്‍ വേറൊരു മതത്തിലായിരുന്നെങ്കില്‍ കുറച്ചു കൂടി ആത്മാഭിമാനത്തോടെ ജീവിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
ഒരു മതത്തില്‍ ജനിച്ചു എന്ന് കരുതി ആ മതത്തില്‍ തന്നെ നില്‍കണമെന്നില്ലല്ലോ, മനസ് കൊണ്ടെങ്കിലും വേറെ പോകാമല്ലോ. വേറൊരു മതത്തിലേക്ക് ഞാന്‍ പോകും എന്നല്ല പറഞ്ഞുവരുന്നത്. ഒരു മതവും പൂര്‍ണമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു മതത്തിനും കര്‍ശനമായ ചട്ടക്കൂട് ഇല്ലല്ലോ. എന്‍റെ മനസ് മതത്തിന്‍റെ അതിർത്തികളെ മാനിക്കുന്നില്ല. അത് എല്ലാം തട്ടിത്തെറിപ്പിക്കുന്നു. 

സൂഫിസത്തില്‍ താല്‍പര്യമുണ്ടോ? എങ്ങനെ കാണുന്നു സൂഫിസത്തെ?
വിശ്വാസിയും ദൈവവും തമ്മിലുളള ബന്ധത്തിന് സൂഫിസത്തില്‍ വേറെ മാനങ്ങളാണ് ഉളളത്. വടിപിടിച്ച് കൊണ്ട് സൃഷ്ടികളെ നിരീക്ഷിക്കുന്ന ദൈവമല്ല. നമ്മെ മനസ്സിലാക്കുന്ന, നമ്മുടെ തെറ്റുകള്‍ പൊറുക്കുന്ന, നമ്മുടെ കുറവുകളും പോരായ്മകളും അറിയുന്ന ദൈവം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള പ്രണയം, ആ ഒരു സങ്കല്പം വളരെ ആകര്‍ഷകമായി തോന്നി.

ആതുര ശുശ്രൂഷക, അധ്യാപിക, സാംസ്കാരിക പ്രവര്‍ത്തക, എഴുത്തുകാരി ഈ റോളെല്ലാം എങ്ങനെ ഒരുമിച്ച് കൊണ്ട് പോകുന്നു?
അതൊക്കെ സമാന്തരമായി പോകുന്നു. ഓരോന്നിനും പ്രത്യേക കളളികള്‍ നിശ്ചയിച്ചിട്ടില്ല. പ്രത്യേക സമയവും നിശ്ചയിച്ചിട്ടില്ല.

സമൂഹത്തില്‍ സത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവസരങ്ങളുണ്ട്, ഏകദേശം എല്ലാ രംഗത്തും ആണും പെണ്ണും തുല്യമായ നിലയിലാണ്. പക്ഷേ സത്രീകളോടുളള പുരുഷന്‍റെ മനോഭാവത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് എന്‍റെ അനുഭവം. എങ്ങനെ പ്രതികരിക്കുന്നു?
നൂറ്റാണ്ടുകളായി നിലനിന്ന് പോരുന്ന പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ഉത്പന്നമാണ് ഈ മനോഭാവം. സ്ത്രീകളുടെ മനസ്സിലും പുരുഷ വിധേയത്വത്തോടുള്ള അടിമ മനോഭാവം നിലനല്‍ക്കുന്നു. അത് സ്ത്രീയുടെ മനസ്സില്‍ നിലനില്‍കുന്നിടത്തോളം കാലം പുരുഷന്‍റ  ചിന്താഗതി മാറുകയില്ല. വിദ്യാഭ്യാസം നമ്മളെ ശാക്തീകരിക്കുന്നില്ല എന്നതാണ് സത്യം. വിദ്യാഭ്യാസം തൊഴിലാളികളെ സൃഷ്ടിക്കാനുളള പരിശീലനം മാത്രമായി മാറിയതിന്‍റെ പ്രസ്നമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.